പാലക്കാട്: അട്ടപ്പാടി വനവാസിഭൂമിയില് കാറ്റാടിയന്ത്രവും കുപ്പിവെള്ള ഫാക്ടറിയും സ്വകാര്യറിസോര്ട്ടും പ്രവര്‍ത്തിപ്പിക്കുന്ന ഭൂമാഫിയ സംഘങ്ങളേയും സുസ് ലോണ്‍ കമ്പിനിയേയും പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യനീതിനിഷേധത്തിനെതിരെ ഹിന്ദു ഐക്യവേദി, സാമൂഹ്യനീതി കര്‍മ്മസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നാരംഭിച്ച സാമൂഹ്യനീതി ജാഥക്ക് പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റ് മൈതാനിയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കൈയ്യേറ്റമാഫിയകള്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ചില റവന്യൂ അധികാരികളാണ്. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. വനവാസി ക്ഷേമത്തിന് അനുവദിക്കുന്ന എല്ലാ പദ്ധതികളും അട്ടിമറിക്കപ്പെടുന്നതിന് ആസൂത്രണം നടക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.
അവരുടെ അജ്ഞതയെ ചൂഷണം ചെയ്ത് വനവാസി ഭൂമി കയ്യേറുന്നവര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍, അര്‍ഹതപ്പെട്ടതു ലഭ്യമാക്കാന്‍ ഹിന്ദു സംഘടനകള്‍ ഒറ്റക്കെട്ടാകണമെന്നും ശശികലടീച്ചര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ഹരീന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, അഖിലകേരള പാണാര്സമാജം ജനറല്‍ സെക്രട്ടറി തഴവ സഹദേവന്, വിശ്വകര്‍മ്മ ബ്രാഹ്മണധര്മ്മസേവാസംഘം സംസ്ഥാന പ്രസിഡന്റ് വി. ചന്ദ്രാചാര്യ, പി.കെ.ബാഹുലേയന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സംഘടനാ സെക്രട്ടറി പി.അരവിന്ദന് സ്വാഗതവും, ജനറല്‍ സെക്രട്ടറി പി.എന്‍. ശ്രീരാമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: