കൊച്ചി: പ്രതിരോധ വകുപ്പിനെതിരേയുള്ള എല്ലാ ആരോപണങ്ങളെയും കേന്ദ്രസര്‍ക്കാര്‍ നേരിടുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. സുപ്രധാനമായ പ്രതിരോധ വകുപ്പ് ഭരിക്കുമ്പോള്‍ പൂച്ചെണ്ടൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മറ്റെന്തിനേക്കാളും രാജ്യതാല്പര്യം തന്നെയാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ആന്റണി പറഞ്ഞു. ആക്ഷേപങ്ങളോടും വിമര്‍ശനങ്ങളോടും സഹിഷ്ണുതയോട് കൂടിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആക്ഷേപങ്ങള്‍ പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കും അഴിമതി മൂടി വയ്ക്കാനോ, ആരോടെങ്കിലും പക തീര്‍ക്കുന്ന സമീപനമോ സര്‍ക്കാരിനില്ല.
കുറ്റങ്ങള്‍ കണ്ടാല്‍ അന്വേഷിച്ച് നടപടി എടുക്കുകയാണ് സര്‍ക്കാരിന്റെ രീതി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്, വിമര്‍ശകരോട് ഏറ്റുമുട്ടാനില്ലെന്നും ആന്റണി പറഞ്ഞു. ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ആയുധ കരാറും റദ്ദാക്കും. സേനയും പ്രതിരോധ വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. മുന്‍കാലങ്ങളെക്കാള്‍ സേന ശക്തമാണെന്നും ആന്റണി അവകാശപ്പെട്ടു.
പ്രതിരോധ വകുപ്പിന്റെ ആയുധ സംഭരണ രീതി കൂടുതല്‍ സുതാര്യമാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യോമസേന നടത്തിയ ആയുധ സംഭരണത്തില്‍ പ്രതിരോധ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 1.11 ലക്ഷം കോടി രൂപയുടെ സംഭരണമാണു നടത്തിയത്. സായുധ ഒരുക്കങ്ങളെക്കുറിച്ചു പൂര്‍ണ ആത്മവിശ്വാസം രാജ്യത്തിനുണ്ട്. പുതിയ തയാറെടുപ്പുകള്‍ സമീപ ഭാവിയില്‍ നടപ്പില്‍ വരുമെന്നും ആന്റണി അറിയിച്ചു.
ടാങ്കുകള്‍ അപര്യാപ്തമാണെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണ്. എല്ലാ കാലത്തും ചില കുറവുകള്‍ സേനയിലുണ്ടാകും. പഴയ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സേന കൂടുതല്‍ കുരുത്തുറ്റതാണ്. ഏതു സാഹചര്യവും നേരിടാന്‍ സേന സുസജ്ജമാണ്.
തീരസുരക്ഷയ്ക്കു 46 റഡാര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. അതില്‍ നാലെണ്ണം കേരളത്തിലെ തീര പ്രദേശങ്ങളിലായിരിക്കുമെന്നും ആന്റണി പറഞ്ഞു. തീരസുരക്ഷയ്ക്കു മത്സ്യത്തൊഴിലാളികള്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: