രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വാര്‍ഷികം ചിലേടത്തെങ്കിലും ആഘോഷിച്ചതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ 1969 ഡിസംബര്‍ എട്ടാം തീയതിയാണ് പോപ്പ് പീയൂസ് ഒമ്പതമാന്‍ മാര്‍പാപ്പ വിളിച്ചുകൂട്ടിയത്. ഈ കൗണ്സിലില്വെച്ചാണ് മാര്‍പാപ്പയുടെ അപ്രമാദിത്വം പ്രഖ്യാപിച്ചത്. കൗണ്‍സില്‍ വിളിച്ചുകൂട്ടുമ്പോള്‍ മാര്‍പാപ്പയുടെ അപ്രമാദിത്വ പ്രഖ്യാപനത്തെക്കുറിച്ച് അജണ്ടയില്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഒമ്പതാം പീയൂസ് മാര്‍പാപ്പയും കുറെ കര്‍ദ്ദിനാളന്മാരും ചേര്‍ന്ന് കൗണ്‍സില്‍ ചര്‍ച്ചകള്‍ കൃത്രിമമായി തിരിച്ചുവിട്ട് പോപ്പിന്റെ അപ്രമാദിത്വം കൗണ്‍സിലിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കുകയായിരുന്നു. “പോപ്പ് എങ്ങനെ അപ്രമാദിയായി” എന്ന് വളരെ വിശദമായ ഒരു പഠനം സഭാചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ ആഗസ്റ്റ് ബെര്‍ണാഡ് ഹാസ്ലര്‍ എഴുതിയ ‘How the Pope Became Infalliable’ എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിന് മുഖവുര എഴുതിയത് മോണ്‍സിഞ്ഞോള്‍ ഹാന്‍സ് കുംഗ് ആണ്. കൗണ്‍സിലിനുള്ളില്‍ എന്തെല്ലാം നടക്കാന്‍ പാടില്ലാത്തതുണ്ടോ അതെല്ലാം നടന്നു എന്നാണ് ഹാസ്ലറുടെ നിഗമനം. കൈക്കൂലി. പേടിപ്പെടുത്തല്‍, പ്രീണിപ്പിക്കല്‍ മുതലായ അടവുകളും ഒമ്പതാം പീയൂസ് മാര്‍പാപ്പയും അദ്ദേഹത്തിന്റെ അനുചരന്മാരും കൗണ്‍സിലില്‍ പ്രയോഗിക്കുകയുണ്ടായി. മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്തുകൊണ്ട് അനേകം ഗ്രന്ഥങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ചു.
മാര്‍പാപ്പയുടെ ഈ അപ്രമാദിത്വ പ്രഖ്യാപനംകൊണ്ടൊന്നും സഭയെ ഒന്നിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് അന്നും പലരും പറഞ്ഞിരുന്നു. അങ്ങനെയാണ് ഭാഗ്യസ്മരണാര്‍ഹനായ 23-ാം ജോണ്‍ മാര്‍പാപ്പ 1962 ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ കാലം മുതല്‍ മാര്‍പാപ്പ സ്ഥാനത്തിന്റെ പാദങ്ങളില്‍ അടിഞ്ഞുകൂടിയ പൊടി തുടക്കുന്നതിന്, അടഞ്ഞുകിടന്ന വാതിലുകള്‍ തുറക്കുന്നതിനായിട്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. പക്ഷെ വത്തിക്കാന്‍ കൗണ്‍സില്‍ സ്വപ്നം കണ്ട നവീകരണം സഭക്കുള്ളില്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല സഭയുടെ ഘടനയും അധികാരവും പൂര്‍വാധികം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് റോമാ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ജോണ്‍ 23-ാം മാര്‍പാപ്പയുടെ മരണശേഷം പിന്നീട് വന്ന ഓരോ മാര്‍പാപ്പമാരും ബോധപൂര്‍വം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങളെ ഒന്നൊന്നായി തമസ്കരിക്കുകയായിരുന്നു. വത്തിക്കാന്‍ കൗണ്‍സിലിന്റെ പിന്നിലെ ദൈവശാസ്ത്ര ചാലകശക്തികളായിരുന്ന ഓരോരുത്തരെയും അവഗണിച്ചുകൊണ്ട് എല്ലാ നവീകരണ ചിന്തകളുടെയും കൂമ്പുകള്‍ നുള്ളിക്കളഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ പല ഗവേഷണപഠനങ്ങളും നടന്നു. അതില്‍ അതിപ്രധാനമായത് ഡൊമിനിക്കന്‍ സന്യാസിയായിരുന്ന യീവ്സ് കോംഗാറിന്റെ സംഭാവനയാണെന്ന് ചരിത്രകാരനായ ഡോ. സേവ്യര്‍ കൂടപ്പുഴ പറയുന്നുണ്ട്.
ഈ ഗവേഷണ പഠനങ്ങള്‍ക്ക് “ജോണ്‍ 23-ാം മാര്‍പാപ്പയുടെ അംഗീകാരവും പ്രോത്സാഹനവും” അദ്ദേഹത്തിന് ലഭിച്ചു. സാമ്രാജ്യത്വത്തിന്റെയും രാജവാഴ്ചയുടെയും ഫ്യൂഡലിസത്തിന്റെയും തണലിലും സ്വാധീനത്തിലും സഭയിലേക്ക് അവിഹിതമായി കടന്നുവന്ന സ്ഥാനമാനങ്ങളും പദവികളും വേഷവിധാനങ്ങളും പെരുമാറ്റച്ചട്ടങ്ങളുമൊക്കെ കോംഗാറിന്റെ പ്രത്യേക പഠനവിഷയമായി. ഇവയോരൊന്നും സഭയില്‍ സ്ഥാനം പിടിച്ചതിന്റെ ചരിത്ര പശ്ചാത്തലം ഒരു ഗേവഷണഗ്രന്ഥമായി ആദ്യം ഫ്രഞ്ചിലും തുടര്‍ന്ന് ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തി. വലിയൊരു സംഭാവനയാണ് കോംഗാറിന്റെത്. റോമന്‍ കൂരിയയ്ക്ക് അസ്വീകാര്യനായിരുന്ന കോംഗാറിനെ ജോണ്‍ മാര്‍പാപ്പ വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക ദൈവശാസ്ത്രജ്ഞന്മാരുടെ (Peritus) ഗണത്തില്‍പ്പെടുത്തി. പിന്നീട് കര്ദ്ദിനാള്സ്ഥാനവും അദ്ദേഹത്തിന് നല്കി ആദരിച്ചു. ഭൗതികതയുടെ അതിപ്രസരം സഭയിലുണ്ടായതിന്റെ പിന്നിലെ ചരിത്രം മനസിലാക്കാന്‍ കോംഗാറിന്റെ പഠനം വളരെയേറെ സഹായകമാണ്.
രണ്ടാം വത്തിക്കാന്‍ സുനഹദോസ് സഭക്ക് എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോള്‍ ക്രിസ്തു വിരുദ്ധമായ അധികാരകേന്ദ്രീകരണത്തെക്കുറിച്ച് സഭാ പിതാക്കന്മാരുടെ ചിന്തകള്‍ സഫലീകരിക്കാന്‍ ഈ അമ്പത് കൊല്ലത്തിനിടയില്‍ കഴിഞ്ഞോ എന്നാണ് പ്രധാനമായും ചിന്തിക്കേണ്ടത്. 23-ാം ജോണ്‍ മാര്‍പാപ്പയുടെ കാലത്ത് എന്തെല്ലാം തിരുത്തണമെന്ന് സഭാപിതാക്കന്മാര് പറഞ്ഞുവോ അവയൊന്നും തിരുത്തിയില്ലെന്ന് മാത്രമല്ല കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
അധികാര ലഹരിയില്‍ മുഴുകിയ സഭാധികാരികള്‍ സ്വന്തം പദവിയും അധികാരവും സ്വാധീനവുമൊക്കെ ശാശ്വതീകരിക്കാന്‍ വിരുദ്ധ ലിഖിതത്തിന്റെ പിന്‍ബലം തേടാന്‍ വിഫലശ്രമം നടത്തിയിട്ടുണ്ടെന്നതും സഭാ ചരിത്രത്തിലെ ഒരു ദുഃഖസത്യമാണ്. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു.
അഞ്ചാം നൂറ്റാണ്ടിനുശേഷം സഭയിലേക്ക് ‘വിജാതീയരുടെ’ ഭരണക്രമം ഉള്‍പ്രവേശിച്ചു. റോമാ സാമ്രാജ്യം അതികേന്ദ്രീകൃതമായ ഭരണവ്യവസ്ഥയാണ് സ്വീകരിച്ചിരുന്നത്. സഭ രാജകീയ വ്യവസ്ഥിതിയിലുള്ളതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്സിന് മുമ്പുള്ള ദൈവശാസ്ത്ര ടെസ്റ്റ് ബുക്കുകളിലൂടെ ഔദ്യോഗികമായി പഠിപ്പിച്ചുപോന്നു. ഇന്നും മെത്രാന്മാര് ഈ രാജകീയ സ്ഥാനം തുടരുകയാണ്. മെത്രാന്മാര് “സിംഹാസനാരോഹിതരാ’കുകയാണ്. ഇന്ത്യക്കാരായ മെത്രാന്മാരുടെ മെത്രാന് പദവി നിലനില്‍ക്കുന്നത് റോമിലെ മാര്‍പാപ്പയോടുള്ള അനുസരണ പ്രഖ്യാപനത്തിന്റെ പേരിലാണ്. ഈ ജനാധിപത്യയുഗത്തില്‍ രണ്ടാം വത്തിക്കാനുശേഷം മെത്രാന്മാര് നാണമില്ലാതെ കിരീടം ധരിക്കുന്നു.
കാനോന്‍ നിയമം പരിഷ്കരിക്കേണ്ട ആവശ്യത്തെക്കുറിച്ച് വളരെ ശക്തമായ അഭിപ്രായങ്ങള്‍ കൗണ്‍സിലില്‍ ഉണ്ടായി. പരിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കള്ളരേഖയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട 1918 ലെ കാനോന്‍ നിയമം അതുപടി പകര്‍ത്തുക മാത്രമല്ല അത് ഇന്ത്യന്‍ സഭയുടെ മേലും അടിച്ചേല്പ്പിച്ചരിക്കുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിന് തുടക്കമിട്ടു. ധാരാളം പുരോഹിതര്‍ മാര്‍പാപ്പയുടെ അനുവാദത്തേടെ പൗരോഹിത്യം ഉപേക്ഷിച്ചു. ഇതിനര്‍ത്ഥം അവര്‍ സഭ വിട്ടുപോയി എന്നല്ല. പക്ഷെ പീന്നീട് ആറാം പോള്‍ മാര്‍പാപ്പ മുതല്‍ ഇങ്ങോട്ട് പുരോഹിതരും കന്യാസ്ത്രീകളും വിവാഹിതരാകുന്നതിന് അനുവാദം കൊടുത്തില്ല. കാരണം അങ്ങനെ അനുവാദം കൊടുത്താല്‍ ധാരാളം വൈദികര്‍ പൗരോഹിത്യവൃത്തി ഉപേക്ഷിച്ചുപോകുമോ എന്ന് സഭാധികാരം ഭയപ്പെടുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൗരസ്ത്യ സഭകളെക്കുറിച്ച് വളരെ വ്യക്തമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ” സാര്‍വത്രിക സഭ പൗരസ്ത്യ സഭകളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യംവഹിക്കുന്നുണ്ട്. സഭാപരവും ആധ്യാത്മികവുമായ പാരമ്പര്യത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്വത്രികസഭയുടേതാതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശങ്ങളും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്തില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഏറ്റം ഒത്തുപോകുന്നതും ആത്മാക്കളുടെ നന്മക്ക് കൂടുതല്‍ ഉപകരിക്കുന്നതുമാണ്. അതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ.” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, പേജ് 158).
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ ഇന്ത്യയിലെ പ്രാചീന സഭ അവളുടെ പാരമ്പര്യമനുസരിച്ച് ഒരു സ്വയംഭരണ സഭയായി തുടര്‍ന്നുപോന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷം പാശ്ചാത്യ സഭാ വ്യവസ്ഥ ഈ സഭയുടെ മേല്‍ കെട്ടിവെക്കുന്നതിന് നടത്തിയ എല്ലാ പരിശ്രമങ്ങളെയും സഭ ഒന്നടങ്കം എതിര്‍ത്തു. 19-ാം നൂറ്റാണ്ടില്‍ സ്വയംഭരണവാദം ശക്തിപ്പെട്ടു. അതിന്റെ ഫലമായി സഭക്ക് നാട്ടു മെത്രാന്മാരെ കിട്ടി. എങ്കിലും റോമിന്റെ ചൊല്‍പ്പടിക്ക് ഭാരതീയ ക്രൈസ്തവരെ നിര്‍ത്താന്‍ വേണ്ട സംവിധാനങ്ങള്‍ പാശ്ചാത്യസഭ ഒരുക്കി. 1905 ല്‍ മാക്കീല്‍ മെത്രാന് പാശ്ചാത്യ സഭാ ഭരണക്രമം അനുസരിച്ച് ഒരു ദെക്രത്ത് പ്രസിദ്ധീകരിച്ചു. ഇതും എതിര്‍പ്പിന് കാരണമായി.
വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡിക്രി അനുസരിച്ച് പൗരസ്ത്യ കാനോന്‍ നിയമം പൗരസ്ത്യ സഭകള്‍ക്ക് മാത്രമുള്ളതാണ്. ഇന്ത്യയിലെ പൗരാണിക സഭക്ക് മറ്റ് ഒരു സഭയുടെയും പാരമ്പര്യമില്ല. പക്ഷേ ഭാരതസഭയുടെ പാരമ്പര്യം കല്‍ദായ പാരമ്പര്യമാണെന്ന് വരുത്തീത്തീര്ക്കാന് റോമാ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.
വത്തിക്കാന്‍ കൗണ്‍സിലിന്റെ മുന്‍ ചൂണ്ടിക്കാണിച്ച പ്രഖ്യാപനമനുസരിച്ച് സഭാക്രമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് അവര്‍ തന്നെ ചെയ്യണം.
പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷം റോമന്‍ മത കൊളോണിയലിസം ഇന്ത്യയില്‍ ശാശ്വതീകരിക്കുന്നതിന് റോമില്‍ ഓരോ അധികാരകേന്ദ്രങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സഭയെ ഭരിക്കാനുള്ള അവകാശം മാര്‍പാപ്പാ പ്രഖ്യാപനങ്ങളിലൂടെ പോര്‍ട്ടുഗീസ് രാജാവിന് നല്കി. അങ്ങനെ പദ്രുവാദോ ഭരണം പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. ഭാരത ക്രൈസ്തവര്‍ പോര്‍ട്ടുഗീസുകാരുടെ മതകൊളോണിയലിസത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ ആഎതിര്പ്പിന്റെ മുന ഒടിക്കാന്‍ റോമാ ഇന്ത്യന്‍ സഭയുടെ ഭരണം പ്രൊപ്പഗാന്താ എന്ന മറ്റൊരു മതകൊളോണിയല്‍ ശക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. പ്രൊപ്പഗാന്താ സംഘത്തിന്റെ മതകൊളോണിയലിസത്തെ ഇന്ത്യയിലെ അഭിമാനമുള്ള ക്രൈസ്തവര്‍ ചെറുക്കുകയുണ്ടായി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഇവര്‍ ഇന്ത്യയില്‍ 18-ാം നൂറ്റാണ്ടില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ പാറേമ്മക്കല്‍ ഗോവര്‍ണ്ണദോര്‍ തന്റെ വര്‍ത്തമാനപുസ്തകം എന്ന ഗ്രന്ഥത്തില്‍ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്.
പിന്നീട് റോമാ ഇന്ത്യയില്‍ നേരിട്ട് നാട്ടുമെത്രാന്മാരെ നിയമിക്കാന്‍ ആരംഭിച്ചു. അങ്ങനെ വളരെ ബോധപൂര്‍വം തങ്ങളോട് അനുസരണ പ്രഖ്യാപിക്കുന്നവരെ മാത്രം മെത്രാന്മാരാക്കി ഈ സഭയില്‍ റോമന്‍ മതകൊളോണിയലിസം ഇന്നും നിലനിര്‍ത്തുന്നു.
സഭാചരിത്രത്തിലെല്ലാം ഭാരതസഭയുടെ ഘടന എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. തികച്ചും ജനാധിപത്യപരമായിരുന്നു പള്ളി ഭരണമെന്ന് അസന്നിഗ്ധമായ ഭാഷയില്‍ ഈ ചരിത്രകാരന്മാരെല്ലാം കുറിച്ചുവെക്കുകയുണ്ടായി. മെത്രാന്മാര്ക്കോ പുരോഹിതര്‍ക്കോ സഭയുടെ സാമ്പത്തിക ഭരണത്തില്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ ഇടവകയും സ്വതന്ത്രങ്ങളായിരുന്നു. ഭാരതത്തിന്റെ തനതായ ഈ സഭാഘടനയെ വിദേശ മിഷണറിമാര്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക് എന്നാണ് വിളിച്ചുപോന്നത്. ഈ പാരമ്പര്യങ്ങളെ ഒന്നും കണക്കിലെടുക്കാതെ റോമാ ഏകപക്ഷീയമായി പൗരസ്ത്യ കാനോന്‍ നിയമം നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ഇന്ത്യയില്‍ വിദേശ കൊളോണിയലിസം അവസാനിച്ചുവെങ്കിലും റോമിന്റെ മതകൊളോണിയലിസം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
പൗരസ്ത്യ കാനോന്‍ നിയമം ഇന്ത്യന്‍ സഭയുടെമേല്‍ അടിച്ചേപ്പിച്ചത് 23-ാം ജോണ്‍ മാര്‍പാപ്പയോട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവിനോടും റോമ ചെയ്ത ക്രൂരമായ വഞ്ചനയാണ്. ഇന്ന് ഭാരതസഭയെ ഭരിക്കുന്നത് ഈസ്റ്റേണ്‍ കോണ്ഗ്രിഗേഷന് എന്ന ഒരു കൊള്ളസംഘമാണ്. അവരാണ് മെത്രാന്മാരെ നിയമിക്കുന്നത്. (നാമമാത്രമായ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് ശരിതന്നെ.) പക്ഷെ ഇതിന്റെ പിന്നില്‍ ചരട് പിടിക്കുന്നത് റോമിലെ പൗരസ്ത്യ കൊള്ളസംഘംതന്നെയാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭക്കുള്ളില്‍ നവീകരണത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തി. പക്ഷെ പ്രത്യാശ തകര്‍ന്ന സഭ ഇന്ന് യൂറോപ്പില്‍ അനുദിനം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. സഭയില്‍ ക്രിസ്തു ഇല്ല എന്ന ബോധം വിശ്വാസികളില്‍ വളര്‍ന്നുവന്നു. ക്രിസ്തുവിന്റെ സ്ഥാനത്ത് കിരീടം അണിഞ്ഞ് മാര്‍പാപ്പമാരും കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ഇരിക്കുന്നു! ആധുനിക ഭരണക്രമമായ ജനാധിപത്യം സഭക്കുള്ളിലില്ല. എല്ലാം മെത്രാന് കേന്ദ്രീകൃതം.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: