കൊല്ലം: കടലിലെ വെടിവെയ്പുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ദൗത്യവുമായി ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്തെത്തി. കൊല്ലം രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മേധാവി ഫാ.രാജേഷ് മാര്‍ട്ടിന്റെ സഹായത്തോടെ വെടിവെയ്പില്‍ മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ മൂതാക്കരയിലെ വീട്ടില്‍ സംഘം രണ്ടുതവണ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 31ന് രാത്രി ജലസ്റ്റിന്റെ ഭാര്യ ഡോറയുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയ വൈദികര്‍ ബുധനാഴ്ച ഒരിക്കല്‍ക്കൂടി ഇവരുമായി സംസാരിച്ചു.
തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ആത്മീയോപദേശവും മനക്കരുത്തും നല്‍കാനാണ് വൈദികരെത്തിയതെന്നാണ് ഭാഷ്യം. നേരത്തെ നാവികരുമായി സംസാരിച്ച ഇറ്റാലിയന്‍ വൈദികരായ ഫാ. മാര്‍ക്ക്, ഫാ. ജേക്കബ് എന്നിവര്‍ ജലസ്റ്റിന്റെ ഭാര്യ ഡോറയുമായി കണ്ടുമുട്ടിയത് മാര്‍ച്ച് 31നാണ്. തലേദിവസം ഡോറയുടെ മൂത്തമകന് ഡെറിക്കിന്റെ പിറന്നാളാണെന്ന വസ്തുത സംഭാഷണത്തിലൂടെ മനസ്സിലാക്കിയ വൈദികര്‍ ബുധനാഴ്ച പിറന്നാള്‍ സമ്മാനവുമായാണ് ഇവരുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളിയിലെ ജലസ്റ്റിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കുകയും ഇറ്റലിയിലേക്ക് തിരിക്കുകയും ചെയ്തതായാണ് വിവരം.
അതേസമയം തിരുവനന്തപുരം-കൊല്ലം രൂപതകളുടെ അറിവോടെയാണ് ഇറ്റാലിയന്‍ പാതിരിമാരുടെ സന്ദര്‍ശനവും ഒത്തുതീര്‍പ്പു ചര്‍ച്ചകളും നടന്നതെന്ന വാദം രൂപതകള്‍ നിഷേധിച്ചു. ഇറ്റാലിയന്‍ നാവികരുടെ കൈപ്പിഴയാല് മരണപ്പെട്ട ജലസ്റ്റിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
കഴിഞ്ഞമാസം ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാന്‍ ഡി. മിസ്തുര ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കി കൊല്ലത്തെത്തിയിരുന്നു. സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു മിസ്തുരയുടെ വരവ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയായിരുന്നു നീക്കങ്ങള്‍ നടത്തിയത്. തങ്കശേരി ആംഗ്ലോ ഇന്ത്യന്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും ഇറ്റാലിയന്‍ ഭാഷയില്‍ പാണ്ഡിത്യമുള്ള ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ ഹോസ്റ്റല്‍ വാര്ഡന് ഫാ. റെജിസണിന്റെ സഹായത്തോടെ ജസ്റ്റിന്റെ കുടുംബവുമായി ആശയവിനിമയം നടത്തുകയും ഒടുവില്‍ നിരാശനായി മടങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: