കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പ്രവേശനം നിഷേധിച്ചതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കും ഭിന്നാഭിപ്രായം. പ്രായാധിക്യം കണക്കിലെടുത്ത് വിഎസിനെ പൊളിറ്റ്ബ്യൂറോയില്‍ എടുക്കാതിരുന്ന തീരുമാനം അന്തിമമാണെന്നാണ് പ്രകാശ് കാരാട്ട് ഇന്നലെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ആലോചനകള്‍ വേണമെന്നുണ്ടെങ്കില്‍ അത് നടത്തേണ്ടത് കേന്ദ്രകമ്മറ്റിയാണെന്ന അഭിപ്രായപ്രകടനമാണ് യെച്ചൂരി നടത്തിയത്. വിഎസിന്റെ പൊളിറ്റ് ബ്യൂറോ പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കിയത്.
കേരളഘടകം വിഎസിനെതിരാണെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രതിനിധികളോട് പറഞ്ഞത്. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വപാടവും അനുഭവസമ്പത്തും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രത്യേകപരിഗണന നല്‍കുകയായിരുന്നു. വിഎസ് കേരളത്തിലെ പാര്‍ട്ടിയുടെ നേതാവായും പ്രതിപക്ഷനേതാവായും തുടരും, പ്രകാശ് കാരാട്ട് പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന് സുദീര്‍ഘമായ സംഘടനാ അനുഭവസമ്പത്തും സമരാനുഭവങ്ങളും ഉണ്ടാവണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത് എന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിനിടെ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. അതുകൊണ്ട് പ്രായം ഒരു ഘടകമാവില്ലെന്നും പുതിയ തലമുറ നേതൃത്വത്തിലേക്ക് വരുമ്പോള്‍ പഴയതലമുറയുടെ സാന്നിധ്യം ഉണ്ടാവണമെന്നു തന്നെയാണ് സിപിഎം നിലപാടെന്നായിരുന്നു കാരാട്ട് പറഞ്ഞത്. എന്നാല്‍ അച്യുതാനന്ദന്റെ കാര്യത്തില്‍ ഇത് പരിഗണിച്ചില്ല എന്നാണ് ഇപ്പോള്‍ തെളിയുന്നത്. എം.എ. ബേബികൂടി പൊളിറ്റ് ബ്യൂറോ അംഗമായതോടെ നിയമസഭയില്‍ രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങള്ക്കിടയിലായിരിക്കും ഇനി വിഎസ്.
പ്രതിപക്ഷനേതാവെന്ന നിലയില്‍ സ്ഥാനമുയര്ന്നതാണെങ്കിലും പാര്ട്ടിസ്ഥാനത്തിന്റെ കാര്യത്തില്‍ പിബി അംഗങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വിഎസ് തയ്യാറാകേണ്ടിവരും. സംസ്ഥാനസമിതി അംഗസ്ഥാനം എം.എം. ലോറന്‍സിന് നഷ്ടപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംകൂടി നഷ്ടപ്പെട്ട ചരിത്രം വിഎസിന്റെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാലാവധികൂടി കഴിയുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ സ്വാഭാവികമായി നേതൃത്വം നഷ്ടപ്പെടുന്ന തരത്തില്‍ അച്യുതാനന്ദന്റെ വേലിയിറക്കം പൂര്‍ത്തിയാക്കാമെന്നാണ് പിണറായി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ഇപ്പോള്‍ പിബിയില്‍ നിന്നും പുറത്തായ വിഎസ് പാര്‍ട്ടിയില്‍ നിന്നും പുറത്താവുന്നത് പൂര്‍ണ്ണമാക്കാന്‍ കരുതലോടെയായിരിക്കും ഇനി പിണറായി ഗ്രൂപ്പിന്റെ നീക്കങ്ങള്‍.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: