ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറിനെ വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി യൂസഫ് റാസ ഗിനാലിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായുള്ള അഭിപ്രായ ഭിന്നതയാണ് റബ്ബാനിയുടെ സ്ഥാനചലനത്തിന് പിന്നില്‍.
കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച സര്‍ദാരിയുടെ സംഘത്തില്‍ നിന്നു ഹിന റബ്ബാനി പിന്മാറിയിരുന്നു. സ്ഥാന ചലനത്തിനു മുന്നോടിയാണു തീരുമാനമെന്നു കരുതുന്നു. ഏപ്രില്‍ നാലിന് ലാഹോറില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടന്ന ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പ്രസ്താവനയെ ഖണ്ഡിച്ചതാണ് റബ്ബാനിക്ക് വിനയായത്. മേയില്‍ ചിക്കാഗോയില്‍ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പാകിസ്ഥാന് പങ്കെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ് തോമസ് നൈഡ്സിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്ഥാനിലെത്തിയത്.
അമേരിക്ക ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ പാകിസ്ഥാന് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച ഹിന റബ്ബാനി ഉടന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. യു.എസ്-പാക് ബന്ധത്തെ കുറിച്ച് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പരിശോധിച്ചു വരികയാണെന്നും അത് അവസാനിക്കാതെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനാവില്ലെന്നും ഹിന റബ്ബാനി സര്‍ദാരിയുടെ സാന്നിദ്ധ്യത്തില്‍ തുറന്നടിച്ചു. ഹിനയുടെ ഈ നടപടി യു.എസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഹിന റബ്ബാനിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായുള്ള അഭിപ്രായ ഭിന്നതയാണ് യഥാര്‍ഥ കാരണം. ഏപ്രില്‍ നാലിനു ലാഹോര്‍ ഗവര്‍ണറുടെ വസതിയില്‍ നടന്ന യുഎസ് പ്രതിനിധികളുമായുള്ള യോഗത്തിനിടെ റബ്ബാനി സര്‍ദാരിക്കെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. അടുത്ത മാസം യുഎസില്‍ നടക്കുന്ന അഫ്ഗാന് വിഷയത്തിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ സംബന്ധിച്ചു പാര്‍ലമെന്റ് സമ്മേളനം കഴിയാതെ തീരുമാനിക്കാനാകില്ലെന്നു റബ്ബാനി ഇടപെട്ടു സംസാരിച്ചത് സര്‍ദാരിയെ അതൃപ്തനാക്കി.
ഹിനയുടെ പ്രസ്താവന വിവാദമായതോടെ കഴിഞ്ഞ ദിവസം ലാഹോറില്‍ വച്ച് മാധ്യമങ്ങളോട് സംസാരിച്ച പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഹിനയെ മാറ്റുന്നത് സംബന്ധിച്ച സൂചനയും നല്കി. പാക്കിസ്ഥാനിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി 2011 ഫെബ്രുവരിയിലാണു ഹിന റബ്ബാനി ചുമതലയേറ്റത്. ജൂലൈയില്‍ അവര്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനം വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: