പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 50 വര്‍ഷത്തിലധികം പഴക്കമുള്ള അക്വഡേറ്റ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ വെള്ളമൊഴുകുന്ന ഈ അക്വഡേറ്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന്റെ കോണ്‍ക്രീറ്റ് കെട്ടുകളില്ക്കിടയിലൂടെ മരങ്ങള്‍ വളരുന്നതിനാല്‍ ഇതിലൂടെ ജലചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. മുന്നൂറ് മീറ്ററോളം നീളത്തിലുള്ള അക്വഡേറ്റിനടിയില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അപകടം സംഭവിച്ചാല്‍ വന്ദുരന്തമാണുണ്ടാവുകയെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനെക്കുറിച്ച് പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.
2011 മാര്‍ച്ചില്‍ നീലംകുളങ്ങര റസിഡന്‍ഷ്യല്‍ അസോസിയേഷന് ഭാരവാഹികള്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും വാര്‍ഷിക ബജറ്റ് അവതരണം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ 2012 ലെ ബജറ്റിലും ഈ അക്വഡേറ്റിന് വേണ്ടി യാതൊരു തുകയും വകവച്ചിട്ടില്ലെന്നും പറയുന്നു. പെരുമ്പാവൂര്‍ നഗരസഭയില്‍ ഇരിങ്ങോള്‍, ഒന്നാംമെയില്, കാരാട്ടുപള്ളിക്കര, തൊടാപ്പറമ്പ്, കാഞ്ഞിരക്കാട്, കടുവാള്‍ തുടങ്ങി ഭൂരിഭാഗം പ്രദേശത്തും വെള്ളമെത്തുന്നത് ഈ അക്വഡേറ്റ് വഴിയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഇതിലൂടെ വെള്ളമൊഴുകുന്നത്. ബാക്കി നാല് ദിവസങ്ങളിലും കനാലിനെ ആശ്രയിക്കുന്നവരുടെ കിണറുകളില്‍ ജലനിരപ്പ് വളരെയധികം താഴുന്നത് പതിവാണെന്നും അക്വഡേറ്റ് അപകടത്തില്‍ ആയാല്‍ നഗരസഭയുടെ പലപ്രദേശങ്ങളും മാസങ്ങളോളം ആവശ്യത്തിന് വെള്ളം ലഭിക്കാതെ പൊറുതിമുട്ടുമെന്നും നാട്ടുകാര്‍ പറയുന്നു.
അപകടത്തിലായ അക്വഡേറ്റ് പുനര്‍നിര്‍മിക്കുകയോ ശോച്യാവസ്ഥ പരിഹരിക്കുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും നീലംകുളങ്ങര റെസിഡന്‍ഷ്യല്‍ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: