മൂവാറ്റുപുഴ: അരമനപള്ളിയെ ചൊല്ലി യാക്കോബായ സഭകള്‍ തമ്മിലുള്ള വിവാദം പിന്നെയും ചൂടുപിടിക്കുന്നു. യാക്കോബായ സുറിയാനി സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത് കൈവശം വച്ചിട്ടുള്ള മൂവാറ്റുപുഴ അരമന പള്ളിയും സ്വത്തുക്കളും യാതൊരു വിധ കേടുപാടുകളും കൂടാതെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 4ന് രാവിലെ 10മുതല്‍ 2വരെ മൂവാറ്റുപുഴ അരമന പടിയില്‍ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തമാരും വൈദീകരും പള്ളി ഭരണ സമിതി അംഗങ്ങളും, പ്രതിനിധികളും പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്ന് പത്ര സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
76മുതല്‍ 96രെ കാതോലിക്ക സഭ മേലധ്യക്ഷന് മോര് ബസ്സേലിയോസ് പൗലോസ് രണ്ടാമന് താമസിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്ന അരമനപള്ളി യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ മെത്രാപ്പൊലീത്ത അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും, അവിടെ അനധികൃത നിര്‍മ്മാണം നടത്തിവരികയാണെന്നുമാണ് യാക്കോബായ സുറിയാനി സഭ ആരോപിക്കുന്നത്.
യാക്കോബായ സുറിയാനി സഭയുടെതായി ആധാരത്തില്‍ കാണിച്ചിട്ടുള്ള സ്ഥലത്ത് അവരുടെ അനുവാദം ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഉദ്യോഗസ്ഥ നേതൃത്വവും, രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണെന്നും മെത്രാപ്പൊലീത്ത ആരോപിച്ചു.
നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുവാനൊ യാക്കോബായ സുറിയാനി വിഭാഗത്തിന്റെ വാദങ്ങള്‍ കേള്‍ക്കാനൊ മുനിസിപ്പല്‍ അധികൃതരൊ, കളക്ടറൊ തയ്യാറായില്ല. ആധാരത്തില്‍ യാക്കോബായ സഭയുടെതെന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ കരമടച്ചതിന് മാറാടി വില്ലേജില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം മേധാവിയുടെ പേരില്‍ കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് ക്രമവിരുദ്ധമാണെന്നും, ഈ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് പ്ലാന്‍ സമര്‍പ്പിക്കുകയും നിര്‍മ്മാണം നടത്തുവാന്‍ നഗരസഭ അനുവാദം നല്‍കുകയും ചെയ്തത് ചട്ടവിരുദ്ധമാണെന്നും ഡോ. മാത്യൂസ് ഇവാനിയോസ് പറഞ്ഞു.
രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും എതിരു നില്‍ക്കുമ്പോഴും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്ക്കവേണ്ടി ഏത് തലം വരെയും സമരം തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നും, അത് പക്ഷെ പ്രാര്‍ത്ഥനാ സമരം മാത്രമായിരിക്കുമെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ അരമന പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇരുവിഭാഗവും ഇവിടെ പരസ്പരം പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്ന് ശാന്തമായ അന്തരീക്ഷത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: