കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന നാശം ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഭൂമി കുലുക്കമായി, സുനാമിയായി, കൊടുങ്കാറ്റായി, കടല്‍ക്ഷോഭമായി, വരള്‍ച്ചയായി, പേമാരിയായി….. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം ഏപ്രില്‍ 22 ന് ലോകഭൂമിദിനം ആചരിക്കപ്പെടുന്നത്. ഭൂമിയെ ഈ നാശത്തില്‍നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങല്‍ നടത്തുകയെന്നതാണ് ഭൗമദിന ആപ്തവാക്യമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയുടെ വായുമണ്ഡലവും കടലും കരയും സര്‍വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തെ ആചരണംകൊണ്ട് എല്ലാം നേരെയാക്കാമെന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകും.
ഈ ശതകത്തിലെ കനത്ത ചൂട് 2012 ല്‍ ഉണ്ടാകുമെന്ന പ്രവചനം ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ആഗോളതാപനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണത വര്‍ധിക്കുമെന്ന് തന്നെയാണ്. വ്യവസായവല്ക്കരണത്തിന്റേയും ലോകമെമ്പാടും കാടുകള്‍ അഗ്നിക്കിരയാക്കുന്നതിന്റേയും ഫലമായി ആര്‍ട്ടിക് പ്രദേശത്ത് കരിപുക വ്യാപിക്കുകയാണ്. കരിപിടിച്ച ആര്‍ട്ടിക്കിലെ മഞ്ഞുപ്രതലങ്ങള്‍ സൂര്യരശ്മികളെ അന്തരീക്ഷത്തിലേയ്ക്ക് പ്രതിബിംബിക്കുന്നതിനുപകരം ആഗിരണം ചെയ്ത് ദ്രുതഗതിയില്‍ കൂടുതല്‍ മഞ്ഞുരുകുന്നതിന് ഇടവരുത്തുകയാണ്. വ്യവസായവല്‍ക്കരണത്തിന് മുമ്പത്തെക്കാള്‍ എട്ടിരട്ടി കരിപുക ആര്‍ട്ടിക് പ്രദേശത്ത് വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഹരിതഗൃഹവാതക പ്രതിഭാസത്തിന്റെ അനന്തരഫലമായി ധ്രുവപ്രദേശങ്ങളായ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കായിലും മഞ്ഞുമലകള്‍ കൂടുതല്‍ ഉരുകുന്ന കഥകള്‍ നാം കേട്ടതാണ്. ജീവജാലങ്ങളാലും ജൈവവൈവിധ്യത്താലുംപ്രകൃതിവിഭവങ്ങളുടെ സമ്പന്നതയാലും ധ്രുവപ്രദേശങ്ങള്‍ മറ്റു പ്രദേശങ്ങളില്‍നിന്നും ഏറെ വ്യത്യസ്ഥപ്പെട്ടിരിക്കുന്നു. മത്സ്യസമ്പത്ത്, പ്രകൃതിവാതകം, ധാതുലവണങ്ങള്‍, എണ്ണ എന്നിവയാല്‍ സമൃദ്ധമായ ധ്രുവപ്രദേശങ്ങളുടെ നാശം ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ സൂചികകളായാണ് കണക്കാക്കുന്നത്. ഈ മാറ്റം ആഗോളതലത്തിലുള്ള അന്തരീക്ഷവ്യതിയാനത്തിന്റേയും കാറ്റിന്റേയും ആഗോള കാലാവസ്ഥയുടേയും കടല്‍ ജലപ്രവാഹത്തിന്റേയും ജൈവവൈവിധ്യത്തിന്റെ മാറ്റത്തെക്കുറിച്ച് കടുത്ത സൂചനയാണ് നല്‍കുന്നത്.
1900 ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് വെറും 280 പിപിഎം ആയിരുന്നത് 2004 ആയപ്പോള്‍ 375 പിപിഎം ആയി വര്‍ധിച്ചു. ആഗോളതലത്തില്‍ പ്രധാന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ വര്‍ധന കഴിഞ്ഞ ആറ് ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉദ്ദേശം 2050 ല്‍ ലോകതാപനിലയില് 1.4 മുതല്‍ 5.8 സെല്‍ഷ്യസ് വരെയെങ്കിലും വര്‍ധനയും സമുദ്രനിരപ്പില്‍ ഒമ്പതുമുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയര്‍ച്ചയും ഹരിതഗൃഹവാതകപ്രതിഭാസം മൂലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വരള്‍ച്ചയും വെള്ളപൊക്കവും ഒരേസമയത്ത് രാജ്യം നേരിടും. ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടും. കൃഷിനാശം വ്യാപകമാകും. മത്സ്യമേഖലയും സാരമായി നശിപ്പിക്കപ്പെടും. ലോകത്തിലെ ഭൂരിഭാഗം കാടുകളും താപതരംഗത്തില്‍ നശിപ്പിക്കപ്പെടും. ഭൂമിയെ അമിതമായി ചൂഷണം ചെയ്തതിന്റെ അനന്തരഫലങ്ങളായി മാത്രമേ ഇതിനെ കാണാനാകൂ.
കേരളത്തിന്റെ 3,8863 ചതുരശ്ര കി.മീ. ഭൂമി വിസ്തീര്‍ണ്ണത്തില്‍ സംസ്ഥാനത്ത് 9400 ചതുരശ്ര കി.മീ. മാത്രമാണ് വനഭൂമിയായി അവശേഷിക്കുന്നത്. വികസനത്തിന്റെ പേരില്‍ കേരളതീരത്ത് 74000 ഹെക്ടര്‍ പ്രദേശത്തുണ്ടായിരുന്ന കണ്ടല്‍കാടുകള്‍ നാമമാത്രമായി ചുരുങ്ങി. 38 അണക്കെട്ടുകള്‍ക്കായി 39000 ഹെക്ടര്‍ വനഭൂമിയാണ് വെള്ളത്തിനടിയിലാക്കിയത്. പശ്ചിമഘട്ട മലമടക്കുകളില്‍ 1800ലധികം പാറമടകള്‍ ഖാനനം തുടരുകയാണ്. നമ്മുടെ കുന്നുകളും മലകളും ഇടിച്ചുനിരത്തുകയാണ്. ലക്ഷക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളാണ് നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗം കൊഴുപ്പിച്ചത്. സംസ്ഥാനത്ത് മാത്രം 11 ലക്ഷം ടണ്‍ മാലിന്യമാണ് പ്രതിവര്‍ഷം പലയിടങ്ങളിലായി നിക്ഷേപിക്കപ്പെടുന്നത്. ഇതുകൂടാതെയാണ് ഇ മാലിന്യനിക്ഷേപം നടക്കുന്നത്. ഭൂമിയില്‍ ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ്. രോഗങ്ങളുടെ കുത്തൊഴുക്ക് ഒരുവശത്ത്. ചുട്ടുപൊള്ളുന്ന വെയിലടിയേറ്റ് സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 2012 ല്‍ ഭൗമദിനം ആചരിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ള പശ്ചാത്തലമാണ് മേല്‍വിവരിച്ചത്.
കേരളത്തിന് പറ്റിയതെന്താണ്? ദൈവത്തിന്റെ സ്വന്തം നാട് എങ്ങനെ ഇങ്ങനെയായി? നാം ചിന്തിക്കേണ്ട സമയമായി. മരം മുറിക്കുന്നതിന് മുമ്പ് മരത്തോട് അനുവാദം ചോദിച്ചിരുന്ന ചരിത്രം ഉള്ള നാടാണിത്. കാവുകളും, കോള്‍നിലങ്ങളും പാടശേഖരങ്ങളും കുന്നുകളും മലകളും കാടും പുഴകളും എക്കാലവും സംരക്ഷിക്കുന്നതില്‍ കേള്‍വികേട്ട നാടാണിത്. ഇന്ന് കാടിനെ തടി വില്‍പ്പനക്കായും കുന്നുകളും മലകളും മണ്ണെടുപ്പിനുള്ളതായും പുഴകള്‍ മണല്കച്ചവടത്തിനും പാടശേഖരങ്ങള്‍ ഇഷ്ടികക്കളങ്ങളായും നികത്തിയെടുത്ത് വില്‍പ്പന ചരക്കാക്കാവുന്ന ഭൂമിയായും മാത്രമാണ് മലയാളി കാണുന്നത്. ഭൂഗര്‍ഭജലം ജലവില്പ്പനയ്ക്കുള്ള പാണ്ഡികശാലയാണ്. പശ്ചിമഘട്ടം പാറവില്പ്പനയുടെ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തെ 44 നദികളും മാലിന്യനിക്ഷേപത്തിന്റെ സ്ഥലങ്ങളാണ്. അന്തരീക്ഷ വായു മലിനീകരിക്കുവാനുള്ള ഇടമാണ്. വാഹനപുകയാലും വ്യവസായപുകയാലും വായു മണ്ഡലം രോഗാതുരമാക്കുന്നതില്‍ മലയാളി മുന്നില്‍തന്നെ. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന തരത്തിലുള്ള ജീവിതമാണ് ജനങ്ങളും നേതാക്കളും കൈക്കൊണ്ടിരിക്കുന്നത്. 3000 മില്ലിമീറ്റര്‍ മഴ പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളം പലയിടങ്ങളിലും കിട്ടാക്കനിയാണ്. കൃഷി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളും മലയാളി ഉപഭോക്താവ് എന്ന തലത്തിലുമാണിന്ന്.
ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള വികസ്വരരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്ന്നിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങുമ്പോഴാണ് ഈ രാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളപ്പിഴകള്‍ മനസ്സിലാക്കുക. ഒരുകാലത്ത് ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശങ്ങളിലെ വനങ്ങള്‍ കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ അതിവേഗത്തില്‍ വെട്ടി നശിപ്പിച്ച് അവിടെ കേരളത്തിലെ പോലെ പ്ലാന്റേഷന് കൃഷി രീതി അവലംബിച്ചതാണ്. മണ്ണിന്റെ ഗുണമേന്മാ തകര്‍ച്ചയിലാണ് ഇത് ചെന്നെത്തിച്ചത്. മണ്ണിന് അപചയം സംഭവിച്ചു. വിവേകരഹിതമായ ഈ പ്രവര്‍ത്തനം മണ്ണിന്റെ മരണത്തോടൊപ്പം അത് ജന്മം നല്കിയ മനുഷ്യസംസ്ക്കാരവും നശിപ്പിക്കുമെന്ന മുന്നറിയിപ്പാണ് മൂന്നാം ലോക രാജ്യങ്ങളിലെ പട്ടിണി നമുക്ക് നല്കുന്ന സൂചന.
പഞ്ചാബിലെ പാബിശിവാലില് കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇടതൂര്‍ന്ന വനങ്ങളായിരുന്നു. ഇന്നാകട്ടെ മുള്‍പ്പടര്‍പ്പുകളും കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണിവിടെ. കേരളത്തിലെ അട്ടപ്പാടിയും ഇരുട്ടുക്കാനവും കുളിര്ക്കാടും നിലമ്പൂരും ഇടുക്കിയും വയനാടും മറ്റും ദുരന്തത്തിന്റെ മൂകസാക്ഷികളായി തീരുവാന്‍ കാലം ഏറെ വേണ്ട. രാജസ്ഥാനിലെ രാജാസാമന്ത് തടാകം കഴിഞ്ഞ 300 വര്ഖഷത്തിനിടെ 2001 ല്‍ വറ്റിയപ്പോഴാണ് അരാവലി കുന്നുകളുടെ നാശം നമുക്ക് മനസ്സിലായത്. ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ ജീവനാഢിയെ അറാവലിക്കുന്നുകളില് 9700 വ്യവസായ യൂണിറ്റുകള്‍ രാജസ്ഥാനില്‍ മാത്രമുണ്ടായിരുന്നു. 90 ശതമാനം വനപ്രദേശവും കഴിഞ്ഞ രണ്ട് ശതകത്തിനിടയില്‍ നഷ്ടമായിരുന്നു. വായുവും ഭൂഗര്‍ഭജലവും ഒരുപോലെ മലിനീകൃതമാക്കുവാന്‍ അരാവലി കുന്നുകളിലെ 9900 ഖാനികള്‍ മാത്രം മതിയായിരുന്നു. 2002 ല്‍ സുപ്രീംകോടതി അരാവലിക്കുന്നുകളിലെ ഖാനികള്‍ അടച്ചുപൂട്ടുംവരെ ജനങ്ങള്‍ ക്ഷയം, സിലിക്കോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുകയായിരുന്നു.
2004 ല്‍ സുപ്രീംകോടതി വ്യാവസായിക നിരോധനം നീട്ടുന്നതുവരെയും ജനങ്ങളുടെ ജീവിതം ദുരന്തങ്ങളായിരുന്നു. ഇന്ന് അരാവലിക്കുന്നുകളുടെ പുനര്‍ജന്മമാണ് നടന്നുവരുന്നത്. കേരളത്തിലെ മൂന്നാറും പെരിയാര്‍ നദിയുമെല്ലാം ഇത്തരത്തിലുള്ള പുനര്ജന്മം അവശ്യംവേണ്ട സ്ഥലങ്ങളാണ്. കയ്യേറ്റങ്ങളുടെ പിടിയില്‍നിന്ന് സംസ്ഥാനത്തിന്റെ വനമേഖല രക്ഷപ്പെടേണ്ടതുണ്ട്. പൊതു ഇടങ്ങള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സുരക്ഷിതമല്ല എന്ന അവസ്ഥ ഇന്ന് നിലനില്‍ക്കുന്നുണ്ട്. പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. കായലും നദികളും തോടുകളും കയ്യേറ്റങ്ങളുടെ പാതയിലാണ്. ഇതിനെതിരെ നടപടികളെടുക്കുവാനുള്ള നയപരമായ തീരുമാനമെടുക്കുന്നതിനെങ്കിലും ഈ വര്‍ഷത്തെ ലോകഭൗമദിനം കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചാല്‍ മാത്രമേ ഈ ഏപ്രില്‍ 22 ലെ ഭൗമദിനാചരണത്തിന് അര്‍ത്ഥമുണ്ടാകൂ. കേരളത്തിന്റെ രക്ഷയ്ക്കുള്ള പടയൊരുക്കത്തിന് പൂര്‍ണ്ണതയുണ്ടാകൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: