ഇറ്റാലിയന്‍ ബന്ധത്തില്‍ കുരുങ്ങി രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസിനേയും അഴിമതിയുടെ പ്രതീകങ്ങളാക്കി മാറ്റിയ ബോഫോഴ്സ് കുംഭകോണം വീണ്ടും പുനരവതരിച്ചിരിക്കുകയാണ്. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ബോഫോഴ്സ് ആയുധ ഇടപാടില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നും പക്ഷെ സോണിയാഗാന്ധിയുടെ കുടുംബസുഹൃത്തായ ഒട്ടാവിയോ ക്വത്റോച്ചി എന്ന ഇടനിലക്കാരന് കോഴ വാങ്ങി എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് രാജീവ് ഗാന്ധി സ്വീകരിച്ചതെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.
ക്വത്ത്റോച്ചിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. ബോഫോഴ്സ് ഇടപാടില്‍ നടന്ന കോഴയെപ്പറ്റി ഹിന്ദു പത്രത്തിന്റെ ലേഖിക ചിത്ര സുബ്രഹ്മണ്യത്തിന് രേഖകള്‍ സഹിതം വിവരം നല്കിയ സ്വീഡിഷ് പോലീസ് മുന്‍ മേധാവി സ്റ്റെന്‍ ലിന്റ്സ്റ്റോമാണ് ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ക്വത്റോച്ചിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അയാളുടെ പേര് പോലും പരാമര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ബോഫോഴ്സ് എംഡി ആര്‍ഡ് ശ്രദ്ധിച്ചത് ക്വത്ത്റോച്ചി സോണിയയുടെ കുടുംബസുഹൃത്തായ കാരണമായിരുന്നു. ഈ ഇടപാടിലെ ഇടനില കമ്പനിയായ എ.ഇ.സര്‍വീസിന് നല്കിയ തുക എത്തിപ്പെട്ടതും ക്വത്റോച്ചിയുടെ അക്കൗണ്ടില്‍ ആയിരുന്നു. ഈ തുക പിന്‍വലിക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത് അദ്ദേഹത്തിനെതിരെ തെളിവില്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വീഡനേയും സ്വിറ്റ്സര്‍ലന്റിനേയും ഈ കേസ് അന്വേഷിക്കുന്നതില്‍നിന്നും ഇന്ത്യ വിലക്കിയിരുന്നു. ഒടുവില്‍ കുറ്റാരോപിതനായ ക്വത്റോച്ചിക്ക് ഇന്ത്യ വിടാന്‍ സൗകര്യമൊരുക്കിയതും കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയായിരുന്നു. ക്വത്റോച്ചിയെ സംരക്ഷിക്കാന്‍ രാജീവ്ഗാന്ധിയും സര്‍ക്കാരും ഒറ്റക്കെട്ടായിരുന്നു എന്ന് ബിജെപി ആരോപിക്കുന്നു.
നൂറിലേറെ പീരങ്കികള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീഡിഷ് ആയുധ കമ്പനിയായ എ.ബി ബോഫോഴ്സുമായി 140 കോടി ഡോളറിന്റെ കരാറാണ് ഒപ്പിട്ടത്. 1987 ഏപ്രില്‍ 16 ന് കരാര്‍ നേടി എടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബോഫോഴ്സ് കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ് റേഡിയോ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് അഴിമതി വെളിപ്പെടുത്തിയത്. ഇടപാടില്‍ 640 കോടി രൂപയുടെ അഴിമതി നടന്നു എന്നും രാജീവ് ഗാന്ധിയടക്കമുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിട്ടും തെളിവില്ലെന്ന് പറഞ്ഞ് ദല്‍ഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയിരുന്നു. ക്വത്റോച്ചിക്കെതിരെയുള്ള അന്വേഷണത്തില്‍ ക്വത്റോച്ചിയെ സംരക്ഷിക്കുന്ന നിലപാടാണ് രാജീവ്ഗാന്ധി സ്വീകരിച്ചതെന്ന് ലിന്‍ഡ് സ്റ്റോം പറയുന്നു. കേസിലെ മുഖ്യപ്രതി ക്വത്റോച്ചി 2007 ഫെബ്രുവരി ഏഴിന് അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ ഉപകരണമായ സിബിഐ തന്ത്രപരമായി കരുക്കള്‍ നീക്കി അര്‍ജന്റീനിയന്‍ കോടതിയെക്കൊണ്ട് കേസ് തള്ളിപ്പിച്ചു. സെപ്തംബര്‍ 29 ന് ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് സോണിയഗാന്ധിയുടെ താല്‍പ്പര്യപ്രകാരം ക്വത്റോച്ചിയെ ഇന്ത്യ വിടാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ ഇതിന് മാപ്പു പറയണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തനിനിറം പുറത്തുവന്നു എന്ന് ബിജെപി പറഞ്ഞു. ക്വത്റോച്ചിയും ഗാന്ധികുടുംബവും അടക്കം അധികാരം കയ്യാളിയിരുന്നവരുടെ ബന്ധം കൂടി അന്വേഷിക്കണം എന്നും അഴിമതിക്കാരനായ ക്വത്റോച്ചിയെ സംരക്ഷിക്കാന്‍ രാജീവ്ഗാന്ധി ശ്രമിച്ചത് ഗുരുതരമായ വിഷയമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
ബോഫോഴ്സ് കേസ് അടഞ്ഞ അധ്യായമാണെന്നും അത് വീണ്ടും തുറക്കേണ്ടതില്ലെന്നും പറയുന്ന കോണ്‍ഗ്രസ് ഇപ്പോഴും തെളിയിക്കുന്നത് സോണിയാഗാന്ധിയോടും ഇറ്റാലിയന്‍ സര്‍ക്കാരിനോടുമുള്ള വിധേയത്വമാണല്ലൊ. കേരള സമുദ്രാതിര്‍ത്തിക്കുള്ളില്‍ എന്റിക്കലെക്സിയിലെ നാവികര്‍ രണ്ട് കേരള മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തിലും കേന്ദ്രസര്‍ക്കാരിനുവേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞത് വെടിവെയ്പ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്ക് വെളിയിലാണെന്നും അതിനാല്‍ ഇറ്റാലിയന്‍ നാവികരെ ജയിലിലടക്കാനോ എന്റിക്കാ ലെക്സിയെ തടഞ്ഞുവെയ്ക്കാനോ കേരളത്തിനധികാരമില്ല എന്നുമാണല്ലൊ. ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞതുപോലെ ഇറ്റാലിയന്‍ ബന്ധം ഇടയ്ക്കിടെ ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ തെളിവാണിത്.
കേരള സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ച് വെടിവച്ച നാവികരെ ജയിലില്‍ അടയ്ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തതിനെ അന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയും മലയാളികളായ കേന്ദ്രമന്ത്രിമാരും ന്യായീകരിച്ചിരുന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളേയും ബോട്ട് ഉടമയേയും നഷ്ടപരിഹാരം നല്കി സ്വാധീനിച്ച് അവര്‍ നല്കിയ കേസുകള്‍ പിന്‍വലിപ്പിച്ചിരിക്കുകയാണ്. കേസില്‍ കേന്ദ്രം മലക്കംമറിയുന്നതും നാവികര്‍ സോണിയാഗാന്ധിയുടെ നാട്ടുകാര്‍ ആയതിനാലാണ് എന്ന് വ്യക്തം. ഇന്ത്യന്‍ സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മെയില്‍ കേരള സമുദ്രാതിര്‍ത്തിയും 20 നോട്ടിക്കല്‍ മെയില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയും ആണെന്ന് നിയമം നിലനില്ക്കുമ്പോള് വെടിവച്ചതായി തെളിഞ്ഞ നാവികരെ, തോക്കുകള്‍ സഹിതം ജയിലില്‍ ഇട്ടത് ന്യായം മാത്രമാണ്. കേന്ദ്രനിലപാടില്‍ അത്ഭുതംകൂറിയ സുപ്രീംകോടതിപോലും ചോദിച്ചത് മരിച്ചത് ഇന്ത്യന്‍ പൗരന്മാരല്ലേ എന്നായിരുന്നല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: