കേരളത്തില്‍ തീവ്രവാദികളുടെ വേരോട്ടമുണ്ടെന്നും തീവ്രവാദികളെ ഇവിടെനിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മറ്റുമുള്ള വാര്‍ത്ത പുതിയതല്ല. പക്ഷേ ഇപ്പോള്‍ തെളിയുന്നത് തീവ്രവാദികള്‍ കേരള പോലീസിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്. ഇ-മെയില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ബിജു സലിം എന്ന പോലീസുകാരനായിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ‘മാതൃഭൂമി’ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന് വിസാക്കച്ചവടവും വിദേശബന്ധവും ഉണ്ടെന്നാണ് സിബിഐക്ക് വിവരം ലഭിച്ചിരിക്കുന്നത്. റഷീദ് വര്‍ഷങ്ങളായി ലക്ഷങ്ങള്‍ കോഴ വാങ്ങി വിദേശത്തേക്ക് ആളുകളെ ജോലിക്കയച്ചിട്ടുണ്ടെന്നാണ് സിബിഐക്ക് കിട്ടിയ വിവരം.
അപരിചിതരുമായി നിരവധി ഹോട്ടലുകളില്‍ ഇയാള്‍ സംഗമിച്ചിട്ടുണ്ടെന്നും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതും സിബിഐ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. പോലീസില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ റിക്രൂട്ട് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ്.
അടുത്തയിടെയുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത് പോലീസിലെ ക്രിമിനലുകളുടെ സാന്നിധ്യമാണ്. ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതും ഒരു ഡിവൈഎസ്പി തന്നെയാണ്. ഉണ്ണിത്താന് വധശ്രമത്തോട് ബന്ധപ്പെട്ടതാണ് ഹാപ്പി രാജേഷ് എന്ന ക്വട്ടേഷന്‍ സംഘാംഗത്തിന്റെ വധം എന്നാണ് നിഗമനമെങ്കിലും ഈ വധത്തെപ്പറ്റിയും ഡിവൈഎസ്പി റഷീദ് നിശ്ശബ്ദത പാലിക്കുന്നു. ഉണ്ണിത്താന് വധശ്രമവും ഹാപ്പി രാജേഷിന്റെ വധവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതും പോലീസ് ക്വട്ടേഷന്‍ സംഘ പ്രധാനികളെ വിട്ടുകളഞ്ഞതിനാലാണത്രേ. കേരളത്തില്‍ തീവ്രവാദം വേരോടുമ്പോഴും തടിയന്റവിട ഷമീം പോലുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യവും സംസ്ഥാനത്ത് ലഭ്യമാകുന്നു. ഇതെല്ലാം ആശങ്ക ഉയര്‍ത്തുന്ന വസ്തുതകളാണ്.
ഇല്ലാത്ത രോഗം അഭിനയിച്ച റഷീദിനെ ആശുപത്രിയിലാക്കാന്‍ വ്യഗ്രത കാണിക്കുകയായിരുന്നു പോലീസ്. എന്നാല്‍ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവറെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ട് പോലും ആശുപത്രിയില്‍ കൊണ്ടുപോകാതെ മരണത്തിന് വിട്ടുകൊടുത്ത സംഭവവും ഇവിടെ പ്രസ്താവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: