അറബിക്കടല്‍ ഹായ് അലര്‍ട്ട് ഏരിയ ആയി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുക, കപ്പല്‍ സഞ്ചാരപഥം 60 നോട്ടിക്കല്‍ മെയിലിനപ്പുറമായി നിജപ്പെടുത്തുക, തീരദേശസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, മത്സ്യത്തൊഴിലാളി സംഘടനാ പ്രാതിനിധ്യം ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ ജാഗ്രത സമിതി രൂപീകരിക്കുക, കപ്പലപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കേസ് നടത്തിപ്പിന് അന്താരാഷ്ട്ര കടല്‍ നിയമങ്ങളില്‍ പ്രാവീണ്യമുള്ള വിദഗ്ദ്ധരായ അഭിഭാഷകരെ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എല്ലാ മത്സ്യത്തൊഴിലാളി സംഘടനകളുടെയും പ്രാതിനിധ്യം ഉള്ള കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് വൈകുന്നേരം 4 മണിക്ക് കേരളത്തിന്റെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളി സുരക്ഷക്ക് മനുഷ്യസാഗരം എന്ന പരിപാടി സംഘടിപ്പിക്കുകയാണ്.
ഈ അടുത്ത കാലത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതും മറ്റൊരു കപ്പലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതുമായ സംഭവങ്ങള്‍ മത്സ്യമേഖലയില്‍ ഭയാശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഒഴുക്കുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരുടെ വല കപ്പല്‍ കയറി നഷ്ടപ്പെടുത്തിയ നൂറ് കണക്കിന് സംഭവങ്ങള്‍ ഈ മേഖലയാകെ പരിഭ്രാന്തി പരത്തിയിരിക്കുന്നു. അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരുടെ സാമീപ്യമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അറബിക്കടല്‍ ഹായ് അലര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇതുവഴി ദിനംപ്രതി പോകുന്ന ആയിരക്കണക്കിനു കപ്പലുകള്‍ തീരക്കടലിലൂടെ യാത്രാപഥം മാറിസഞ്ചരിക്കുന്നത്. നാലായിരം കി.മീറ്ററിനപ്പുറം ഉണ്ടെന്ന് പറയപ്പെടുന്ന കടല്‍ കൊള്ളക്കാരില്‍ നിന്നും മാറി സഞ്ചരിക്കുന്ന കപ്പലുകള്‍ നമ്മുടെ മത്സ്യബന്ധന മേഖലയില്‍ പ്രവേശിച്ചതോടെയാണ് ഇത്തരം ഭയാശങ്കകള്‍ സൃഷ്ടിക്കപ്പെട്ടത്.
കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മെയില്‍ വരെയുള്ള (22 കി. മീ) കടല്‍ പ്രദേശം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയാണ്. തൊട്ടടുത്ത 22 കി. മീ പ്രദേശത്തെ സമീപ സമുദ്രപ്രദേശമായി കണക്കാക്കുന്നു. 370 കി.മീറ്റര്‍ വരെയുള്ള കടല്‍ പ്രദേശം തനതു സാമ്പത്തിക മേഖലയായി കണക്കാക്കപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ മൂന്നാം കടല്‍ നിയമ കണ്വെന്ഷന് അംഗീകരിച്ചിട്ടുള്ള കടല്‍ പരിധി വ്യവസ്ഥകളെ കണക്കിലെടുത്താണ് 1976ല്‍ ഇന്ത്യ കടല്‍ മേഖലാ നിയമം ആവിഷ്ക്കരിച്ചിട്ടുള്ളത്. ഈ നിയമമനുസരിച്ച് 200 നോട്ടിക്കല്‍ മെയില്‍ ദൂരം (370 കി.മീ) വരെ കടലിന്റെയും കടല്സമ്പത്തുക്കളുടെയും സമ്പൂര്‍ണ്ണമായ അവകാശം നമ്മുടെ രാജ്യത്തിനുള്ളതാണ്. ഇതനുസരിച്ച് ഇതിലൂടെ കടന്നുപോകുന്ന ഏതു കപ്പലുകള്‍ക്കും ഇന്ത്യയുടെ മാരി ടൈം സോണ്‍ ആക്ട് അനുസരിക്കാന്‍ ബാധ്യതയുണ്ട്. ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയുതിര്‍ത്ത സംഭവത്തില്‍ അന്താരാഷ്ട്ര കടല്‍ നിയമത്തിന്റെയും ഇന്ത്യന്‍ നിയമത്തിന്റെയും നിര്‍ബന്ധമായ വ്യവസ്ഥകള്‍ പാടെ ലംഘിച്ചിരിക്കുകയാണ്.
പരമ്പരാഗതമായി കടലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ഒരു കോടിയോളം വരുന്ന ജനതയുടെ തൊഴിലും ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായിട്ടും അത്തരമൊരു നിയമം ഉണ്ടായിട്ടില്ല. 22 കി.മീ അപ്പുറത്തുള്ള തനതു സാമ്പത്തിക കടല്‍ പ്രദേശത്ത് 370 കി.മീ വരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ അധികാരപരിധിയില്‍ മീന്‍ പിടിക്കുന്നതിനും പരിപാലിക്കുന്നതിനും കടല്‍വഴിയുള്ള അക്രമങ്ങള്‍ തടയുന്നതിനും പ്രതിരോധ നടപടികള്‍ സംഘടിപ്പിക്കുന്നതിനും സമുദ്രമത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉണ്ടാക്കാന്‍ പ്രഖ്യാപനം നടത്തിയിട്ട് 2009ല്‍ അബദ്ധജടിലമായ ഒരു കരട് നിയമം പുറത്തിറക്കിയതല്ലാതെ കുറ്റമറ്റ നിയമം ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ നടപടിയൊന്നും ഉണ്ടായില്ല. ഇത്തരം അലംഭാവ സമീപനമാണ് ഇറ്റാലിയന്‍ അധികൃതര്‍ക്കും വിദേശകുത്തകകള്ക്കുമെല്ലാം ഇന്ത്യന്‍ കടലില്‍ അക്രമം നടത്തിയിട്ടും ന്യായീകരിക്കാന്‍ അവസരം സൃഷ്ടിച്ചിട്ടുള്ളത്. കടല്‍ നിയമങ്ങള്‍ ശക്തമാക്കി കടന്നുകയറ്റം തടയാനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലവകാശം നിയമപരമായി സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ ഇനിയെങ്കിലും തയ്യാറാകണം.
മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവനും നഷ്ടപ്പെടുന്ന അതീവഗുരുതരമായ സാഹചര്യത്തിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ചേര്‍ന്ന് ഏപ്രില്‍ 28ന്റെ മനുഷ്യസാഗരം പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളെല്ലാം ഇതിനെ പിന്തുണക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ഖജനാവില്‍ പതിനാലായിരം കോടി വിദേശനാണ്യം നേടിക്കൊടുത്ത മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാറും, അതിന് സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ പൊതുസമൂഹവും തയ്യാറാകുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരേസമയത്ത് നടക്കുന്ന മനുഷ്യസാഗരം പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.
എന്‍.പി. രാധാകൃഷ്ണന് (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: