ആത്മാവ് ഏകന്‍, നിത്യശുദ്ധന്‍, നിത്യപൂര്‍ണ്ണന്‍, അവികാരി. ഒരിക്കലും വികാരപ്പെട്ടിട്ടില്ലാത്തവന്‍. അനേകമായിക്കാണുന്ന ഈ വികാരങ്ങളെല്ലാം ആ ഒരേ ആത്മാവില്‍ നമുക്കുണ്ടാകുന്ന തോന്നലുകള്മാത്രം. ആ ആത്മാവില്‍ നാമരൂപങ്ങള്‍ ചിത്രീകരിച്ചതാണ് ഈ സ്വപ്നങ്ങള്‍. രൂപം നിമിത്തമാണല്ലോ തിര കടലില്‍നിന്ന് ഭിന്നമായി തോന്നുന്നത്. തിരയടങ്ങുമ്പോള്‍ അതിന്റെ രൂപമുണ്ടോ? ഇല്ല, അത് മറഞ്ഞുപോയി. എന്നാല്‍ കടല്‍ തിരയെ ആശ്രയിച്ചിരിക്കുന്നുമില്ല. ഈ നാമരൂപങ്ങള്‍ ഏതില്‍ നിന്നുളവായോ അതിന് മായയെന്ന് പറയാം. മായയാണ് വ്യത്യസ്തങ്ങളും വിചിത്രങ്ങളുമായ വ്യക്തികളെ നിര്‍മ്മിക്കുന്നത്. എന്നാല്‍ അത് സത് (ഉള്ളത്) അല്ല, അതുണ്ടെന്ന് പറയുക വയ്യ. രൂപത്തിന് സ്വതേ സത്തയില്ല. അത് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. എന്നുവച്ച് അതില്ലാത്തതാണെന്നും പറയുക വയ്യ. അതാണല്ലോ ഈ നാനാത്വമുണ്ടാക്കുന്നത്.
അപ്പോള്‍ വേദാന്തദര്‍ശനപ്രകാരം ഈ മായ, അഥവാ പ്രജ്ഞാനം അഥവാ നാമരൂപങ്ങള്‍, അഥവാ ദേശകാലനിമിത്തങ്ങളെന്ന് പറയുന്നത് ജഗത്തില്‍ നാനാത്വത്തെ കാണിച്ചുതരുന്നു. വാസ്തവത്തില്‍ ഈ ജഗത്ത് മുഴുവന്‍കൂടി ഒരേ ഒരു സത്ത. സത്ത രണ്ടുണ്ടെന്ന് വിചാരിക്കുന്നത് തെറ്റ്, ഒന്നേയുള്ളൂ. ഈ തത്വമാണ് ഇന്ന് നമുക്ക് ഭൗതികലോകത്തിലും മാനസികലോകത്തിലും ആദ്ധ്യാത്മിക ലോകത്തിലും ശരിയാണെന്ന് തെളിയിച്ചുതരുന്നത്. നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരേ ദ്രവ്യമഹാസമുദ്രത്തിലെ വിവിധ സ്ഥാനങ്ങളുടെ വിധിനാമങ്ങളാണെന്നും, ആ ദ്രവ്യം ആകൃതിയില്‍ തുടരെതുടരെ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. പല മാസങ്ങള്‍ക്ക് മുമ്പ് സൂര്യനിലുണ്ടായിരുന്ന ഒരു ശക്്തിലേശമാവാം ഇന്ന് ഒരു മനുഷ്യനിലുള്ളത്. അത് നാളെ ഒരു മൃഗത്തിലും മറ്റന്നാള്‍ ഒരു ചെടിയിലുമാവാം. അത് എപ്പോഴും വന്നും പോയുമിരിക്കുന്നു. ഒക്കെക്കൂടെ അഖണ്ഢമായ ഒരു അനന്തദ്രവ്യരാശി. അതില്‍ നാമരൂപഭേദങ്ങള്‍ ഉണ്ടെന്നുമാത്രം. ഒരു സ്ഥാനത്തെ സൂര്യനെന്ന് പറയുന്നു, മറ്റൊന്നിനെ ചന്ദ്രന്, വേറൊന്നിനെ നക്ഷത്രം. അല്ലെങ്കില്‍ മനുഷ്യന്, മൃഗം, സസ്യം എന്നിങ്ങനെ. ഈ നാമങ്ങളെല്ലാം മിഥ്യ. അവയ്ക്ക് സ്ഥിരസത്യത്വമില്ല, എല്ലാം പ്രതിനിമിഷം മാറിവരുന്ന ദ്രവ്യം മാത്രം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: