ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ചവരുടെ പട്ടികയില്‍പ്പെട്ട 100 പേര്‍ക്കായി ഏപ്രില്‍ 24ന് മാഗസിന് പ്രത്യേക ഡിന്നര്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ പട്ടികയില്‍ ഇടംനേടിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. അന്നേദിവസം ബംഗാളില്‍ മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതിനാല്‍ ടൈം മാഗസിന്റെ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും പാര്‍ട്ടി എംപിയുമായ ഒബ്രിയന്‍ അറിയിച്ചു.
അതേസമയം, ബംഗാള്‍ സര്‍ക്കാര്‍ സ്വന്തമായി ചാനലും പത്രവും ആരംഭിക്കുവാനൊരുങ്ങുകയാണ്. ‘പശ്ചിമ ബംഗാ’ എന്നാണ് ചാനലിന്റെയും പത്രത്തിന്റെയും പേര്. ചാനലും പത്രവും ആരംഭിക്കുന്ന വിവരം ശനിയാഴ്ചയാണ് മമത വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കുവാനാണ് പത്രവും ചാനലും ആരംഭിക്കുന്നതെന്നും മമത പറഞ്ഞിരുന്നു. ചില ചാനലുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരം ചാനലുകള്‍ കാണുന്നത് ബംഗാള്‍ ജനത ബഹിഷ്കരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: