തിരുവനന്തപുരം : എട്ടു മത്സ്യത്തൊഴിലാളികളെ കൊന്നൊടുക്കിയ മാറാട് സംഭവം നടന്ന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായി. നാളെ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ആര്‍ക്കെതിരെയും നടന്നിട്ടില്ലാത്ത നിഷ്ഠൂരമായ സംഭവമാണ് 2003 മെയ് രണ്ടിന് മാറാടുണ്ടായത്.
മാറാട് സംഭവം യാദൃച്ഛികമാണെന്ന് ആരും കരുതുന്നില്ല. പൈശാചികവും ഏകപക്ഷീയവുമായ അക്രമത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. വിദേശ പണവും ബന്ധവുമുണ്ട്. ബാഹ്യശക്തികളുടെ ഇടപെടലുണ്ട്. അന്ന് പ്രതിപക്ഷവും മുസ്ലീം തീവ്രവാദികളും അംഗീകരിക്കാത്ത ആ സത്യം ഇന്ന് അവരും അംഗീകരിക്കുന്നു. ജുഡീഷ്യല്‍ കമ്മീഷനും അക്കാര്യം അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അന്ന് ഭീകരര്ക്കനുകൂലമായ നിലപാടെടുത്ത സിപിഎമ്മിലെയും കോണ്‍ഗ്രസ്സിലെയും മുസ്ലീംലീഗിലെയും നേതാക്കള്‍ പോലും വിദഗ്ധവും വിശദവുമായ അന്വേഷണം വേണമെന്ന കമ്മീഷന് നിലപാടിനെ അംഗീകരിക്കുന്നു. ഇടത് സര്‍ക്കാര്‍ രണ്ട് തവണ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇന്നത്തെ സര്‍ക്കാരും സിബിഐ അന്വേഷണം നടക്കണമെന്ന പക്ഷത്താണെന്ന് തലയാട്ടി സമ്മതിക്കുന്നു.
എട്ട് പേര് കൊല്ലപ്പെടുകയും 15 പേര് വെട്ടുംകുത്തുമേറ്റ് ജീവച്ഛവമാകുകയും ചെയ്തിട്ടും പല്ലിന് പല്ല് എന്ന നിലപാട് മാറാടുകാര്‍ സ്വീകരിച്ചില്ല. സഹന സമരത്തിലൂടെ സത്യം തെളിയിക്കുമെന്നും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഹൈന്ദവസംഘടനകള്‍ ഒന്നടങ്കം നല്കിയ ഉറപ്പില്‍ അവര്‍ക്ക് വിശ്വാസമായിരുന്നു. എല്ലാം മറന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങി. കടപ്പുറത്തെ ഒരു സാധാരണ വഴക്കും വക്കാണവും എന്നാശ്വസിച്ച് അനങ്ങാതിരുന്ന സര്‍ക്കാരിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു. 146-ാം ദിവസം മുഖ്യമന്ത്രി എ.കെ.ആന്റണി ഹിന്ദു സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചു. 2003 ഒക്ടോബര്‍ 5ന് ഉണ്ടായ ഒത്തുതീര്‍പ്പില്‍ കഷ്ടനഷ്ടം വന്നവര്‍ക്ക് ആശ്വാസം നല്കാന് ചില നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി. അതോടൊപ്പം ഏറെ പ്രധാനപ്പെട്ടതായിരുന്നു സിബിഐ അന്വേഷണത്തിനുള്ള ധാരണ.
കേരളീയ മനസാക്ഷി ഒന്നടങ്കം മാറാട് സംഭവത്തിന്റെ നിഗൂഢതകള്‍ പുറത്ത് കൊണ്ടുവരണമെന്നാഗ്രഹിക്കുന്നു. അതിനുള്ള പോംവഴി സിബിഐ അന്വേഷണമാണെന്നവര് വിശ്വസിക്കുന്നു. നേരറിയാന്‍ സിബിഐ തന്നെ വേണമെന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ മനസ്സളക്കാന്‍ എന്തേ സിബിഐക്ക് കഴിയുന്നില്ല ? ആരാണതിന് തടസ്സം ? പുറത്ത് പറയുന്ന തീരുമാനമല്ല സിബിഐക്കും കേന്ദ്രമന്ത്രിസഭക്കും മുന്നിലെത്തുന്നതെന്നാണോ ? അതിനെക്കുറിച്ചും ഒരന്വേഷണം അനിവാര്യമാക്കുകയാണോ ? മാറാട് ക്രൂരതയുടെ പത്താം വാര്‍ഷികം പിന്നിടുംമുമ്പെങ്കിലും വ്യക്തതവരില്ലേ ? വന്നേ തീരു എന്ന് പറയാനുള്ള സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: