പെരുമ്പാവൂര്‍: നഗരസഭയില്‍ വല്ലം പ്രദേശത്ത് പെരിയാര്‍ പുഴക്ക് കരയില്‍ താമസിച്ചു വരുന്നവരും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. ഈ ബുദ്ധിമുട്ട് കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി തുടരുന്നതാണെങ്കിലും ഇതുവരെയും ഇതിന് ശാശ്വത പരിഹാരമായിട്ടില്ല എന്ന് പരിസരവാസികള്‍ പറയുന്നു. ഈ പ്രദേശത്ത് വല്ലം പമ്പ് ഹൗസിനോട് ചേര്‍ന്ന് ഇപ്പോഴും അനധികൃത മണല്‍ വാരല്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് പുഴ ആറടിയിലധികം താഴ്ന്ന് പോയതായും നാട്ടുകാര്‍ പറയുന്നു. പുഴയിലുണ്ടായിരുന്ന പാതാളം ബണ്ട് തകര്‍ന്നതും പുഴയിലെ ജലനിരപ്പ് താഴുവാന്‍ കാരണമായെന്നും ഇതിനാല്‍ പരിസരത്തെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതായും ഇവര്‍ പറയുന്നു.
എന്നാല്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ പ്രവര്‍ത്തനകാലത്ത് ഈ പ്രദേശത്ത് മണ്ണില്‍ അടിഞ്ഞ് കൂടിയിരുന്ന രാസപദാര്‍ത്ഥങ്ങള്‍ മാലിന്യമായി കിണര്‍ വെള്ളത്തില്‍ കലര്ന്നതിനാല് മിക്ക കിണറുകളും ഉപയോഗശൂന്യമായിരിക്കുകയാണ്. വാട്ടര്‍ അതോറിട്ടി നല്‍കിവരുന്ന കുടിവെള്ളം മാലിന്യകൂമ്പാരമാണെന്നും പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നതിനാല്‍ പല സമയത്തും അഴുക്കുവെള്ളമാണ് ലഭിക്കുന്നതെന്നും പറയുന്ന.ു വാട്ടര്‍ അതോറിറ്റിയിലെ വാല്‍വ് തകരാറും ജലലഭ്യതയ്ക്ക് തടസ്സമാകുന്നു.
ഇതിനെല്ലാമെതിരെ നാട്ടുകാര്‍ പലതവണ പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകനായ എം.ബി.ഹംസ പറയുന്നു. ഇതിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിക്ക് അദ്ദേഹം പരാതി നല്‍കിയിരിക്കുകയാണ്. നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ മാത്രം ഈ പ്രദേശത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന തല നേതാക്കള്‍ അടക്കമുള്ളവര്‍ കൂടെച്ചേരുമെന്നും അല്ലാത്തപ്പോള്‍ ഇവര്‍ മുഖം തിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: