കൊച്ചി: നഗരത്തിലെ പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് പഠനറിപ്പോര്‍ട്ട് ഏതു സമയവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയോടെയും ആശങ്കയോടെയുമാണ് സ്ത്രീകള്‍ നഗരത്തിലൂടെ യാത്രചെയ്യുന്നതെന്ന് യു എന്‍ വിമനിന്റെ സഹായത്തോടെ മഞ്ഞുമ്മല്‍ സമന്വയം നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
റോഡിലൂടെ നടന്നുപോകുമ്പോഴും ബസ്സില്‍ യാത്ര ചെയ്യുമ്പോഴും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. അശ്ലീല കമന്റുകള്‍, ശാരീരിക പീഡനം തുടങ്ങിയ ശല്യങ്ങള് ഏറെയാണ്. മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്ത് ദുരുപയോഗം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയവയും നഗരത്തില്‍ ഏറെ നടക്കുന്നു.
തങ്ങളും ആക്രമിക്കപ്പെട്ടേക്കുമോ എന്ന ഭീതിയിലാണ് നഗരത്തിലെ സ്ത്രീകള്‍ ജീവിക്കുന്നത്. ഇത് സ്ത്രീകളുടെയും കുട്ടികളുടെയും തൊഴില്‍, പഠന അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയതായി സമന്വയം ഭാരവാഹിയായ സിസ്റ്റര്‍ മറിയാമ്മ പറഞ്ഞു.
സമന്വയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുസംഘം പേര് നഗരത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, റെസിഡന്റ്സ് അസേസിയേഷന് പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ലഭിച്ച വിവരങ്ങളാണ് കണ്ടെത്തലുകള്‍ക്ക് ആധാരമെന്നും സിസ്റ്റര്‍ മറിയാമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ കണ്ടെത്തലുകളും സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിക്കുമെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് വളരെ ഗൗരവത്തോടെ കാണുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡപ്യുട്ടി മേയര്‍ ഭദ്ര പറഞ്ഞു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്ന പരിഹാരത്തിനായി റിപ്പോര്‍ട്ടില്‍ പറയുന്ന ഭൗധിക സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കും. മറ്റ് കാര്യങ്ങള്‍ ജനമൈത്രി പോലീസ് അടക്കമുള്ളവരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും ഡപ്യൂട്ടി മേയര്‍ പറഞ്ഞു. കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ എല്‍സി ജോസഫ്, രത്നമ്മ രാജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: