നിരോധിത തീവ്രവാദ സംഘടനയായ ‘സിമി’യുടെ പ്രവര്‍ത്തനം കേരളത്തില്‍ ഇപ്പോഴും സജീവമാണെന്നും അതിനാല്‍ ആ സംഘടനയുടെ നിരോധനം നീട്ടണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുകയാണ്. വാഗമണ്‍ ക്യാമ്പ്, പാനായിക്കുളം യോഗം, അധ്യാപകന്റെ കൈവെട്ട് കേസ് എന്നിവയിലെല്ലാം കേരള പോലീസ് ‘സിമി’ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്നവുമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)ക്ക് അല്‍ ഖ്വയ്ദയായിട്ടും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആയിട്ടും ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. സിമിയുടെ സാന്നിധ്യം പ്രകടമാക്കുന്ന ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും വഴി ജിഹാദ് ലക്ഷ്യമിട്ടുള്ള അവരുടെ പ്രചാരണം ഇപ്പോഴും ശക്തമാണ്. കോഴിക്കോട്ടെ ഒരു ബുക്ക്സ്റ്റാളില്‍നിന്നും ഇവരുടെ ആശയപ്രചാരണ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമായതായി വാര്‍ത്തയുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സിമി സാന്നിധ്യം തെളിയിച്ചത് പോലീസിന്റെ സൈബര്‍ സെല്‍ ആസ്ഥാനത്തുനിന്നും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ്. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. 2001 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സിമി നിരോധനം 2003, 2006, 2008, 2010 വര്‍ഷങ്ങളില്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈ സ്ഫോടനക്കേസിലും ‘സിമി’ക്ക് ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്നു.
2008 ന് ശേഷം ‘സിമി’ സാന്നിധ്യം തെളിയിക്കുന്ന എട്ടോളം സംഭവങ്ങളുണ്ടായെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവത്തിലും ‘സിമി’ ബന്ധമാണ് തെളിഞ്ഞത്. ഇപ്പോള്‍ ‘സിമി’ തീവ്രവാദികള്‍ പോലീസടക്കം പല വകുപ്പുകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയവും ശക്തമാണ്. ഈ സംശയം ശക്തിപ്പെടുത്തിയ സംഭവമാണ് പോലീസുകാരന്റെ ഇ-മെയില്‍ ചോര്‍ത്തല്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളിലും ‘സിമി’യുടെ സാന്നിധ്യം ഉണ്ടെന്ന് കേരളം സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമി, എന്‍ഡിഎഫ് സംഘടനകളില്‍പ്പെട്ട തീവ്രവാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും തീവ്രവാദം പ്രചരിപ്പിക്കാനും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് എന്നും മന്ത്രി ആര്യാടന് മുഹമ്മദും ആരോപിക്കുന്നു. ഇവര്‍ പല പേരുകളില്‍ വരുമെന്ന് ആര്യാടന് മുന്നറിയിപ്പ് നല്കുന്നു. ‘സിമി’ പേരു മാറി പല സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് ഈ സംഘടനയുടെ നിരോധനം നീട്ടിയതെന്ന് കേന്ദ്രസര്‍ക്കാരും പ്രസ്താവിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ദല്‍ഹി മുതലായ സംസ്ഥാനങ്ങളിലാണ് മറ്റ് പേരുകളില്‍ ‘സിമി’ പ്രവര്‍ത്തനം നടത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ‘സിമി’യുടെ നിരോധനം നീട്ടിയിരുന്നത്.
കേരളത്തില്‍ മതതീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ഈയിടെ ഉണ്ടാകുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കിന്റെ പശ്ചാത്തലത്തിലാണ്. ബംഗ്ലാദേശികളായ തൊഴിലാളികള്‍ക്കൊപ്പം തീവ്രവാദികളും വ്യാപകമായെത്തുന്നുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോവി (ഐബി)നും ലഭിച്ചിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ തീവ്രവാദികളും ഇക്കൂട്ടത്തിലുണ്ടെന്ന സംശയം ബലപ്പെട്ടത് കടുത്തുരുത്തിയില്‍ പിടിയിലായ ബംഗ്ലാദേശികള്‍ പാക്കിസ്ഥാനിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ്. പാക്കിസ്ഥാനില്‍ തീവ്രവാദ പരിശീലനം ലഭിച്ച തീവ്രവാദികള്‍ ഇന്ത്യയിലേക്കെത്തുന്നത് ബംഗ്ലാദേശ് വഴിയാണ് എന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളം ഇന്ത്യന്‍ മുജാഹിദ്ദീന്റെ റിക്രൂട്ടിംഗ് ഏരിയയാണെന്ന് തടിയന്റവിട നസീര്‍ സംഭവം തെളിയിച്ചിരുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് പാക്കിസ്ഥാനില്‍ അടിയ്ക്കുന്ന കള്ളനോട്ടുകള്‍ കേരളത്തിലെത്തുന്നത്.
കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകള്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് തീവ്രവാദവും ശക്തിപ്പെടുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതോടെ വനംവകുപ്പ് പരിശോധന ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് മേധാവി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വനംമന്ത്രി ഗണേഷ്കുമാറും കേരളത്തിലെ വനമേഖലയിലെ തീവ്രവാാദി സാന്നിധ്യം സൂചിപ്പിച്ചിരുന്നു. വനത്തിലെ ആദിവാസി ഉൗരുകളിലാണ് അന്യസംസ്ഥാന മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. മാവോയിസ്റ്റുകള്‍ മറ്റ് സംസ്ഥാനങ്ങളിലും ആദ്യം സ്വാധീനിക്കുന്നതും ആദിവാസി വിഭാഗക്കാരെയാണ്. കേരളം ഈ വിധം ദ്വിമുഖ ഭീഷണി നേരിടുന്ന സംസ്ഥാനമാണ്. ഇന്ന് സംസ്ഥാന ഭരണം പോലും നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണ്. മുസ്ലീംലീഗിലും ‘സിമി’ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന ആരോപണമുണ്ട്. ഒപ്പം ലീഗ് വെല്ലുവിളി മനോഭാവം തുടരുന്നത് ആശങ്കയുയര്‍ത്തുന്നു. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെ താഴാനും ആരുടെ മുമ്പിലും മുട്ടുമടക്കാനും തയ്യാറായി കോണ്‍ഗ്രസ് മതമേധാവികളുടെ ആസ്ഥാനത്തേക്ക് തീര്‍ത്ഥയാത്ര നടത്തുമ്പോഴും കേരളം സാവധാനം സിമി-മാവോ തീവ്രവാദി സംഘടനകളുടെ പിടിയിലമരുന്ന കാര്യം ശ്രദ്ധിക്കാന്‍ സമയമില്ലാത്ത സര്‍ക്കാരാണിവിടെ ഭരണം നടത്തുന്നത്. കേരളത്തില്‍ വേരുറക്കുന്ന മതതീവ്രവാദത്തിനെതിരെ പരസ്യമായി ആശങ്ക പ്രകടിപ്പിക്കുമ്പോഴും മുസ്ലീംവോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇക്കൂട്ടരെ പ്രീണിപ്പിക്കാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് നേതൃത്വം നല്കുന്നവര് അല്പം പോലും മടിക്കാറില്ല. ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ചുകൊണ്ടല്ലാതെ മതതീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഫലപ്രദമായി നേരിടാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: