മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. രാവിലെ 55.82 എന്ന നിലയില്‍ മൂല്യത്തകര്‍ച്ചയോടെ ആരംഭിച്ച രൂപയുടെ വിനിമയ നിരക്ക് ഉച്ചകഴിഞ്ഞതോടെ 56.16 എന്ന നിരക്കില്‍ എത്തി. ഇന്നലെ ഡോളറിന് 55.39 രൂപ എന്ന നിലയില്‍ എത്തിയിരുന്നു.
തുടര്‍ച്ചയായ ആറാം വ്യാപാര ദിനമാണ് രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നത്. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും ആഗോള സമ്പദ് മേഖലയിലെ അസ്ഥിരതയുമാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണം. ഇറക്കുമതി സ്ഥാപനങ്ങളും പൊതുമേഖലാ എണ്ണ കമ്പനികളും ഡോളര്‍ വാങ്ങാന്‍ രംഗത്തെത്തിയതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടിയിട്ടുണ്ട്.
രൂപയ്‌ക്ക് പിന്തുണയേകാന്‍ അവധി വിപണിയിലെ ബാങ്കുകളുടെ പൊസിഷന്‍ ലിമിറ്റ് പത്തുകോടി ഡോളറായി റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. എന്നാല്‍ ആര്‍.ബി.ഐയുടെ വിപണി ഇടപെടലുകള്‍ക്കും രൂപയുടെ മൂല്യയിടിവ് പിടിച്ചു നിറുത്താനാകുന്നില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. റിസര്‍വ് ബാങ്ക് ഇടപെട്ടതോടെ ബാങ്കുകള്‍ 55.76 രൂപ എന്ന നിരക്കിലാണ് ഡോളര്‍ വില്‍ക്കുന്നത്.
അതേസമയം, ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. രാവിലെ 70 പോയിന്റ് നഷ്‌ടത്തില്‍ 15,956 എന്ന നിലയിലെത്തി സെന്‍സെക്‌സ്. നിഫ്‌റ്റി 23 പോയിന്റ് താഴ്‌ന്ന് 4,837 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഐ.ടി കമ്പനികള്‍ രണ്ടു ദിവസമായി തകര്‍ച്ചയിലാണ്. വിപ്രോ (0.73%), എച്ച്‌സിഎല്‍ ടെക് (0.67%), ഇന്‍ഫോസീസ് (0.55%), ടിസിഎസ് (0.21%) എന്നീ കമ്പനികളാണ് തകര്‍ച്ച നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: