മൂവാറ്റുപുഴ: നിരവധി മോഷണ കേസുകളില്‍ പ്രതികളായ മൂന്നംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം അമ്പലം പടി പുത്തന്‍പുരയ്ക്കല്‍ സുരേഷ്(34), വണ്ണപ്പുറം സി എസ് ഐ പള്ളിക്ക് സമീപം വാരിക്കാട്ടില്‍ പങ്കന് എന്ന് വിളിക്കുന്ന ഷിജു(32) ഭരണങ്ങാനം എടപ്പാടി മഴുവഞ്ചേരി സാബു പൗലോസ്(38) എന്നിവരെയാണ് മൂവാറ്റുപുഴ സി ഐ ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മോഷണത്തിന് കയറവെയാണ് പിടികൂടിയത്.
കോട്ടയം ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട് പുറപ്പുഴ, കല്ലൂര്‍ക്കാട്, കറുകടം, ഊന്നുകല്‍, പണ്ടപ്പിള്ളി, തൊടുപുഴ, കാഞ്ഞാര്‍, കരിമണ്ണൂര്‍ തുടങ്ങി നൂറോളം സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. റബ്ബര്‍ ഷീറ്റും ഒട്ടുപാലുമാണ് പ്രധാനമായും ഇവരുടെ മോഷണസാധനങ്ങള്‍. പകല്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ഥലം വീക്ഷിച്ച ശേഷം ഒറ്റപ്പെട്ട വീടുകള്‍ കണ്ടുവച്ച ശേഷം രാത്രി ആഡംബര വാഹനങ്ങളില്‍ ആയുധങ്ങളുമായി സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്. കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ച് വരുന്നത്.
പ്രതികളെല്ലാം വിവിധ കേസുകളില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ജയിലില്‍ പരിചയപ്പെട്ട ഇവര്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് തികയാതെ വന്നതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞത്.
മൂവാറ്റുപുഴ സബ് ഇന്‍സ്പെകടര്‍ പി. എസ് ഷിജു, അഡീഷണല്‍ എസ് ഐ രവീന്ദ്രന്, എ എസ് ഐമാരായ രാജന്, ബേബി ഉലഹന്നാന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ഷമീര്‍, ഷിബുജോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: