എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പട്ടണത്തിന്റെ മദ്ധ്യഭാഗത്താണ് വിദ്യാസ്വരൂപിണിയായ സരസ്വതിയുടെ ഈ ക്ഷേത്രം. പണ്ട് പറവൂര്‍ ദേശം വാണിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ കൂടെക്കൂടെ കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയിവരുമായിരുന്നു. പ്രായം ഏറെ ആയപ്പോള്‍ കൊല്ലൂര്‍ വരെ പോകുന്ന കാര്യത്തില്‍ അദ്ദേഹം ഉത്കണാഠകുലനായി. എപ്പോഴും അതായി ചിന്ത. ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. ഇവിടെതന്നെ ദേവിയെ പ്രതിഷ്ഠിച്ച് പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്. അങ്ങനെ പറവൂര്‍ കോട്ടക്ക് പൂറത്ത് ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ ദര്‍ശനം നടത്തിവന്നു. നാട്ടുകാര്‍ക്ക് തൊഴുന്നതിനുള്ള അനുവാദവും അദ്ദേഹം നല്‍കി. ക്ഷേത്രത്തെക്കുറിച്ച് പുറത്തേക്ക് അറിയുവാന്‍ അത് കാരണമായി. ദക്ഷിണമുകാംബി എന്ന് പ്രസിദ്ധമാകുകയും ചെയ്തു. അന്ന് ഉപപ്രതിഷ്ഠകളൊന്നും ഉണ്ടായിരുന്നില്ല.
ശ്രീകോവിലിനു ചുറ്റും നാലുവശവും വെള്ളം. കൊല്ലൂരിലെ സൗപര്‍ണ്ണികാനദിയുടെ സങ്കല്‍പമാണീ തീര്‍ത്ഥത്തിന് തമ്പുരാന്‍ നല്‍കിയത്. തീര്‍ത്ഥത്തില്‍ താമരപ്പൂക്കള്‍, വെള്ള വസ്ത്രമുടുത്ത് വെള്ളത്താമരയിലിരിക്കുന്ന ദേവിയുടെ ഇടതു കൈകളില്‍ ഒന്നില്‍ വെള്ളത്താമരയും മറ്റേതില്‍ ഗ്രന്ഥവും വലതു കൈകളില്‍ അക്ഷരമാലയും വ്യാഖ്യാനമുദ്രയും. ശ്രീകോവില്‍ ചുറ്റിയുള്ള ദര്‍ശനം ഭക്തര്‍ക്ക് പ്രത്യേക അനുഭവം.
നവരാത്രി ആഘോഷമാണ് ഇവിടെ പ്രധാനം. നിത്യവും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ഇവിടെ വിജയദശമിക്ക് എഴുതാന്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ എത്തിച്ചേരും. സംഗീതാര്‍ച്ചനയും ദേവിക്ക് പ്രിയം. ദേവിയുടെ സവിധത്തിലെത്തി സംഗീതാര്‍ച്ചന നടത്തുന്നവര്‍ ഒട്ടനവധിയാണ്. വിദൂരദേശങ്ങളില്‍ നിന്നുപോലും ഇവിടെ എത്തുന്ന കലാകാരന്മാര്‍ക്കും കണക്കില്ല. മകരമാസത്തിലും ഇവിടെ ഉത്സവം ഉണ്ട്. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായി പത്തുദിവസത്തെ ഉത്സവം. അന്നുമാത്രമേ ഇവിടെ ആനയെ എഴുന്നെള്ളിക്കാറുള്ളൂ.
ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഉച്ചാരണത്തില്‍ വ്യക്തതയില്ലാത്തവര്‍ക്കും പൊതുവെ വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷമുണ്ടാകാനും ഇവിടത്തെ കഷായനേദ്യം ഫലപ്രദമാണെന്ന് വിശ്വാസം. പതിനാറുകൂട്ടം മരുന്നുകള്‍ കൊണ്ടു തയ്യാറാക്കുന്ന ഈ കഷായം അത്താ ഴപൂജകഴിഞ്ഞാണ് പ്രസാദമായി കിട്ടുക. ശ്രീവിദ്യാമന്ത്രം കൊണ്ടുള്ള അര്‍ച്ചനയും ഉണ്ട്. പഠനോപകരണങ്ങള്‍ പൂജിക്കാനെത്തുന്നവരും കുറവല്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പറവൂര്‍ ഗ്രൂപ്പില്‍പ്പെട്ട മേജര്‍ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ താന്ത്രികം തൃപ്പുണിത്തുറ പുലിയന്നൂര്‍ മനയ്‌ക്കല്‍ നമ്പൂതിരിപ്പാടാണ് നിര്‍വ്വഹിച്ചുപോരുന്നത്.
ക്ഷേത്രത്തിനു മുന്നില്‍ വലിയൊരു കുളം. അതിനടുത്ത് റോഡരുകില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. നാലും പാടും വഴി. ക്ഷേത്രനടയിലെ ഇളകിയ മണലില്‍ വിശ്രമിക്കാനെത്തുന്നവരും ശാന്തി തേടുന്നവരും അനവധിയാണ്.
പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: