കൊച്ചി: പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ് പെന്ഷന് ആന്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം മുഖ്യമായും ലഭിക്കുക ഗള്‍ഫിലുള്ള മലയാളികള്‍ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായ ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗള്‍ഫ് മലയാളികളില്‍ മഹാഭൂരിപക്ഷം പേരും സാധാരണക്കാരും അധ്വാനിച്ച് ബുദ്ധിമുട്ടി ജീവിക്കുന്നവരുമാണ്. അവരില്‍ നല്ലൊരു പങ്ക്് വെറുംകൈയോടെയാണ് നാട്ടിലേക്ക് മടങ്ങി വരാറുള്ളത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഒരു കൊച്ചുവീട് അതിലപ്പുറമൊന്നും ഭൂരിപക്ഷം ഗള്‍ഫ് മലയാളികള്‍ക്കും സമ്പാദിക്കാന്‍ കഴിയാറില്ല. അങ്ങനെയുള്ളവര്‍ക്ക്് ഈ പദ്ധതി ആശ്വാസമാകും. ഭാവിയില്‍ ഈ പദ്ധതി കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുന്ന വിധം പരിഷ്കരിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു. കോണ്‍ട്രിബ്യൂട്ടറി പെന്ഷന് മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസു കഴിഞ്ഞാല്‍ പെന്‍ഷനും വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ പുനരധിവാസ ധനസഹായവും അപകട ഇന്‍ഷുറന്‍സും ലഭിക്കും.
ഗുണഭോക്താക്കള്‍ 5000 രൂപ നല്കിയാല് പ്രവാസി കാര്യമന്ത്രാലയത്തിന്റെ വിഹിതമായി 2000 രൂപ അടക്കും. വീട്ടുജോലിക്ക് വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വിഹിതം 3000 രൂപയായിരിക്കും. ഈ തുക മൂന്നായി വേര്‍തിരിച്ച് പെന്‍ഷനും ഇന്‍ഷുറന്‍സിനും പുനരധിവാസത്തിനും വിനിയോഗിക്കും. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഗുണഭോക്തൃവിഹിതം ചെക്കായി മാത്രമേ സ്വീകരിക്കൂ. ഓരോരുത്തര്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഓരോരുത്തരുടെയും വിവരങ്ങള്‍ ഈ തിരിച്ചറിയല്‍ നമ്പറില്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കും. എല്‍ ഐ സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പെയിലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഇത് ആരംഭിച്ചിട്ടുള്ളത്. മറ്റ് സഹായപദ്ധതികളൊന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇല്ലാത്തതിനാലാണ് പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എംബസികളില്‍ പദ്ധതിക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പോരായ്മകളുണ്ടെങ്കില്‍ അറിയിച്ചാല്‍ ഉടനടി പരിഹാരമുണ്ടാക്കും. ഇ സി ആര്(എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്്്) പാസ്പോര്ട്ടില് വിദേശത്ത് പോകുന്നവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രവാസികളുടെ ജീവിതത്തിന് അര്ഥമുണ്ടാക്കുന്നതാണ് ഈ പദ്ധതി. പ്രവാസി സംഘടനകളുടെയും പൂര്‍ണമായ സഹകരണം ഇതിന് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് കേരളത്തെ തെരഞ്ഞെടുക്കണമെന്നും കൊച്ചിയില്‍ പരിപാടി നടത്തണമെന്നും ചടങ്ങില്‍ ആശംസ നേര്‍ന്ന നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ് ആവശ്യപ്പെട്ടു. എക്സൈസ്മന്ത്രി കെ. ബാബു, കെ. ഇ. ഇസ്മായില്‍ എം പി., ഹൈബി ഈഡന് എം എല്‍ എ, കേന്ദ്ര പ്രവാസികാര്യ വകുപ്പ് സെക്രട്ടറി പര്‍വേഷ് ദിവാന്, സംസ്ഥാന പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ടി. കെ. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദേശത്ത് ജോലിക്ക് ക്ലിയറന്‍സ് കിട്ടിയ കെ. എസ്. ഷാജി, എന്‍. എന്‍. സത്യന്, എ. എം. റഫീക്ക് എന്നിവര്‍ക്ക് ചടങ്ങില്‍ ആദ്യ ഫണ്ട് കിറ്റുകള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: