പള്ളുരുത്തി: എണ്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള കൊച്ചിയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തോപ്പുംപടി ഹാര്‍ബര്‍ പാലം ബുധനാഴ്ച അടച്ചുപൂട്ടും. കൊച്ചി നഗരവും പശ്ചിമ കൊച്ചിയുമായി ബന്ധപ്പെടുത്തുന്ന പാലം സര് റോബര്‍ട്ട് ബ്രിസ്റ്റോയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹാര്‍ബര്‍ പാലത്തിന് ബലക്ഷയം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് സമാന്തരമായി ബിഒടി പാലം നിര്‍മ്മിച്ചത്. ബിഒടി പാലം തുറന്നപ്പോള്‍ ഹാര്‍ബര്‍ പാലത്തിലൂടെ മുച്ചക്രവാഹനങ്ങളെ മാത്രം കടത്തിവിടാന്‍ തുടങ്ങി. പിന്നീട് വീണ്ടും പൊതുമരാമത്ത് വകുപ്പ് പാലം അപകടത്തിലാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഇതേത്തുടര്‍ന്ന് പാലം അപകടത്തിലാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു. പാലത്തിന്റെ തൂണുകളും ഗര്ഡിലുകളും തുരുമ്പെടുത്ത് ജീര്‍ണിച്ച അവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പാലത്തിലൂടെ നിലവില്‍ ഇരുചക്ര യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. പാലത്തിലൂടെ ഒരാളെപ്പോലും കടത്തിവിട്ട് പരീക്ഷണത്തിന് മുതിരരുതെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ പുനര്‍നിര്‍മാണത്തിനായി ഒന്നരക്കോടി രൂപ ആവശ്യമാണെന്നിരിക്കെ ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ആദ്യകാലത്ത് കപ്പലുകള്‍ പാലത്തിന് അടിയിലൂടെ പോകുമ്പോള്‍ മധ്യഭാഗം ഉയര്‍ന്നുപൊങ്ങുന്നത് കൗതുകക്കാഴ്ചയായിരുന്നു. ഇത് വീക്ഷിക്കുവാന്‍ ദൂരെ ദേശത്തുനിന്നുപോലും ആളുകള്‍ എത്തിയിരുന്നു. ഹാര്‍ബര്‍ പാലം അടച്ചുപൂട്ടുന്നതോടെ ഒരു പ്രദേശത്തിന്റെ ചരിത്രം തന്നെയാണ് ഇല്ലാതാവുന്നത്. പ്രദേശത്തെ വിവിധ സംഘടനകള്‍ പാലം സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ത്തി രംഗത്തുവന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: