മട്ടാഞ്ചേരി: കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ ഹില്‍പാലസ് കേന്ദ്രീകരിച്ച് ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുവാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്. നാരായണന് പറഞ്ഞു. മ്യൂസിയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാഴ്ചക്കാര്‍ക്കും പഠനത്തിന്റെയും പിന്‍കാല ചരിത്രത്തിന്റെയും അറിവുകള്‍ പകരുന്നതായിരിക്കണം. നാടിന്റെ വ്യത്യസ്ത സംസ്കാരത്തെക്കുറിച്ച് വായിക്കുന്നവന് അതിന്റെ ദൃശ്യാവിഷ്കാരമാണ് മ്യൂസിയം നല്‍കേണ്ടത്, അദ്ദേഹം പറഞ്ഞു.
ലോകമ്യൂസിയം ദിനാഘോഷത്തില്‍ ലോകത്ത് മാറിവരുന്ന മ്യൂസിയം വിഷയാവതരണം നടത്തുകയായിരുന്നു എം.ജി.എസ്. നാരായണന്.
ചരിത്രം, സംസ്കാരം, പരിസ്ഥിതി, സാമൂഹികമാറ്റങ്ങള്‍, കല-സാഹിത്യം, കായികവിനോദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ത്തുന്നതോടൊപ്പം പഠനോപകരപ്രദമായ രീതിയിലായിരിക്കണം മ്യൂസിയങ്ങള്‍ ഒരുക്കേണ്ടത്. സംസ്ഥാനത്തെ മ്യൂസിയങ്ങളിലേറെയും അപര്യാതതകളും അവഗണനയുംമൂലം പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുള്ള ഭൂരിപക്ഷം മ്യൂസിയങ്ങളും നല്ല രീതിയിലല്ല പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് ഹെറിറ്റേജ് സ്റ്റഡീസ് അക്കാദമി ഡീന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ പറഞ്ഞു. ചരിത്രശിലാലിഖിത സമുച്ചയമായിരിക്കണം മ്യൂസിയങ്ങള്‍. ഇതിന് അറിവിനെ ദൃഢീകരിക്കാന്‍ കഴിയണം. സര്‍ക്കാര്‍-സ്വകാര്യ മ്യൂസിയങ്ങളിലേറെയും ഇന്ന് സന്ദര്‍ശകരില്‍ തൃപ്തി ഉളവാക്കുന്നില്ല. മ്യൂസിയങ്ങളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതി അംഗമായ ശശിഭൂഷണ്‍ പറഞ്ഞു. എം. കാളിമുത്തു, എം.ജി. ഉണ്ണികൃഷ്ണന്‍നായര്‍, ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു. മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: