കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് ധീരനായ കമ്മ്യൂണിസ്റ്റാണെന്നും കൊലപാതകം നടത്തിയ നരാധമന്മാരെ നീതിപീഠത്തിനു മുന്പില് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. സിപിഎമ്മിന് കൊലപാതകത്തില്‍ പങ്കില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനും ഇത്രയ്ക്കും നിഷ്ഠൂരമായ കൃത്യം നടത്താന്‍ കഴിയില്ല. ജീവന് ഭീഷണിയുണ്ടന്ന് മുഖ്യമന്ത്രിയെയും കേന്ദ്രസഹമന്ത്രിയെയും അറിയിച്ചിട്ടും സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്തിയില്ല. സുരക്ഷാ വീഴ്ചവരുത്തിയ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കൊലപാതകത്തിലെ കൂട്ട് പ്രതികളാണെന്നും വി.എസ്.ആരോപിച്ചു.
ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ടി.പി.ചന്ദ്രശേഖരനെന്നു വി.എസ്.അച്യുതാനന്ദന് തൃശൂരില്‍ പറഞ്ഞു. സംഘനാപരമായ പ്രശ്നംകാരണം സിപിഎമ്മില്‍ നിന്നകന്ന ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ല. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരനെ കൊലചെയ്ത് ഇല്ലാതാക്കാമെന്ന് ആരും കരുതില്ല. ജീവനു ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടും സംരക്ഷണം കൊടുക്കാത്തവര്‍ കൊലപാതകത്തില്‍ കൂട്ടുപ്രതികളാണെന്നും വി.എസ് പറഞ്ഞു. ചന്ദ്രശേഖരന്റെ കുടുംബത്തോടും അനുശോചനം അറിയിക്കുന്നു. ഉത്തരവാദികളാരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും വി.എസ്. പറഞ്ഞു.
സിപിഎം വിമതന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം തികച്ചും അപലപനീയമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അത്തരം കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നു. കൊലപാതകം നടന്നതിനു ശേഷം ഭരണാധികാരികളുടെ പ്രതികരണം പെട്ടെന്നു വന്നു. ഇതിനര്‍ഥം അന്വേഷണം വഴിതിരിച്ചു വിടാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നെന്നാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ മുന്നില്ക്കണ്ടാണിതെല്ലാം എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആസൂത്രിതമായി വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ കൊലപാതകം സിപിഎമ്മിന്റെ തലയില്‍ വെയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. അന്വേഷണത്തെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിക്കും എന്നതിന്റെ തെളിവാണ് ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം. എന്താണ് സംഭവമെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചതില്‍ നിന്ന് മനസിലാകുന്നത് സംഭവത്തെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുണ്ടെന്നാണ്.
ചന്ദ്രശേഖരന് ദീര്‍ഘനാളായി വധഭീഷണിയുണ്ടായിരുന്നതായും അത് ചന്ദ്രശേഖരന് മുല്ലപ്പള്ളിരാമചന്ദ്രനെയും മുഖ്യമന്ത്രിയടക്കമുള്ളവരെയും അറിയിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയും മുല്ലപ്പള്ളിയും പ്രതികരിച്ചത്. ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് പോലീസ് സംരക്ഷണം കൊടുത്തില്ലെന്ന് പിണറായി ചോദിച്ചു. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രതികരണങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍ വലിയതോതിലുള്ള ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.
ശെല്‍വരാജുമാര്‍ എല്‍ഡിഎഫില്‍ ഇനി ഉണ്ടാകില്ലെന്ന് മനസിലാക്കിയ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തതാണിത്. പുറത്തുവരുന്ന വിവരമനുസരിച്ച് ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കാറുള്ളത് യുഡിഎഫാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലുണ്ടായ സംഭവം വ്യക്തമാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തെറ്റ് മനസിലാക്കി തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒരു കൊലപാതകത്തിന് മുതിരില്ലെന്ന് ചിന്തിച്ചാലറിയാം. പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളം കണ്ട ഏറ്റവും ദാരുണമായ രാഷ്ട്രീയ കൊലപാതകമാണ് ചന്ദ്രശേഖരന്റെതെന്നും രാഷ്ട്രീയപ്പാര്‍ട്ടിയായി തുടരാനുള്ള ധാര്‍മ്മിക അവകാശം സിപിഎമ്മിന് നഷ്ടപ്പെട്ടുവെന്നും ജനകീയ വികസന സമിതി ചെയര്മാന് എം.ആര്. മുരളി.
ടി.പി.ചന്ദ്രശേഖനെ ഇതിനുമുമ്പ് പലതവണ വധിക്കാന്‍ ശ്രമിച്ചതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് തവണ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താന്‍ സി.പി.എം ശ്രമിച്ചെന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഇല്ലാതാക്കാനുള്ള നീക്കം നടക്കുകയാണ്. മാസങ്ങളായി നടന്നുകൊണ്ടിരുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകം. ഇതിന് സി.പി.എം കനത്ത വില നല്‍കേണ്ടിവരും. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ വകവരുത്തിയതിന് ശേഷം തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം.പറയുന്നത് ജനങ്ങളെ പരിഹസിക്കലാണ്.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും പ്രതികളെ രക്ഷപ്പെടാനനുവദിക്കില്ലന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാഷ്ട്രീയകൊലപാതകം തന്നെയാണ് നടന്നിട്ടുള്ളത്. ഒഞ്ചിയത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ആരാണ് ചെയ്തതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണിത് കാണുന്നത്. പ്രതികള്‍ സി.പി.എം. ആണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞെന്ന പിണറായി വിജയന്റെ പ്രസ്താവന കുറ്റബോധം കൊണ്ടാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടുപോകുന്നവരെ കൊലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ ഇരയാണ് ടി.പി.ചന്ദ്രശേഖരനെന്ന് സി.പി.ജോണ്‍ പറഞ്ഞു. ഇത് സി.പി.എമ്മിന്റെ അധ:പതനത്തിന്റെ ആരംഭമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാത്ത വണ്ണം നിരവധി വ്യക്തികളും ഗ്രൂപ്പുകളും സി.പി.എമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം നടക്കില്ല.മൃഗീയമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. മരംവെട്ടുംപോലെ മനുഷ്യദേഹം വെട്ടിപ്പിളര്ത്തിയിരിക്കുന്നു. എസ്.എഫ്.ഐയിലുള്ളപ്പോള് ചന്ദ്രശേഖരന് എന്റെ സഹപ്രവര്‍ത്തകനായിരുന്നു. കടത്തനാടന്‍ ധീരതയുടെ പ്രതീകമായചന്ദ്രശേഖരന് സി.പി.എമ്മിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനു മുന്നില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ഉന്നത നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണന്ന് ഇടതുപക്ഷ ഏകോപനസമിതി ആക്ഷേപിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ അജ്ഞതയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ സൂചന ഉണ്ടായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിനുശേഷം ഈ അജണ്ട നടപ്പിലാക്കുകയായിരുന്നു. ഇതിനു മുന്‍പും സി.പി.എമ്മിന്റെ അക്രമത്തില്‍ നിരവധി റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. താനുള്‍പ്പെടെ ഇനിയും പല റവലൂഷണറി പ്രവര്‍ത്തകരും സി.പി.എമ്മിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് റവലൂഷണറി നേതാവ് അഡ്വ. കുമാരന്‍കുട്ടി പ്രതികരിച്ചു.
ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എം നേതൃത്വം തന്നെയെന്ന് സഹപ്രവര്ത്തകന് ഡോ.ആസാദ്. പാര്‍ട്ടിയിലെ നയവ്യതിയാനങ്ങളെ എതിര്‍ത്ത് മുന്നേറ്റം സൃഷ്ടിച്ച ചന്ദ്രശേഖരന് ഇല്ലാതാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരേയൊരു ശത്രു സി.പി.എം. ആണ്. പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കിനെ എതിര്‍ത്തതാണ് അദ്ദേഹത്തെ ശത്രുവാക്കിയത്.
കൊലപാതകം ആസൂത്രിതമാണെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായുട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്.ചന്ദ്രശേഖരനു വധഭീഷണി ഉണ്ടായിരുന്നതായി പോലീസിന് അറിയാമായിരുന്നു. അന്വേഷണത്തിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ മേല്‍നോട്ടം എ.ഡി.ജി.പി വിന്‍സന്‍ എം.പോളിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ സഹായിക്കുന്നത് തുടരുമെന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതിയെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചു. ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ വിധിച്ചത് ഫാസിസ്റ്റ് കോടതിയും കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ പ്രൊഫഷണല്‍ ആരാച്ചാര്മാരുമാണെന്നതില് യാതൊരു സംശയവുമില്ല. ഈ സംവിധാനത്തെ തുടര്‍ന്നും സംരക്ഷിക്കുമെന്ന രീതിയില്‍ തന്നെയാണ് പിണറായി വിജയന് പത്രസമ്മേളനത്തില്‍ സംസാരിച്ചത്. കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ ജില്ലകളില്‍ സിപിഎം സംവിധാനങ്ങള്‍ നടപ്പിലാക്കിയ കൊലപാതക പരമ്പരകള്‍ ആകെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം.
രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ നിയോഗിക്കുന്നവരുടെ കേസ് നടത്തുന്നതും അവരുടെ കുടുംബങ്ങള്‍ക്ക് ചെലവിന് കൊടുക്കുന്നതും സിപിഎം ഘടകങ്ങളാണ്. ഇത്തരക്കാര്‍ ജയിലില്‍ എത്തിയാല്‍ പാര്‍ട്ടി സെല്‍ രൂപീകരിച്ചുള്ള രാഷ്ട്രീയ കൂട്ടായ്മയാണ് നടക്കുന്നത്. ഇവരില്‍ ഉള്‍പ്പെട്ടവരാണ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നുള്ള വിവരം ഞെട്ടിക്കുന്നതാണ്. ജനശ്രദ്ധ പൂര്‍ണമായും പതിഞ്ഞതുകൊണ്ടു മാത്രമാണ് സിപിഎം വിട്ട് പുറത്തുവന്ന സെല്‍വരാജ് കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടത്. സെല്‍വരാജിനെയും എം.ആര്.മുരളി അടക്കമുള്ളവരുടെയും സംരക്ഷണം ഇനി ജനങ്ങള്‍ ഏറ്റെടുക്കണമെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: