സാധാരണഗതിയില്‍ ഒരു മനുഷ്യനില്‍ ശക്തിധാരകള്‍ സുഷുപ്തിയിലായിരിക്കും. പ്രത്യേകമായ സാധനാമാര്‍ഗ്ഗങ്ങളിലൂടെ അല്ലെങ്കില്‍ ജീവിതരീതികളിലൂടെ അവയെ ഉണര്‍ത്താന്‍ കഴിയും. ഹഠയോഗശാസ്ത്രം പഠിച്ചാല്‍ അതിനുള്ള പല വിദ്യകളും ആചാര്യന്മാര് നിര്‍ദ്ദേശിച്ചിട്ടുള്ളതായി കാണാം. പക്ഷേ ആ ശക്തികള്‍ ഏതെങ്കിലും ഉണരുമ്പോള്‍ അതിനെ താങ്ങാനുള്ള ശക്തിയും പക്വതയും നമുക്ക് ഇല്ലെങ്കില്‍ അത് നമുക്ക് ഗുണത്തേക്കാള്‍ അധികം ദോഷം വരുത്തിവയ്ക്കും. സംസ്കരണം എന്ന പ്രക്രിയ കഴിഞ്ഞതിനുശേഷം മാത്രമേ ഈ ശക്തികളെ ഉണര്‍ത്താനുള്ള സാധനകള്‍ പരിശീലിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉദ്ദീപനം ചെയ്യപ്പെട്ട ശക്തികള്‍ ശരീരമനസ്സുകളിലെ തമോപ്രകൃതിയുമായി ചേര്‍ന്ന് നമ്മെ വഴി പിഴപ്പിക്കും. സാധനയില്‍ കുറച്ച് പുരോഗതി നേടുന്ന പലരിലും കാണുന്ന വൈകല്യങ്ങള്‍ക്ക് കാരണം ഇതാണ്. അമിതമായ കാലാസക്തി, വിദ്വേഷബുദ്ധി, പക, മദ്യത്തിലും മാംസത്തിലും ഉള്ള അഹങ്കാരം എന്നിവയെല്ലാം അപക്വമായവരില് ഉദ്ദീപിക്കപ്പെട്ട ശക്തികള്‍ ഉണ്ടാക്കിത്തീര്‍ക്കാം. അതിനാല്‍ മലിനമായ ശരീര പ്രാണ മനസ്സുകള്‍ ഉള്ളവരില്‍ ശക്തികളെ ഉദ്ദീപനം ചെയ്യാന്‍ പാടില്ല.
സുഷുപ്തിയില്‍ കിടക്കുന്ന ഈ ശക്തിധാരകളെ ഉണര്‍ത്തുന്നത് എന്തിനുവേണ്ടിയാണെന്ന് നാം മനസ്സിലാക്കണം. ജീവിതത്തിലെ നിത്യനൈമിത്തിക കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ശക്തികേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നമ്മില്‍ പ്രവര്‍ത്തനക്ഷമമായി നില്‍ക്കുന്നത്. ശ്വസനം, ദഹനം, വിസര്‍ജ്ജനം, പ്രത്യൂല്പാദനം, ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുതലായവയാണ് അവ. ഇപ്പോള്‍ നാം പൂര്‍ണ്ണമായ ദിവ്യത്വത്തെ സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ്. ഈ യാത്രയില്‍ ജീവനെ സത്യത്തോട് അടുപ്പിക്കാന്‍ ജീവനുമായി ബന്ധപ്പെട്ട് നില്ക്കുന്ന ശക്തിസ്പന്ദനങ്ങളുടെ സഹായം ആവശ്യമാണ്. മനുഷ്യനിര്‍മ്മിതങ്ങളായ ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് നിക്ഷേപിക്കുന്നത് ഇന്ധനം നിറച്ച റോക്കറ്റുകള്‍ മുഖേനയാണല്ലോ. അതുപോലെ ജീവനെ ഊര്ദ്ധ്വാമണ്ഡലങ്ങളിലേക്ക് നയിക്കാന്‍ ഈ ശക്തി സ്പന്ദനങ്ങളുടെ സഹായം ആവശ്യമായി വരുന്നു.
ശാശ്വതമായ സുഖവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജീവന് നമ്മുടെ പ്രാണശക്തി പ്രവഹിക്കുന്ന ഓരോ മാര്‍ഗങ്ങളിലൂടെ അതിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവശക്തി ഇപ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ മാത്രമാണ് പ്രകടമാകുന്നത്. ആ വാതിലുകളിലൂടെയെല്ലാം ജീവന് തലനീട്ടി നോക്കുന്നു. പക്ഷേ, താന്‍ അന്വേഷിക്കുന്ന പരമാവസ്ഥ എവിടെയും പ്രാപ്യമാവാതെ ജീവന് നിരാശനായി കഴിയുകയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുന്ന പ്രാണശക്തിക്ക് ജീവനെ ഈശ്വരീയതലങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ഇന്ദ്രിയങ്ങളിലൂടെ പ്രകടമാകുന്ന ഈ പ്രാണശക്തിയെയാണ് അധോമുഖപ്രാണന് എന്നു വിളിക്കുന്നത്. അധോമുഖപ്രാണനെ ആശ്രയിച്ച ജീവന് ബന്ധനത്തിലും നരകയാതനകളിലും തള്ളപ്പെട്ട് കഴിയുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമപ്പെട്ട ജീവന് കര്മദുരിതങ്ങളെ ഏറ്റുവാങ്ങി ജനിച്ചും മരിച്ചും ചുറ്റിക്കറങ്ങുന്നു.
താഴോട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രാണന്റെ ഗതി മാറ്റി അതിനെ ഊര്ദ്ധ്വാമുഖമാക്കി തീര്‍ക്കുന്നതോടെ ദൈവീകതലങ്ങളിലേക്ക് നമ്മുടെ ജീവന് ഉയരാനുള്ള വഴി തുറന്നുകാട്ടുന്നു. ഊര്ദ്ധപ്രാണനെ ആശ്രയിച്ച ജീവന് സദ്ഗതിയും അധോമുഖപ്രാണനെ ആശ്രയിച്ച ജീവന് അധോഗതിയും കരഗതമാകുന്നു.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: