“സമാധാനപൂര്‍ണ്ണവും ശാന്തിസമ്പന്നവുമായ പ്രപഞ്ചം മനുഷ്യരാശിയുടെ പ്രിയങ്കരമായ സ്വപ്നമാണ്. ആ സ്വപ്നസാഫല്യത്തിനായി പരിശ്രമിച്ചവരാണ്. മഹാത്മാക്കളെല്ലാംതന്നെ ശാസ്ത്രത്തിനേറെ അനുസ്യൂതമായ മുന്നേറ്റവും ശാസത്രസാങ്കേതികമേഖലകളിലെ വികാസപരിണാമങ്ങളും ലോകത്തിന്റെ ഭൗതികമായ ഏകത യാഥാര്‍ത്ഥ്യമാക്കികൊണ്ടിരിക്കുന്നു.
ശാസ്്്ത്രം സമ്മാനിച്ച ഭൗതികമായ ഈ ഏകതയ്‌ക്ക് പരഭാഗശോഭ നല്‍കണമെങ്കില്‍ അതോടൊപ്പം ആത്മീയമായ ഏകത്വംകൂടി സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്. അതിന്റെ അഭാവത്തില്‍ ലോകസമാധാനം ഇന്നീ മാനവരാശിയെ സംബന്ധിച്ചിടത്തോളം ജീവസന്ധാരണത്തിന് പ്രാണവായുപോലെ അനിവാര്യമായി മാറിയിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകല്‍ച്ച ഭയാനകമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹൃദയതലങ്ങളിലെ ഈ അകല്‍ച്ചയാണ് ലോകത്തിലെ സമസ്തപ്രശ്നങ്ങളുടെയും ആധാരശിലയായി ഭവിച്ചത്.
സ്വന്തം ഉണ്മയെക്കുറിച്ചുള്ള അറിവിലൂടെ മാത്രമേ ആത്മീയതയും ഭൗതികതയും സമന്വയിപ്പിക്കാനാവൂ. ഈ സമന്വയത്തിലൂടെ സമഗ്രമായ വ്യക്തിവികസനം സാധിതമാക്കുകയാണ് ഗുരുദേവദര്‍ശനം. മാനവാത്മാവിന് സ്വയം കണ്ടെത്താനുള്ള രാജപാതയാണ് ഗുരുദേവന്‍ വെട്ടിത്തുറന്നിരിക്കുന്നത്. മാനവികതയുടെ ധന്യതയും പാരമ്യവും കുടികൊള്ളുന്നത് ആത്മീയതയിലാണ്. ആത്മാവിന്റെ അമരത്വവും സര്‍വ്വവ്യാപിത്വവും ഏകത്വവുമാണ് മാനവിതയുടെ യുക്തിയും തത്ത്വശാസ്ത്രവും. ഈ തത്ത്വശാസ്ത്രത്തിന്റെ വെളിച്ചം രാഷ്‌ട്രാന്തരങ്ങളിലെത്തിക്കുകയും വിശ്വമാനവികതയുടെ അടിയുറച്ച ഏകലോകം പടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൗത്യത്തിന്റെ ഭാഗമായി ശിവഗിരിമഠം വിഭാവനംചെയ്യുന്ന സാംസ്കാരികസിരാകേന്ദ്രമാണ് വിശ്വസംസാകാരഭവന്‍.
ഭാരതത്തിന്റെ മഹത്തായ പൈതൃകമാണ് ആകര്‍ഷസംസ്കാരം. ഇതിന് രണ്ടു വശങ്ങളുണ്ട്. അദ്വൈതദര്‍ശനത്തിന്റെ വെളിച്ചത്തില്‍ രൂപംകൊണ്ട പ്രകാശപൂര്‍ണ്ണമായി ഒരു വശവും ജാതിവിഭാഗീയചിന്തകളുടേതായ അന്ധകാരാവൃതമായ മറ്റൊരു വശവും. ഗുരുദേന്‍ ഇതില്‍ പിന്നീട് കടന്നുവന്ന രണ്ടാമത്തെ വശത്തെ തിരസ്ക്കരിക്കുകയും പ്രകാശവത്തായ അദ്വൈതത്തെ സ്വീകരിക്കുകയും ചെയ്തു. ജാതിക്കും മതത്തിനും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി മാനവികതയിലും ആത്മീയതയിലും അധിഷ്ഠിതമായ സര്‍വ്വാശ്ലേഷിയായ ഒരു സംസ്കാരത്തെയാണ് ഗുരുദേവന്‍ വിഭാവനചെയ്തത്. ഇത് കാലാതിവര്‍ത്തിയാണ്.
ഗുരുദേവദര്‍ശനത്തിന്റെ പ്രഭവകേന്ദ്രമായി രൂപംകൊള്ളുന്ന മഹല്‍സ്ഥാപനത്തിന് വിശ്വസംസ്കാരഭവന്‍ എന്നുള്ള പേര് അന്വര്‍ത്ഥമാകുന്നത് അങ്ങനെയാണ്.
ഭൗതികപ്രപഞ്ച വിജ്ഞാനത്തിലൂടെ ജീവിതത്തിന്റെ നിഗൂഢഭാവങ്ങള്‍ നിര്‍ദ്ധാരണം ചെയ്യപ്പെടുമെന്ന വിശ്വാസം സയന്‍സിനുണ്ടായിരുന്നു. എന്നാല്‍ ഇന്നിതു മാറി. അവനവനെക്കുറിച്ചുള്ള അവബോധം വേണമെന്നായി. ഇതിനനുസരിച്ച് വിദ്യാഭ്യാസത്തെയും പരിവര്‍ത്തനവിധേയമാക്കണം. അങ്ങനെയൊരു മാറ്റമാണ് ഈ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഗുരുദേവ വിശ്വകലാലയത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഗുരുദേവനോടുള്ള വൈകാരികബന്ധത്തിന്റെ പേരില്‍ അനേകം പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉണ്ടായിട്ടുണ്ട്. ഇതിനെ വൈജ്ഞാനികമാക്കുകൂടി ചെയ്താലേ അതിനു ലക്ഷ്യപ്രാപ്തിയുള്ളൂ. അതിനു മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്.
ആധുനിക സയന്‍സും അദ്വൈതവും തമ്മിലുള്ള താരത മ്യപഠനത്തിന്റെ ഫലമായി അനേകം രചനകളുണ്ടായിട്ടുണ്ട്. ഇത് പശ്ചാത്തലമാക്കി ഗുരുദേവന്റെ സിദ്ധാന്തങ്ങള്‍കൂടി സമന്വയിപ്പിച്ചുള്ള പ്രഭാഷണ പരമ്പര പ്രമുഖദാര്‍ശിനികന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തില്‍ നടത്തും. അതിലൂടെ ശ്രീനാരായണീയ സാഹിത്യത്തെ സമ്പൂഷ്ടമാക്കി നവീനമായ ആശയം ആഗോളവ്യാപകമാക്കും.
ഗുരുദേവന്‍ പ്രതിഷ്ഠിച്ചതും ബന്ധപ്പെട്ടതുമായ ക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍ എന്നിവയെ ഗുരുതത്ത്വാനുസാരിയായി ഏകോപിപ്പിക്കാനും അതനുസരിച്ച് ആരാധനാസമ്പ്രദായം വളര്‍ത്താനും ഇതില്‍ പ്രത്യേകവിഭാഗം ഉണ്ടായിരിക്കും.
പ്രദേശികവും ദേശീയവും അന്തര്‍ദേശീയവുമായ അതിര്‍വരമ്പുകളെ സമന്വയിപ്പിക്കുന്നതും എന്നാല്‍ അവയെ ഉല്ലംഘിക്കുന്നതുമായ ഒരു ലോകസംസ്കാരം സൃഷ്ടിക്കുക എന്നതാണ് വിശ്വസംസ്കാരം സൃഷ്ടിക്കുക എന്നതാണ് വിശ്വസംസ്കാര ഭവന്റെ ആത്യന്തികലക്ഷ്യം.
ഡോ.ലക്ഷിദാസന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: