തിരുവനന്തപുരം: മുന്നണി വിട്ടുപോകുമെന്ന് മുസ്ലീം ലീഗ് ഭീഷണിപ്പെടുത്തേണ്ടെന്ന് കെ.മുരളീധരന് എം.എല്‍.എ. ഒരു തവണ മുന്നണി വിട്ടുപോയ ലീഗിനെ എല്‍.ഡി.എഫ് പുറന്തള്ളിയതാണെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് അഞ്ചാം മന്ത്രിയടക്കം പല സ്ഥാനങ്ങളും ലീഗിന് ലഭിച്ചത്. പരസ്യ പ്രസ്താവന നിര്‍ത്തേണ്ടത് ലീഗാണ്. കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞാല്‍ തിരിച്ചും പറയും. മാലിന്യം നീക്കം ചെയ്യുന്ന പണിയാണ് അഞ്ചാം മന്ത്രിയുടേത്. അലി അത് ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മുരളീധരന് ലീഗിനെതിരെ ആഞ്ഞടിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശിച്ചത് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നിര്‍ത്തിയതായിരുന്നു. എന്നാല്‍ ഇന്നലെ ലീഗ് കോണ്‍ഗ്രസിനെതിരെ പ്രസ്താവന നടത്തി. ഞങ്ങളെ ഒന്നു പറഞ്ഞാല്‍ അങ്ങോട്ടും പറയേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് ത്യാഗം സഹിക്കുകയും സ്ഥാനമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണമെന്ന് പറയുന്നതും ശരിയായ രീതിയല്ല. യു.ഡി.എഫ് മുന്നോട്ട് പോകണമെങ്കില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യുകയാണ് വേണ്ടത്. കോണ്‍ഗ്രസില്‍ മുരളീധരനും ആര്യാടനുമെതിരെയാണ് മുസ്ലീംലീഗിന്റെ വിമര്‍ശനമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: