“അതിവിശിഷ്ടമായ വൈദിക താന്ത്രിക ശാസ്ത്രങ്ങള്‍ ബ്രാഹ്മണ സമുദായത്തിന് മാത്രം അവകാശപ്പെട്ടതല്ല. സമസ്ത ലോകത്തിനും വേണ്ടിയാണ് നമ്മുടെ ശാസ്ത്രങ്ങള്‍ നിലകൊള്ളുന്നത്”. ഇത് പുതുമന ഈശ്വരന് നമ്പൂതിരിയുടെ ഉദാത്തമായ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ്.
ഹൈന്ദവ ധര്മത്തില് അടിയുറച്ചു വിശ്വസിക്കുകയും അതിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അയിത്താചാരങ്ങളെയും അതിനിശിതമായി വിമര്‍ശിച്ച ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും വിചാരവിപ്ലവത്തിന്റെ ആധുനിക ഉദാഹരണമായിരുന്നു അന്തരിച്ച പുതുമന ഈശ്വരന് നമ്പൂതിരി.
പി.മാധവ്ജി കൊളുത്തിവിട്ട പാലിയം വിളംബരത്തിന്റെ അലയൊലിയില്‍ കേരളത്തിലെ ഹിന്ദുസമൂഹം മാറ്റങ്ങളെ സ്വാംശീകരിക്കുവാന്‍ തയ്യാറായിരുന്നു. അബ്രാഹ്മണര്‍ക്കും പൂജാരിമാരാകാം എന്ന വിശ്വാസ വിപ്ലവത്തിന് കേരളത്തില്‍ സ്ഥാനം പിടിച്ചു.
ഇവിടെയാണ് ചങ്ങനാശേരിയിലെ പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഈശ്വരനും മനുഷ്യനും ഇടയിലെ വിവേചനത്തിന്റെ വേരറുക്കുന്ന സാമൂഹിക നവോത്ഥാന പ്രക്രിയയിലെ ജ്വലിക്കുന്ന നക്ഷത്രമായി പുതുമന തന്ത്രവിദ്യാലയവും പുതുമന ഈശ്വരന് നമ്പൂതിരിയും നമ്മുടെ പൊതു സ്വത്തായിത്തീര്‍ന്നു.
2003 നവംബര്‍ 12ന് ഹിന്ദു ആചാര്യന്മാരുടെയും സന്യാസിമാരുടെയും ഹിന്ദുസംഘടനാ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടന്ന ആചാര്യസദസ്സില്‍ വച്ച് “തന്ത്രപ്രവേശനവിളംബരം” നടത്തി. അബ്രാഹ്മണര്‍ക്കും പൂജാരിമാരാകം എന്നതായിരുന്നു വിളംബരത്തിന്റെ സമകാലിക പ്രസക്തി. ഇതിന്റെ സംഘാടകന്‍ പുതുമന ഈശ്വരന് നമ്പൂതിരിയായിരുന്നു.
യാഥാസ്ഥിതികന്മാര് ഇതിനെ അസ്വസ്ഥതയോടെയാണ് വീക്ഷിച്ചത്. സ്വന്തം സമൂഹം ഒറ്റപ്പെടുത്തി. അപവാദങ്ങള്‍ ഉയര്‍ന്നു. ഇതിലൊന്നും ഈ ഉല്‍പതിഷ്ണുവിനെ പിന്തിരിപ്പിക്കുവാന് കഴിഞ്ഞില്ല.
നൂറുകണക്കിന് അബ്രാഹ്മണരെ തന്ത്രവിദ്യ പഠിപ്പിച്ചു പൂജാരിമാരാക്കി പരമ്പരാഗതമായ പൂജാവിധികളുടെയും താന്ത്രിക അനുഷ്ഠാനങ്ങളുടെയും തനിമ നഷ്ടപ്പെടാതെ സമൂഹത്തിലേക്ക് ലയിപ്പിക്കാന്‍ ഈ കര്‍മ്മയോഗിക്ക് കഴിഞ്ഞിരുന്നു.ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബാംഗങ്ങളും പങ്കാളികളായിരുന്നു. രണ്ടാമത്തെ മകന് പുതുമന മഹേശ്വരന് നമ്പൂതിരി ആലുവ തന്ത്രവിദ്യാപീഠത്തില്‍ നിന്നും തന്ത്രരത്നബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
നിയോഗം പൂര്‍ത്തിയാക്കി പുതുമന ഈശ്വരന് നമ്പൂതിരി വിടവാങ്ങിയപ്പോള്‍ അദ്ദേഹം കൊളുത്തിവിട്ട വിചാരവിപ്ലവത്തിന് കാലഭേദങ്ങളില്ലാതെ പ്രസക്തിയേറും. കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി രവിവാരപാഠശാലയും നടത്തിയിരുന്നു.
ഹിന്ദുസമൂഹത്തെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ട അയിത്താചാരത്തെ എതിര്‍ത്തു തോല്പിക്കുവാന് പുതുമന ഈശ്വരന് നമ്പൂതിരിയെന്ന മഹാമനീഷിയുടെ പാത പിന്തുടരാനാണ് മക്കളായ പുതുമന മഹേശ്വരന് നമ്പൂതിരിയുടെയും മനു നമ്പൂതിരിയുടെയും ആഗ്രഹം.
സരസ്വതി അന്തര്‍ജ്ജനമാണ് ഈശ്വരന് നമ്പൂതിരിയുടെ ഭാര്യ. മകള്‍ ഇന്ദുദേവി. കാലത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഈശ്വരന് നമ്പൂതിരിയുടെ കര്‍മ്മകാണ്ഡം ഇവിടെ തീരുന്നില്ല.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: