മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികളുടെ മറവില്‍ ശമ്പളവിതരണത്തില്‍ തിരിമറി നടക്കുന്നതായി ആരോപണം. നഗരസഭ താല്‍ക്കാലിക കണ്ടിജന്റ് ജീവനക്കാര്‍ (സിഎല്‍ആര്‍)ക്ക് നല്കുന്ന ശമ്പളത്തില്‍ കുറവ് നല്കി ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നതെന്ന് കൊച്ചിന് സിറ്റി കോര്പ്പറേഷന് വര്‍ക്കേഴ്സ് യൂണിയന് ആരോപിച്ചു. വര്‍ഷങ്ങളായി തുടരുന്ന ശമ്പള വെട്ടിപ്പ് ഒഴിവാക്കുവാന്‍ നഗരസഭാ ഭരണാധികാരികളും സെക്രട്ടറിയും യൂണിയന് നേതാക്കളും ചേര്‍ന്ന് എടുത്ത തീരുമാനം ഉദ്യോഗസ്ഥ വിഭാഗം അട്ടിമറിക്കുകയാണെന്ന് വര്‍ക്കേഴ്സ് യൂണിയന് പറയുന്നു.
കൊച്ചി നഗരസഭയിലെ 22 ഹെല്‍ത്ത് സര്‍ക്കിളുകളിലായി 780ഓളം സിഎല്‍ആര്‍ തൊഴിലാളികളാണുള്ളത്. പ്രതിമാസം 7500 രൂപയാണ് ഇവരുടെ വേതനം. കൂടുതലായി തൊഴിലെടുത്ത ദിനങ്ങള്‍ കുറച്ചുകാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഇവരില്‍നിന്നും തുക വെട്ടിമാറ്റുന്നതെന്ന് യൂണിയന് പ്രസിഡന്റ് എം.ഉമ്മര്‍ പറഞ്ഞു. ശമ്പളം കൊടുക്കുന്ന ദിവസം ഹാജരാകുന്ന ഹെല്‍ത്ത് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ 60,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ തിരിമറി നടത്തി വീതിച്ചെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഎല്‍ആര്‍ തൊഴിലാളികളുടെ പേരില്‍ ഇരട്ടി തച്ചുകളും പകരപ്പണികളും എഴുതി പാസാക്കി ഇവര്‍ക്ക് ശമ്പളം മാത്രം നല്‍കിയാണ് വെട്ടിപ്പ് നടക്കുന്നത്. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നതോടെയാണ് നഗരസഭാ അധികൃതര്‍ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. മേയര്‍, സെക്രട്ടറി, യൂണിയന് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സിഎല്‍ആര്‍ തൊഴിലാളി വേതനം ബാങ്ക് വഴിയെന്ന തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇനിയും തുടക്കം കുറിച്ചിട്ടില്ല. എസ്ബിഐ അക്കൗണ്ട് വഴി എടിഎം കാര്‍ഡ് നല്കി ശമ്പളം വിതരണം ചെയ്യാനാണ് ചര്‍ച്ചാ യോഗം തീരുമാനിച്ചത്. മെയ് 30ന് മുമ്പ് ബാങ്ക് അക്കൗണ്ടുകള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് വര്‍ക്കേഴ്സ് യൂണിയന് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: