ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനും സന്ദേശവാഹകനുമായിരുന്ന തുളസീ മഹാരാജ് നിര്‍മലാനന്ദസ്വാമികളുടെ സമാധിദിനമാണിന്ന്. 1938 ഏപ്രില്‍ 26 നാണ് സ്വാമികള്‍ സമാധിയായത്. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന നീളയുടെ തീരത്ത് ഒറ്റപ്പാലത്താണ് സ്വാമിയുടെ അന്ത്യവിശ്രമം. സമാധികഴിഞ്ഞ് 74 വര്‍ഷം പിന്നിടുമ്പോഴും കേരളജനതക്ക് സ്വാമിയുടെ സംഭവാനകള്‍ പ്രചോദനമേകുന്നു. ജനങ്ങളുടെ ആദ്ധ്യാത്മിക പ്രബുദ്ധതക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രീരാമകൃഷ്ണപരമ്പരയിലെ പ്രഥമശിഷ്യനായിരുന്നു നിര്‍മലാനന്ദസ്വാമികള്‍. ‘അവനവനെ അവനവന് തന്നെയാണ് ഉയര്‍ത്തേണ്ടത് ‘ എന്ന നിര്‍മലാനന്ദജിയുടെ സിദ്ധാന്തം ആണ് പതിനാറ് ശ്രീരാമകൃഷ്ണമഠങ്ങള്‍ക്ക് കേരളത്തില്‍ ജന്മം നല്‍കാനും പരമഹംസ സന്ദേശം ഇവിടെ വേരുറപ്പിക്കാനും വഴിവച്ചത്. സ്വാമിജിയുടെ വ്യക്തിവൈഭവും ആദര്‍ശനിഷ്ഠയും നിശബ്ദവിപ്ലവത്തിലൂടെ അയിത്താചാരണത്തെ ഉന്മലനം ചെയ്തു. ശിവഭാവത്തില്‍ ജീവസേവ ചെയ്യുക മാത്രമായിരുന്നു ഈ രാമകൃഷ്ണശിഷ്യന്റെ ഉദ്ദേശ്യം.
സ്വാമിജി കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച ആശ്രമം ഹരിപ്പാട് ആയിരുന്നു. ഒരിക്കല്‍ ഇവിടെ പന്തിഭോജനം കഴിഞ്ഞ് എച്ചിലില എടുത്ത് മാറ്റുന്നതില്‍ തര്‍ക്കം ഉണ്ടായി. ഈ പ്രവൃത്തി സ്വയം ചെയ്ത് കാണിച്ചുകൊടുത്ത സംഭവം തര്ക്കിച്ചുനിന്നവര്ക്കുള്ള ചുട്ടമറുപടിയായി.
വിവേകാനന്ദസ്വാമിയില്‍ നിന്നുമാണ് ഇദ്ദേഹം സന്ന്യാസം സ്വീകരിച്ചത്. വളരെ ദുര്‍ലഭമായി കാണുന്ന സ്വഭാവത്തിന് ഉടമയായതുകൊണ്ടാണ് നിര്‍മലം എന്ന പേര് അദ്ദേഹത്തിന് സ്വായത്തമായത്. കല്‍ക്കട്ടയിലെ ദത്ത കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് തുളസീ ഭക്തയായ അമ്മയാണ് തുളസീചരന്‍ എന്ന പേരിട്ടത്. ചുട്ടയിലെ ശീലം ചുടലവരെ എന്ന പ്രമാണം ഇവിടെയും അന്വര്‍ത്ഥമായി. ചെറുപ്പം മുതലേ ഈ കുട്ടിയില്‍ കണ്ട വ്യക്തിവൈഭവം കാലം പിന്നിട്ടപ്പോള്‍ കൂടുതല്‍ തിളക്കമാര്‍ന്നു. ആദ്ധ്യാത്മികതയോടപ്പം ശാരീരിക ബലവും വളര്‍ത്താന്‍ സ്വാമിജി ശ്രദ്ധിച്ചിരുന്നു. ഇതുകൊണ്ടാകാം ചെറുപ്പകാലത്ത് നല്ലൊരു ജിംനാസ്റ്റിക് ആയിരുന്ന സ്വാമിജീ കല്‍ക്കത്തയില്‍ 17 ജിംനേഷ്യം നടത്തിയിരുന്നത്.
രാമകൃഷ്ണപരമഹംസരുടെ മരണശേഷം തുളസിയിലെ സംഘാടകനെ തിരിച്ചറിഞ്ഞതും പ്രവര്ത്തനനിരതനാക്കിയതും വിവേകാനന്ദസ്വാമികളായിരുന്നു. 1909 ല്‍ ബാംഗ്ലുര്‍ ആശ്രമത്തിന്റെ ചുമതല നിര്മലാനന്ദജിയെ ഏല്പിച്ചതോടെ തെക്കെഇന്ത്യയില്‍ രാമകൃഷ്ണചരിത്രം ആരംഭിക്കുകയായിരുന്നു. അങ്ങനെയാണ് 1911 ല്‍ സ്വാമിജി കേരളത്തില്‍ വരുന്നത്. ജാതിഭ്രാന്തിന്റെ ഇരയായ ജനങ്ങളെ ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞതില്‍ സ്വാമിയുടെ കഴിവ് പ്രശംസിക്കേണ്ടതാണ്. ശതാബ്ദിയുടെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന’ പ്രബുദ്ധകേരളം ‘എന്ന ആദ്ധ്യാത്മിക മാസിക 1915ല്‍ ആണ് പ്രസിദ്ധീകരണം തുടങ്ങിയത്. ഇതിലും സ്വാമിയുടെ വിജയത്തിന്റെ കൈയ്യൊപ്പ് നമുക്ക് കാണാം.
ജാതിമതഭേദമന്യേ എല്ലാവര്ക്കും രാമകൃഷ്ണാശ്രമത്തില്‍ തൊഴുന്നതിനും പൂജചെയ്യാനും ഉള്ള അവസരം നല്‍കിയിരുന്നു. ഇതിനെചൊല്ലി ആദ്യം കുറേ അപസ്വരങ്ങള്‍ ഉണ്ടായെങ്കിലും സ്വാമിജിയുടെ ആദര്‍ശനിഷ്ഠക്ക് മുമ്പില്‍ കേരളജനത സാഷ്ടാംഗപ്രണാമം ചെയ്തു.
ഭ്രഷ്ട് കല്പിച്ച നമ്പൂതിരി കുടുംബങ്ങളില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തിയെടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അകത്തളങ്ങളില്‍ കഴിഞ്ഞിരുന്ന നമ്പൂതിരിസ്ത്രീകളെ ആധുനിക ലോകത്തേക്ക് ഉയര്ത്തുവന്നരില് സ്വാമിജിവഹിച്ച പങ്ക്ചെറുതല്ല.
ചട്ടമ്പിസ്വാമികളും,ശ്രീനാരായണഗുരുദേവനും നടപ്പാക്കിയ സാമുദായിക പരിഷ്കാരവും ജാതിനിര്മാജനവും ആണ് മലയാളിയല്ലാത്ത നിര്മാലാനന്ദസ്വാമിയും ചെയ്തത്. ഐക്യകേരളത്തിന് വിത്ത് പാകിയതും ക്ഷേത്രപ്രവേശനവിളംബരവും സ്വാമിജിയുടെ നിഷ്കാമപ്രവര്ത്തനത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. പ്രസംഗവും പ്രചരണവുമില്ലാതെ പ്രവര്‍ത്തനത്തിലൂടെ ചലനം സൃഷ്ടിച്ച വ്യക്തിവൈഭവത്തെ കേരളം എന്നെന്നും സ്മരിക്കും.
– ഷൈലാ മാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: