കൊച്ചി: പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്ലൈവുഡ് വ്യവസായ മലിനീകരണത്തിനെതിരെ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ ജനരോഷം ഇരമ്പിമറിഞ്ഞു. പ്രാദേശിക കര്‍മസമിതികളെ പ്രതിനിധീകരിച്ചെത്തിയ സ്ത്രീകളടക്കമുള്ള നൂറ് കണക്കിനാളുകള്‍ മാര്‍ച്ചിലും ഉപരോധത്തിലും പങ്കെടുത്തു. മലിനീകരണം ദുസ്സഹമായ പ്രദേശങ്ങളില്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദുചെയ്യണമെന്ന ഗ്രാമസഭാ തീരുമാനം നടപ്പിലാക്കുക, പാര്‍പ്പിടമേഖലയില്‍ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് നിഷേധിക്കുക, കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുക, അന്യസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കളക്ടറേറ്റ് മാര്‍ച്ച്.
സാമൂഹിക പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മലിനീകരണം ശാസ്ത്രീയമായി വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്‍പത് മീറ്റര്‍ ആയി മലിനീകരണ നിയന്ത്രണബോര്ഡുപുതുക്കിയ ദൂരപരിധി മാനദണ്ഡം പുതിയ കമ്പനികള്‍ക്കു ബാധകമാക്കാത്തതു ദുരൂഹമാണെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത പരിസ്ഥിതി ഗവേഷകനായ പ്രൊഫ.എസ്.സീതാരാമന് കുറ്റപ്പെടുത്തി. അനാരോഗ്യകരമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ കര്‍മ സമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി, ഭാരവാഹികളായ അഡ്വ.ബേസില്‍ കുര്യാക്കോസ്, റ്റി.കെ.സാബു, ശിവന്‍കദളി, പി.വി.ചന്ദ്രന്, എം.കെ.ശശീധരന് പിള്ള, പോള്‍ ആത്തുങ്കല്‍, ഇ.ഡി.റാഫേല്‍, ഡി.പൗലോസ്, സി.കെ.പ്രസന്നന്, കെ.ആര്.നാരായണപിള്ള, എന്‍.ഇ.കുഞ്ഞപ്പന്, പി.കെ.ശശി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
വായു, ജല മലിനീകരണത്തിനും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്ന പ്ലൈവുഡ് വ്യവസായ മലിനീകരണത്തിന് ഏക പരിഹാരം പാര്പ്പിടമേഖലകളില്നിന്ന് കമ്പനികള്‍ മാറ്റി സ്ഥാപിയ്ക്കുക മാത്രമാണെന്നും അതുവരെ സമരം തുടരുമെന്നും കര്‍മസമിതി ചെയര്മാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: