ഈശ്വരനെ ശരിയായ ആശ്രയിക്കുകയാണെങ്കില്‍ ഭൗതികമായും ആദ്ധ്യാത്മികമായും നല്ലതേ വരൂ. ഒരു മഹാത്മാവും പട്ടിണി കിടന്നു മരിച്ചതായി ചരിത്രമില്ല. അവരുടെ മുന്നില്‍ ത്രിലോകവും മുട്ടുകുത്തിയിട്ടേയുള്ളൂ. ഈശ്വരനില്‍ ശരണാഗതിയടഞ്ഞ ഒരാളിന് ഒരിക്കലും ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടിവരില്ല. അവിടുത്തോടു സമര്‍പ്പണം ഇല്ലാത്തതാണ് നമ്മുടെ ഇന്നത്തെ സുഃഖദുഃങ്ങളുടെ പ്രധാനകാരണം. നമ്മളിന്ന് ദുഃഖിക്കുന്നുണ്ടെങ്കില്‍ അതിന്നര്‍ത്ഥം നമുക്ക് ശരിയായ ഈശ്വരസമര്‍പ്പണം ഇല്ല എന്നതുതന്നെ. നമ്മുടെ ഭക്തി, ഭക്തിക്കുവേണ്ടിയുള്ളതല്ല. ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുവേണ്ടിയുള്ളതാണ്, ആഗ്രഹങ്ങളാണ് ദുഖത്തിന് വഴിവയ്ക്കുന്നത്.
നിഷ്കാമമായി ഭഗവാനെ ആശ്രയിക്കുകയാണെങ്കില്‍, നമുക്ക് വേണ്ടതെല്ലാം വേണ്ടസയത്ത് അവിടുന്ന് എത്തിച്ചുതരും. എല്ലാം അവിടുന്ന് നോക്കിക്കൊള്ളും എന്ന സമര്‍പ്പണമുണ്ടെങ്കില്‍ പിന്നെ ഒന്നും ഭയപ്പെടേണ്ടതില്ല. എങ്ങും ഐശ്വര്യവും ആനന്ദവും കളിയാടും. നിഷ്കളങ്കഭക്തിയുണ്ടെങ്കില് ലക്ഷ്മി അവന്റെ ദാസിയാകും. എന്നാല്‍ നമ്മുടെ ഭക്തി ഏത് തരത്തിലുള്ളതാണ്? ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറയും. ഭഗവാനെ കാണാന്‍ മാത്രമായി നമ്മളാരും ക്ഷേത്രത്തില്‍ പോകാറില്ല. ഭഗവാന്റെ തിരുമുമ്പിലും ലൗകികകാര്യങ്ങള്‍ മാത്രമേ നമുക്ക് പറയാനുള്ള നാട്ടുകാര്യങ്ങളും വീട്ടുകാര്യവും പറയാനാണെങ്കില്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമെന്താണ്?
നമ്മുടെ കഷ്ടപ്പാടുകളെല്ലാം നമ്മള് പറയാതെതന്നെ അവിടുന്നറിയുന്നുണ്ട് എന്നൊരു വിശ്വാസത്തോടെ, ക്ഷേത്രത്തില്പോകുന്ന സമയമെങ്കിലും എല്ലാം അവിടുത്തേക്ക് സമര്‍പ്പിച്ചു ഭഗവാനെ തന്നെ ധ്യാനിക്കുകയാണ് വേണ്ടത്. ക്ഷേത്രത്തില്‍ പോകുന്നത് പരാതി പറയുവാന്‍ മാത്രമാകരുതെന്ന് സാരം. ഈശ്വരനെ ആരാധിക്കുവാനും ഈശ്വരസ്മരണ വളര്ത്തുവാനുമായിരിക്കണം ക്ഷേത്രദര്‍ശനം നടത്തേണ്ടത്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: