കൊച്ചി: പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുളള പോലീസ് പരിശോധന വേഗത്തിലാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ചയ്ക്കകം ഉന്നത പോലീസ് അധികൃതരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഏറ്റവും വേഗത്തില്‍ പരിശോധനാഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാറ്റം പോലീസില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരളത്തില്‍ ആരംഭിച്ച 13 പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെച്ചപ്പെട്ട സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരത്തില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങിയത്. മാസങ്ങള്‍ നീളുന്ന പ്രക്രിയ മണിക്കൂറുകള്ക്കുളളിലാക്കി അവര്‍ പൂര്‍ണത കൈവരിക്കുമ്പോള്‍ സംസ്ഥാന പോലീസ് വകുപ്പിനു ഇതൊരു വെല്ലുവിളിയാണ്. സേവാകേന്ദ്രം എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചാലും കുരുക്ക് പോലീസ് പരിശോധനയിലാണ്. അതിനൊപ്പം പോകാന്‍ നമ്മുടെ സംവിധാനത്തിനു കഴിയേണ്ടതുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് 13 പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ അനുവദിച്ചതിന് കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണയെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു. സംസ്ഥാനത്തെ ഒമ്പതു ജില്ലകള്‍ മാത്രമാണ് ഇതുവഴി ബന്ധിപ്പിക്കപ്പെടുന്നതെന്നും പുതുതായി പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലും പിഎസ്കെ തുടങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കു മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാസ്പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിഷ്കാരം വരുമെന്നു സൂചിപ്പിച്ച കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണ കേരളത്തില്‍ പുതിയ അഞ്ച് പിഎസ്കെ കൂടി അനുവദിക്കുന്നത് അനുഭാവത്തോടെ പരിഗണിക്കുമെന്നും അറിയിച്ചു. ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍, ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. എം.പി.മാരായ കെ.പി.ധനപാലന്, പി.രാജീവ്, പി.ടി.തോമസ്, ചാള്‍സ് ഡയസ്, പി.സി.ചാക്കോ, എം.കെ.രാഘവന്, മരട് നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ബസന്ത് കെ.ഗുപ്ത സ്വാഗതവും ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കെ.പര്‍ദേശി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: