ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഡോളറിനെതിരെ രൂപയുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ആഗോള സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും അനുഭവപ്പെടുന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ അവകാശപ്പെട്ടു. ഡോളറിനെതിരെ രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 54.46ല്‍ ആണ് എത്തിയിരിക്കുന്നത്. യൂറോ പ്രതിസന്ധിയും മറ്റ് അന്താരാഷ്ട്ര പ്രശ്നങ്ങളുമാണ് ഇതിന് കാരണമെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമല്ലെന്നും അദ്ദേഹംപറഞ്ഞു.
ഇതേസമയം, ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും രൂപയുടെ വിലയെ സ്വാധീനിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രൂപയുടെ മൂല്യശോഷണം തടയാന്‍ വിദേശനാണ്യശേഖരത്തിന്റെ പകുതി രൂപയിലേക്ക് മാറ്റി ഡോളര്‍ വിപണിയില്‍ ലഭ്യമാക്കണമെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: