തിരുവനന്തപുരം : മന്ത്രി കെ.ബി. ഗണേഷ്കുമാര് രാജിക്ക്. ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തിന് മുന്‍പായി ഗണേഷ്കുമാര് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറും. മന്ത്രിയെ മാറ്റാതെ യുഡിഎഫ് യോഗത്തിനില്ലെന്ന് ആര്. ബാലകൃഷ്ണപിള്ള വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
തന്റെ രാജി സന്നദ്ധത ഇന്നലെ ഗണേഷ്കുമാര് മുഖ്യമന്ത്രിയെ ഫോണില്‍ അറിയിച്ചു. രാജിക്കത്ത് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ഗണേഷ് അറിയിച്ചിട്ടുണ്ട്. ധൃതിപിടിച്ച് നടപടിയൊന്നും എടുക്കരുതെന്ന നിര്‍ദ്ദേശമാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.
യുഡിഎഫിന് പ്രതിസന്ധിയുണ്ടാക്കി മന്ത്രി ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എംഎല്‍എ ആയി തുടര്ന്നുകൊള്ളാമെന്നുമാണ് ഗണേഷിന്റെ നിലപാട്.
ഗണേഷിന്റെ രാജിക്കത്ത് സ്വീകരിച്ച് മേല്‍നടപടിക്ക് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ചുകൊടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
അച്ഛനും മകനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്സും എന്‍എസ്എസും ശ്രമിച്ചിട്ടും നടക്കാത്തതിനാലാണ് പിള്ള യുഡിഎഫ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചതും ഗണേഷ് രാജിക്ക് ഒരുങ്ങുന്നതും.
നിലവിലുള്ള നിയമപ്രകാരം പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എക്ക് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ലഭിച്ച സ്ഥാനം പിന്‍വലിക്കാനും പാര്‍ട്ടിക്ക് അവകാശമുണ്ട്. കീഴ്വഴക്കവും ഉണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ റയില്‍വേ മന്ത്രിയെ നീക്കിയ കാര്യം പിള്ള പല തവണ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കണമെന്ന് ബാലകൃഷ്ണപിള്ള രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇത് അവഗണിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. പ്രത്യേകിച്ച് എന്‍എസ്എസ് നേതൃത്വം ഗണേഷിനേക്കാള്‍ പിള്ളയെ പിന്തുണക്കുന്ന സാഹചര്യത്തില്‍ .
പിള്ള-ഗണേഷ് തര്‍ക്കം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇരുവരോടും സംസാരിച്ച് പരിഹരിക്കാനാണ് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ യാതൊരു ചര്‍ച്ചയും പിന്നീട് ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: