പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഖജനാവിലെ പണം അനാവശ്യമായി ചെലവാക്കുന്നുവെന്നാരോപിച്ച് പ്രസിഡന്റ് ഡെയ്സി തോമസിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ വക്കീല്‍നോട്ടീസ് അയച്ചു. മൂന്നാം വാര്‍ഡിലെ അശമന്നൂര്‍ മണപ്പാടന് റോഡിന്റെ ടാറിംഗ് നടത്താനുള്ള ഗ്രാമസഭാ തീരുമാനം വകവെക്കാതെ വാര്‍ഡ് മെമ്പര്‍ കൂടിയായ പ്രസിഡന്റ് കോണ്‍ക്രീറ്റിംഗ് നടത്താനെടുത്ത തീരുമാനത്തിനെതിരെയാണ് നോട്ടീസ്. ടാറിംഗ് നടത്തുന്നതിനായി രണ്ട് ലക്ഷം രൂപക്ക് ടെണ്ടര്‍ ഉറപ്പിച്ചതാണെന്നും ഇത് മാറ്റി എഞ്ചിനീയറെക്കൊണ്ട് പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ആദ്യത്തേതിലും ഇരട്ടിയിലധികം തുക ചെലവ് വരുന്ന പദ്ധതിയാണെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ഇത്തരം കോണ്‍ക്രീറ്റ് ജോലികള്‍ നിയമവിരുദ്ധമാണെന്ന് പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചെങ്കിലും ഇതെല്ലാം മറികടന്നാണ് പ്രസിഡന്റും കൂട്ടരും തീരുമാനമെടുത്തതെന്നും പറയുന്നു. എന്നാല്‍ ഈ റോഡിന്റെ ഭാഗത്ത് താമസിക്കുന്ന ചില സ്വകാര്യ വ്യക്തികളുടെ വീടിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കിക്കൊടുക്കുന്നതിന് ഈ ഭാഗത്ത് മാത്രം റോഡ് ഉയര്‍ത്താന്‍ തീരുമാനിച്ചതായും നാട്ടുകാര്‍ പറയുന്നു. റോഡ് പുനരുദ്ധാരണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിരലിലെണ്ണാവുന്നവര്ക്കുമാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഒപ്പോ സീലോ ഇല്ലാതെ അയച്ച നോട്ടീസ് പ്രഹസനമായിരുന്നെന്നും ആക്ഷേപമുയരുന്നു. പൊതുജനങ്ങള്‍ക്ക് യതൊരു ഉപകാരവുമില്ലാത്ത രീതിയില്‍ പൊതുഖജനാവിലെ പണം പ്രസിഡന്റ് തന്നിഷ്ടപ്രകാരം ചെലവാക്കുന്നതിനെതിരെ അശമന്നൂരില്‍ പ്രതിഷേധമുയരുന്നുണ്ട്. ഇതിന്റെ ഭാഗമായി 40ഓളം പേര് ഒപ്പിട്ട പരാതിയും നല്‍കിയിട്ടുണ്ട്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. ഇതിന് പുറമെയാണ് ഗുണഭോക്താക്കളായ ഏതാനുംപേര്‍ ചേര്‍ന്ന് പ്രസിഡന്റിനും സെക്രട്ടറിക്കും വക്കീല്‍നോട്ടീസ് അയച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: