പത്തനംതിട്ട: ആറന്മുളവിമാനത്താവളത്തിന് അംഗീകാരം നല്‍കാനുള്ള യുഡിഹഎഫ് തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ലോകപ്രസിദ്ധമായ ആറന്മുള ഗ്രാമത്തിന്റെ പൈതൃകം ഇല്ലാതാക്കാനുതകുന്ന വിമാനത്താവള നിര്‍മ്മിതിക്കെതിരെ ഒരു ഗ്രാമവാസികളുടെ മുഴുവന്‍ എതിര്‍പ്പിനേയും തൃണവല്‍ഗണിച്ചാണ് യുഡിഎഫ് വിമാനത്താവള നിര്‍മ്മാണത്തിന് പച്ചക്കൊടി കാട്ടിയത്.
വിമാനത്താവള നിര്‍മ്മാണ കമ്പനിയുടെ സ്വന്തം പേരില്‍ കരമടച്ച് ആറന്മുളയില് ഒരുസെന്റ് സ്ഥലം പോലും ഇല്ലെന്നിരിക്കെ വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഒരുസെന്റ് വസ്തുപോലും ഇനിയേറ്റെടുക്കാതെയും ഒരു കുടുംബത്തേപ്പോലും കുടിയൊഴിപ്പിക്കാതെയും വിമാനത്താവളം യഥാര്ത്ഥ്യമാക്കാമെന്ന യു.ഡി.എഫ് നയം അപ്രായോഗികമാണെന്നും ഈ തീരുമാനത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്നും തദ്ദേശവാസികള്‍ പറയുന്നു. വ്യാവസായിക മേഖലാ പ്രഖ്യാപനം പിന്‍വലിച്ചതിന് ശേഷം പണം ഒഴുക്കി നിരാലംബരായ ഗ്രാമവാസികളുടെ ഭൂമി കയ്യടക്കാനുള്ള ഗൂഢതന്ത്രം അണിയറയില്‍ ഒരുങ്ങുന്നതായും ആക്ഷേപമുണ്ട്.
വിമാനത്താവളത്തിനുള്ള ഭൂമിയുടെ ക്രയവിക്രയത്തില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിയതായും പറയപ്പെടുന്നു. ഏഴുകോടി രൂപയ്ക്കടുത്തുള്ള ഭൂമി ഇടപാടുകളാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഈ തുകയ്ക്ക് ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി മാത്രമേ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞദിവസം കെ.ജി.എസ് ഗ്രൂപ്പിന് ഭൂമി കൈമാറിയ മൗണ്ട് സിയോണ്‍ ഉടമ എബ്രഹാംകലമണ്ണില് ഭൂമി ഇടപാടില്‍ കെ.ജി.എസ് ഗ്രൂപ്പ് ഇനിയും 30 കോടി രൂപ നല്‍കാനുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.52 കോടി രൂപയുടെ മൊത്ത ഇടപാടില്‍ 22 കോടി രൂപാ മാത്രമേ നല്കിയിട്ടുള്ളത്രേ. വസ്തുവിലയായി 52 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ ഇത്രയും വലിയ തുകയ്ക്കുള്ള മുദ്രപ്പത്രവിലയും രജിസ്ട്രേഷന് ഫീസും ഒടുക്കിയിട്ടില്ലെന്നാണ് അറിയുന്നത്. പഞ്ചായത്ത് പ്രദേശമായതിനാല്‍ വസ്തുവിലയുടെ ഏഴുശതമാനം മുദ്രപ്പത്രത്തിനും രണ്ട് ശതമാനം രജിസ്ട്രേഷന് ഫീസായുമാണ് സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. ഈ നിരക്കുവെച്ചു നോക്കിയാല്‍തന്നെ കോടിക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് ലഭിക്കേണ്ടതാണ്.
ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കാനുള്ള യു.ഡി.എഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി പറഞ്ഞു. യു.ഡി.എഫ് തീരുമാനം വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആറന്മുളയില് നിന്നും ലഭിക്കുന്ന സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: