കൊച്ചി: സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലേയും ഒരു കുളമെങ്കിലും നവീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. 13-ാം ധനകാര്യകമ്മീഷന്റെ ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പദ്ധതിയുലുള്പെടുത്തി നവീകരിക്കുന്ന തിരുനെട്ടൂര്‍ മഹാക്ഷേത്രക്കുളത്തിന്റെ നവീകരണ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്തില്‍ ഒരു കുളം വീതം പുനരുദ്ധരിച്ച് സംസ്ഥാനത്ത് 1000 കുളമെങ്കിലും ആദ്യ ഘട്ടത്തില്‍ നവീകരിക്കാനാണ് പദ്ധതി. മുന്‍സിപ്പാലിറ്റികള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ അതിനനുസരിച്ച് കുളങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് സംരക്ഷിക്കും. സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ തയാറാണെങ്കില്‍ അത്തരം കുളങ്ങളും നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. കുളങ്ങള്‍ ശുദ്ധീകരിച്ച് നവീകരണം പൂര്‍ത്തിയാകുന്നതോടെ കുളത്തിനോട് ചേര്‍ന്നു നില്കുന്ന പ്രദേശത്തെ പ്രധാന നീരുറവയായി കുളങ്ങളെ മാറ്റുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുളങ്ങളുടെയും ജലാശയങ്ങളുടേയും നവീകരണങ്ങള്‍ പാരിസ്ഥിതികമായ സംരക്ഷണം കൂടി ഉറപ്പുവരുത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. തിരക്കേറിയ ജീവിതത്തിനിടിയില്‍ പുതുതലമുറ നീന്തലുള്പെടെയുളള കാര്യങ്ങള്‍ മറന്നു പോകുന്നു. കുട്ടികള്‍ക്കിടയില്‍ നീന്തല്‍ പരിശീലനം ഉറപ്പാക്കുന്നതിനു ഇത്തരം കുളങ്ങള്‍ ഏറെ സഹായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരട് പഞ്ചായത്തിലെ 28-ാം വാര്‍ഡിലുള്ള �ദക്ഷിണകാശി’ എന്നറിയപ്പെടുന്ന കുളത്തിന്റെ നവീകരണത്തിന് 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് കുളത്തിന്റെ നാലുവശവും കല്ലുകെട്ടി സംരക്ഷിക്കുവാനും ബലിതര്‍പ്പണത്തിനായി രണ്ടു കടവുകള്‍ നിര്‍മിക്കുവാനും പദ്ധതിയില്‍ തുക നീക്കിവച്ചിട്ടുണ്ട്. പദ്ധതി ഒമ്പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ചടങ്ങില്‍ മരട് നഗരസഭാ ചെയര്മാന് ടി.കെ.ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്മാന് അജിത നന്ദകുമാര്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്.മേനോന് വിവിധ സമിതി അധ്യക്ഷന്മാരായ ആന്റണി ആശാംപറമ്പില്‍, അബ്ദുള്‍ മജീദ്, ജിന്സന് പീറ്റര്‍, ഗ്രേസി സൈമണ്‍, ജയദേവി മനോഹരന്, മൈനര്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ ആര്.ഉണ്ണികൃഷ്ണന്, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ടി.കെ.ഇന്ദിരാഭായ് വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: