അനന്തമായ കഴിവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ജീവിതം ഒരു പുനര്ജ്ജന്മത്തിന് വഴിയൊരുക്കാന്‍ വേണ്ടി ചെലവഴിക്കാനാണ് മനുഷ്യന്റെ വാസന. ജനനം മരണത്തിനുവേണ്ടി! മരണം മറ്റൊരു ജനനത്തിനുവേണ്ടിയും! ഇതാണിന്നത്തെ സ്ഥിതി. ഇങ്ങനെ ജനനമരണങ്ങളുടെ നുകത്തിന് കീഴില്‍ തലവച്ചുകൊടുക്കുന്നത് ബുദ്ധിയാണോ? തന്റെ ഉള്ളിലുള്ള ആത്മതത്ത്വത്തെ അറിയാന്‍ ശ്രമിക്കുന്നവനു മാത്രമേ യഥാര്‍ത്ഥ ബുദ്ധിമാനെന്ന് വിളിക്കാനാവൂ.
ധര്‍മ്മത്തിന്റെ ബലിഷ്ഠമായ അടിത്തറയിലാണ് നാം ആദ്ധ്യാത്മിക ജീവിതം പടുത്തുയര്‍ത്തേണ്ടത്. ഒരു പ്രത്യേക കാലത്തിലോ അവസ്ഥയിലോ മാത്രം അനുഷ്ഠിക്കേണ്ട ഒന്നല്ല ധര്‍മ്മം. ധര്മ്മത്തിനാധാരം സത്യമാണ്. “സത്യാന്നാസ്തിപരോ ധര്‍മ്മ” എന്നാണല്ലോ ചൊല്ല്. സുഖദുഃഖങ്ങളില്‍ ഉലയാതിരിക്കണമെങ്കില് സമചിത്തതയും സമദര്‍ശിത്വവും ധര്‍മ്മത്തിന്റെ രണ്ടുമുഖങ്ങളാണ്. ഇളകാത്ത മനസ്സും പതറാത്ത ചിന്തയും ഉള്ളവനുമാത്രമേ ധര്മ്മിഷ്ഠനാവാന് കഴിയൂ.
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രണവിധേയമാക്കി നേരായ വഴികളിലൂടെ തിരിച്ചുവിടാനുള്ള അഭ്യാസമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. നിയന്ത്രണവിധേയമല്ലാത്ത ഇന്ദ്രിയങ്ങള്‍ വികാരവിക്ഷോഭത്തിലേക്ക് നയിച്ച് മനുഷ്യ ജീവിതം കളങ്കപങ്കിലമാക്കുന്നു.
ദിവ്യത്വത്തിന്റെ ശക്തി ചൈതന്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഉടല് പെരുവഴിയിലെ പൂഴിപോലെ നിസ്സാരമത്രേ. ദിവ്യത്വം ആവോളം നിറച്ച് അന്തരംഗം പവിത്രമാക്കുക. അങ്ങനെ അഭീഷ്ടാനുസരണം ഈ മനുഷ്യരൂപത്തെ മഹനീയമാക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ശൂന്യഭാജനം പോലെ നിഷ്പ്രയോജനമായിപ്പോവും ഈ മാംസാവരണം. എല്ലാ സൃഷ്ടിയിലും ദിവ്യത്വം ലയിച്ചു കിടപ്പുണ്ട്. പുണ്യകര്‍മ്മങ്ങളിലൂടെ അതിനെ വികസിപ്പിക്കയാവട്ടെ നമ്മുടെ ജീവിത ലക്ഷ്യം.
സ്വാതന്ത്ര്യം ജീവിത പുരോഗതിക്ക് അത്യാവശ്യമാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സുഖമനുഭവിക്കാനാഗ്രഹിക്കും മുന്‍പ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞിരിക്കണം. വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്ന വിജ്ഞാനവും സല്‍സ്വഭാവവുമാണ് എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് നമ്മെ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നത്.
ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: