ചോറ്റാനിക്കര: റെയില്‍വെ ഹാള്‍ട്ട് സ്റ്റേഷനിലെ ടിക്കറ്റ് ഏജന്റ് വി.ജി.രാജേശ്വരിയുടെ നീണ്ട പതിനാറു വര്‍ഷത്തെ നിരന്തരമായ അപേക്ഷകള്‍ അനുവദിച്ച് കുരീക്കാട് റെയില്‍വേസ്റ്റേഷന്റെ നാമധേയം ചോറ്റാനിക്കര റോഡ് എന്ന് മാറ്റി സതേണ്‍ റെയില്‍വേ ഉത്തരവായി. 1981 മുതല്‍ കുരീക്കാട് സ്റ്റേഷനിലെ ടിക്കറ്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന രാജേശ്വരി 1996 ലാണ് റെയില്‍വേ സ്റ്റേഷന്റെ നാമം മാറ്റാന്‍ നടപടികളെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.വി.ഔസേപ്പ് മുഖാന്തരം നാട്ടുകാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും നിവേദനം റെയില്‍വേ ബോര്‍ഡിന് നല്‍കിയത്. നാടിന്റെ വികസനവും ചോറ്റാനിക്കര ക്ഷേത്ര നഗരത്തിന്റെ പ്രധാന്യവും, ശബരിമല തീര്‍ത്ഥാടന സമയത്തുണ്ടാകുന്ന തിരക്കും കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ചോറ്റാനിക്കര ക്ഷേത്രത്തിന് കേവലം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷന് ചോറ്റാനിക്കര റോഡ് എന്ന് പേരുനല്‍കണം എന്നായിരുന്നു ആവശ്യം. നാട്ടുകാരുടെ ശ്രമഫലമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തും ഇതിനനുകൂലമായി 1996ല്‍ തന്നെ പ്രമേയങ്ങള്‍ പാസ്സാക്കി. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറെ സമീപിച്ചു. 1998 നവമ്പര്‍ മാസം പേരുമാറ്റത്തിനനുകൂലമായി സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗതവകുപ്പു സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ ശുപാര്‍ശ നല്കി. എട്ടുവര്‍ഷത്തോളം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഉണ്ടാകാതെ ചുവപ്പുനാടയില്‍ കുടുങ്ങി കിടന്നു. ഇതിനിടെ നാട്ടുകാരും കുരീക്കാട് റെയില്‍വേ യൂസേഴ്സ് അസോസിയേഷനും നിരന്തരം നിവേദനങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒടുവില്‍ 2005 സെപ്റ്റംബര്‍ മാസം കേരള സര്‍ക്കാര്‍ പേരുമാറ്റിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനിടെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷാജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായിരുന്ന പി.സി.തോമസും ഒ.രാജഗോപാലും, ജോസ് കെ.മാണി എംപിയും കേന്ദ്രമന്ത്രാലയത്തിലും റെയില്‍വെ അധികൃതരിലും രാജേശ്വരിയുടെയും റെയില്‍വേ യാത്രക്കാരുടെയും ന്യായമായ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചോറ്റാനിക്കര പഞ്ചായത്ത്, ഉദയം പേരൂര്‍ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധികൃതരുടെയും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തിന്റെ ഫലമായി ഈ വര്‍ഷം ജനുവരി 17ന് ചോറ്റാനിക്കര റോഡ് എന്നു പുനര്‍നാമകരണം ചെയ്യാന്‍ സതേണ്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസ് ഉത്തരവായതിനാല്‍ റെയിവേ സ്റ്റേഷനിലെ നാലു ബോര്‍ഡുകളും പുതിയ നാമത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: