കൊച്ചി: ശ്രീകൃഷ്ണ കഥാമൃതം പകര്‍ന്ന് തലമുറകളിലെ കലാകാരികള്‍ നങ്ങ്യാര്‍കൂത്ത് മഹോത്സവം ധന്യമാക്കി. മൂഴിക്കുളം നേപഥ്യയില്‍ കൊച്ചുകുട്ടന് ചാക്യാര്‍ അനുസ്മരണത്തോടനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടുനിന്ന നങ്ങ്യാര്‍കൂത്ത് മഹോത്സവം അരങ്ങേറിയത്.
നേപഥ്യയിലെ വിദ്യാര്‍ത്ഥിനിയായ അഞ്ജനയുടെ ശ്രീകൃഷ്ണചരിതത്തിലെ ആദ്യഭാഗമായ ഉഗ്രസേനന്റെ നായാട്ടോടെയാണ് നങ്ങ്യാര്‍കൂത്ത് ഉത്സവം ആരംഭിച്ചത്. നായാട്ടിനായി പുറപ്പെടുന്ന സൈനികരുടെ വനത്തില്‍ ചെന്നുള്ള നായാട്ടായിരുന്നു അഭിനയവിഷയം. രണ്ടാം ദിവസം കലാമണ്ഡലം സംഗീത ‘ഉഗ്രസേനബന്ധനം’ അവതരിപ്പിച്ചു. കംസന് ജരാസന്ധനില്നിന്ന് സഹായം നേടി ഉഗ്രസേനനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കാരാഗൃഹത്തിലടക്കുന്നതായിരുന്നു അഭിനയിച്ചത്. ‘കൃഷ്ണാവതാരം’ അഭിനയിച്ച നിത്യനങ്ങ്യാര് ദേവകിയുടെ ഗര്‍ഭത്തില്‍ വിഷ്ണു അവതരിക്കുന്നത് മുതല്‍ വസുദേവര്‍ ഗോകുലത്തില്‍ ചെന്ന് കുട്ടിയെ മാറ്റിയെടുത്ത് കൊണ്ടുവരുന്നതുവരെ അവതരിപ്പിച്ചു. പിറ്റേന്ന് സരിതാകൃഷ്ണകുമാര്‍ പൂതനാമോക്ഷത്തില്‍ അമ്പാടിവര്ണ്ണനയും ഓരോ കുട്ടികളെയായി നിഗ്രഹിച്ച് കൃഷ്ണനെ മുലകൊടുത്ത് കൊല്ലാന്‍ ശ്രമിക്കവേ കൃഷ്ണനാല്‍ കൊല്ലപ്പെടുന്നതും അഭിനയിച്ചു. അഞ്ചാം ദിവസം ഡോ.ഇന്ദു ജി. നീളാപരിണയം അവതരിപ്പിച്ചു. കൃഷ്ണന് ബകാസുരനെയും കാളകളായി വന്ന കാലനേമിയുടെ പുത്രന്മാരെയും നിഗ്രഹിക്കുന്നതും നീളയെ വിവാഹം ചെയ്യുന്നതും ആയിരുന്നു അന്നത്തെ വിസ്താരം. ആറാംദിവസം കപിലാ വേണു കാളിയമര്‍ദ്ദനം അവതരിപ്പിച്ചു. വൃന്ദാവനത്തില്‍ കാലിമേച്ചുകൊണ്ടിരുന്ന കൃഷ്ണന് ഗോക്കള്‍ വെള്ളംകുടിച്ച് മരിക്കുന്നത് കണ്ട് യമുനയിലിറങ്ങുന്നതും കാളിയാണ് കാരണമെന്നറിയിച്ച് ഫണത്തില്‍ കയറി നൃത്തംചെയ്ത് കാളിയന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്നതും ആയിരുന്നു അഭിനയത്തിന്റെ ഉള്ളക്കം. 7-ാംദിവസം കലാമണ്ഡലം ഗിരിജ ഗോവര്‍ധനോദ്ധാരണം അവതരിപ്പിച്ചു. ഗോപന്മാര് ഗോവര്‍ധനം പര്‍വതത്തിന് യാഗം ചെയ്യുന്നതുകണ്ട് കുപിതനായ ഇന്ദ്രന് ശക്തിയായി മഴ പെയ്യിക്കുന്നതും കൃഷ്ണന് ഗോവര്‍ധനത്തെ കുടയാക്കി പിടിച്ച് ഗോപന്മാരെ രക്ഷിക്കുന്നതുമായിരുന്നു ഉള്ളടക്കം. 8-ാംദിവസം ഉഷാനങ്ങ്യാര്‍ അക്രൂരാഗമനം അഭിനയിച്ചു. കൃഷ്ണനെ മധുരയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അക്രൂരന് അമ്പാടിയിലേക്ക് പോകുംവഴി വിഷ്ണുവിന്റെ അവതാരങ്ങളെ സ്മരിച്ചുകൊണ്ട് നരസിംഹാവതാരവും കൂര്‍മാവതാരവും വിസ്തരിച്ചിഭിനയിച്ചു. 9-ാം ദിവസം കലാമണ്ഡലം സിന്ധു കംസവധം അവതരിപ്പിച്ചു. മധുരയിലെ ജനങ്ങള്‍ കൃഷ്ണനെ കണ്ട് ഓരോരോ രസത്തോടുകൂടി വര്‍ത്തിക്കുന്നതും മല്ലന്മാരെയും കംസനെയും നിഗ്രഹിച്ച് ദേവകീവസുദേവന്മാരെ മോചിപ്പിക്കുന്നതുമാണ് വിസ്തരിച്ചത്.
നാല് തലമുറയില്‍പ്പെട്ട കലാകാരികള്‍ പങ്കെടുത്ത നങ്ങ്യാര്‍കൂത്ത് പരമ്പരയില്‍ കലാമണ്ഡലം വി.കെ.കെ. ഹരിഹരന്, കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രതീഷ്ദാസ്, കലാമണ്ഡലം മണികണ്ഠന്, നേപഥ്യ ജിനേഷ്, നേപഥ്യ അശ്വിന് എന്നിവര്‍ മിഴാവിലും കലാനിലയം രാജന് ഇടയ്ക്കയിലും പശ്ചാത്തലമേളമൊരുക്കി.
കൃഷ്ണകഥകളുടെ തുടര്‍ച്ചയെ ഒന്പത്ദിവസത്തെ ക്രമാനുഗതമായ വളര്‍ച്ചയായി രൂപകല്‍പ്പന ചെയ്ത നങ്ങ്യാര്‍കൂത്ത് മഹോത്സവം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. 217 ശ്ലോകങ്ങളിലായി പടര്‍ന്നുകിടക്കുന്ന കല്പലതികയുടെ നിര്‍വഹണം (പൂര്വകഥാമൃതം) ആണ് ശ്രീകൃഷ്ണചരിതം. അതിലെ പ്രധാന അഭിനയമുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടാത്തവിധം തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ആസ്വാദക മനസില്‍ പതിയുംവിധം ഓരോ ദിവസവും അഭിനയത്തിന്റെ ശ്രദ്ധയും സൂക്ഷ്മതയും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കലാകാരികളും മികവ്പുലര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: