കൊച്ചി: ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധരുടെ സംഘടനയായ നാഷണല്‍ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സിലിന്റെ വാര്‍ഷികസമ്മേളനം പ്രശസ്ത ഇന്‍വേസീവ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഗവേഷകന് ഡോ. സെസ്കോ കെദേവ് ഉദ്ഘാടനംചെയ്തു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. അശോക് സേട്ട് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. സന്ദീപ് മിശ്ര, സംഘാടകസമിതി ചെയര്മാന് ഡോ. പി.പി. മോഹനന്, സെക്രട്ടറി ഡോ. റോണി മാത്യു, ജോ.സെക്രട്ടറി ഡോ. എ. ജാബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൃദയവാല്‍വിന്റെ ചോര്‍ച്ച ശസ്ത്രക്രിയയിലൂടെയല്ലാതെ ബലൂണ്‍ ചികിത്സയിലൂടെ പരിഹരിക്കുന്ന മിത്രാക്ലിപ്പ് രീതിയെക്കുറിച്ച് സമ്മേളനം ചര്‍ച്ച നടത്തി. റോമിലെ ഡോര്വെര്ഗാത്ത ആശുപത്രിയിലെ ചികിത്സ തല്‍സമയം സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇതുസംബന്ധിച്ച വിശകലനങ്ങള്‍ നടന്നത്. ഡോ. ഡഗല്‍ മക്ലീന്, ഡോ. പീറ്റര്‍ ഫിറ്റ്സ്ജെറാള്‍ഡ് എന്നിവര്‍ നേതൃത്വം നല്കി. സാധാരണ ലോഹനിര്‍മിത സ്റ്റെന്റുകള്‍ക്ക് പകരമായി ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ അലിഞ്ഞുചേരുന്ന (ബയോ അബ്സോര്‍ബബിള്‍) സ്റ്റെന്റിനെക്കുറിച്ചും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ആരോഗ്യ ഇന്ഷ്വറന്സ്മേഖല ഇന്ത്യയില്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും സാധാരണക്കാര്‍ക്കും വിദഗ്ധ ചികിത്സ പ്രാപ്യമാകാന്‍ ഈ രംഗത്ത് പ്രയോജനകരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് സമ്മേളനം വിലയിരുത്തി. പുതിയ ചികിത്സാ സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്തു. 1300ലധികം ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധര്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: