കൊച്ചി: പാതാളം ബണ്ടിന് സമീപം ഇന്നലെയും വന്‍തോതില്‍ മത്സ്യക്കുരുതി നടന്നു. ബണ്ടിന് സമീപം ഷട്ടര്‍ അടഞ്ഞുകിടക്കുന്ന പ്രദേശത്തെ ജലത്തിന് കറുത്ത നിറവും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. കരിമീനും ചെമ്മീനുമുള്പ്പെടെ വന്‍തോതിലാണ് മത്സ്യം ചത്തുപൊങ്ങിയത്. ഓയില്പ്പാട നിറഞ്ഞ രൂപമാണ് കാഴ്ചയില്‍ പുഴയ്ക്ക്.
ഇതിനിടെ ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ നല്കിയ ജലം ദുര്‍ഗന്ധം നിറഞ്ഞതായിരുന്നുവെന്ന് കോളനി നിവാസികള്‍ ജന്മഭൂമിയോട് പറഞ്ഞു. പല ഉദ്യോഗസ്ഥരും ഇപ്പോള്‍ ഏലൂരില്‍ വിതരണം ചെയ്യുന്ന വെള്ളം ഭക്ഷണത്തിന് ഉപയോഗിക്കുന്നില്ല. എന്നിരുന്നിട്ടും മലിനീകരണനിയന്ത്രണബോര്‍ഡും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
പെരിയാറില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതി മത്സ്യമേഖലയില്‍ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിതെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നാല് തവണയാണ് മത്സ്യക്കുരുതി സംഭവിച്ചിട്ടുള്ളത്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം തടയാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും അനാസ്ഥയില്‍ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മധ്യകേരളത്തിന്റെ ജീവവാഹിനിയായ പെരിയാര്‍ ചുവന്നും കറുത്തും പല നിറങ്ങളിലും നിറം മാറിയൊഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ ഓരുജലാശയമായ വേമ്പനാട്ട് കായലില്‍ ചേരുന്ന ഏഴ് നദികളില്‍ പ്രധാനമാണ് പെരിയാര്‍. അഴിമുഖത്തോട് ചേര്‍ന്ന് വരുന്ന നദിയും പെരിയാറാണ്. കേരളത്തിലെ കടലില്‍നിന്നും പിടിക്കുന്ന ഭക്ഷ്യപ്രധാനമായ 125 ഇനം മത്സ്യങ്ങളില്‍ എഴുപത്തിയാറും കായലും നദികളുമായി ബന്ധപ്പെട്ട് ജീവിതചക്രം പൂര്‍ത്തീകരിക്കുകയാണ്. കേരളത്തിലെ രണ്ടരലക്ഷം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ഏഴരലക്ഷം തീരദേശ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വേമ്പനാട്ട് കായലും പെരിയാറും.
പെരിയാറിനെ സംരക്ഷിക്കണമെന്നും മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിലാണ്. 1998ല്‍ ഇതുമായി ബന്ധപ്പെട്ട് പെരിയാറിന് കുറുകെ മത്സ്യത്തൊഴിലാളികള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയുണ്ടായി. 2010ലും 2011ലും മത്സ്യമേഖലാ സംരക്ഷണ കണ്‍വെന്‍ഷനുകളും പ്രചരണങ്ങളും ഏലൂരില്‍ ധര്‍ണയും നടത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മത്സ്യമേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഈ കമ്മറ്റി വിളിച്ചുചേര്‍ത്തിട്ടില്ല.
പെരിയാറിന്റെ തീരത്തോട് ചേര്‍ന്നുള്ള ഭൂരിപക്ഷം ഗ്രാമങ്ങളും നിര്‍മ്മല്‍ ഗ്രാം പുരസ്ക്കാരം നേടിയവരാണ്. വ്യവസായശാലകളാകട്ടെ 2006ല്‍തന്നെ സീറോ ഡിസ്ചാര്‍ജ് നിലവാരത്തിലേക്ക് മാലിന്യം പുറന്തള്ളുന്നത് കൊണ്ടുവരാനും നിശ്ചയിച്ചു. ഈ തീരുമാനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയും മലിനീകരണ നിയന്ത്രണ സ്ഥാപനങ്ങളേയും ഇരുട്ടില്‍ നിര്‍ത്തിയും മാലിന്യം പുറന്തള്ളാന്‍ വിവിധ ഭാഗങ്ങള്‍ മത്സരിക്കുകയാണ്. ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ അടിയന്തര നടപടികളെടുക്കണമെന്ന് ഞങ്ങള്‍ അധികാരികളോട് ആവശ്യപ്പെട്ടു. ഏലൂര്‍ പ്രധാനപ്പെട്ട ഒരു തൊഴില്‍ കേന്ദ്രമാണെന്ന യാഥാര്‍ത്ഥ്യബോധം ഞങ്ങള്‍ക്കുണ്ട്.
പക്ഷേ അതിന്റെ മറവില്‍ പെരിയാറിനെ കുപ്പത്തൊട്ടിയാക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: