പിറവം: നടക്കാവ് റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഷെയ്ഖ് എം.പരീത് പിറവം, മുളന്തുരുത്തി മേഖലയിലെത്തി പരിശോധന നടത്തി.
കുടിവെള്ള പൈപ്പ് കൊണ്ടുപോകുന്നതിനായി കോടികള്‍ ചെലവഴിച്ച് ഹൈവേ നിലവാരത്തിലേക്ക് ഉയര്‍ത്തിയ റോഡ് കുത്തിപ്പൊളിക്കാതെ, സമാന്തരമായി വെട്ടിക്കല്‍ വഴി പൈപ്പ് സ്ഥാപിക്കണമെന്ന് മേഖലയിലെ ജനപ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും കഴിഞ്ഞ ദിവസം എറണാകുളത്ത് മന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് സംബന്ധച്ച് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ പിറവം മേഖലിയില്‍ നിന്നുമെത്തിയവര്‍ ഇറങ്ങി പോയതിനാലാണ്, കളക്ടര്‍ പ്രശ്നം സംബന്ധിച്ച് വീണ്ടുമൊരു യോഗം വിളിക്കാന്‍ തീരുമാനമായത്. യോഗം കഴിഞ്ഞദിവസം നടക്കേണ്ടതായിരുന്നെങ്കിലും കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാത്തതിനാല്‍ യോഗം മാറ്റിവയ്ക്കേണ്ടിവന്നു. ഈ സഹചര്യത്തിലാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.
ജനപ്രതിനിധികളും സംഘടനാഭാരവാഹികളും കളക്ടറെ കണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. വെട്ടിക്കല്‍ വഴി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള പ്രധാന പാതയായ നടക്കാവ് റോഡ് കുത്തിപ്പൊളിച്ച് ഗതാഗതം തടസപ്പെടുത്തിയാല്‍ ഏറെ ദുരിതമായിരിക്കും ഉണ്ടാവുന്നതെന്ന് ബോധ്യപ്പെടുത്തി.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നുള്ളത് പിറവം, പേപ്പതി, ആരക്കുന്നം, മുളന്തുരുത്തി പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജനറം പദ്ധതിയെക്കുറിച്ച് ആദ്യ സര്‍വേ നടന്നപ്പോള്‍ വെട്ടിക്കല്‍ വഴിയായിരുന്നു പരിഗണിച്ചിരുന്നതത്രെ. പിന്നീട് ചില ഉദ്യോഗസ്ഥരുടെ സമ്മര്ദ്ദത്തെത്തുടര്ന്നാണന്ന് പറയുന്നു നടക്കാവ് റോഡ് വഴി പൈപ്പ് വലിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വാട്ടര്‍ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം നടക്കാവ് റോഡ് തകര്‍ക്കണമെന്ന പിടിവാശിയില്‍നിന്നും ഇനിയും പിന്നോട്ടുപോയിട്ടില്ലെന്ന് അറിയുന്നു.
കളക്ടര്‍ അടുത്ത ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇതിന് ശേഷം മാറ്റിവച്ച ജനപ്രതിനിധികളുടെ യോഗം വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. നടക്കാവ് റോഡ് കുത്തിപ്പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് ജനതാദള്‍-എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പിറവത്ത് കരിദിനമാചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: