ന്യൂദല്‍ഹി: പ്രതിരോധമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന് എതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നതിനിടെയാണ് ബിജെപി ഈ ആവശ്യമുന്നയിച്ചത്. രാജ്യസഭയിലെ ശൂന്യവേളയില്‍ പാര്‍ട്ടി നേതാവ് പ്രകാശ് ജാവ്ദേക്കറാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. ആരോപണം ഉയര്‍ന്നിട്ടും ഒരു നടപടിയും എടുക്കാത്തത് പ്രതിരോധമന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് കൊണ്ടാണോ എന്ന് ജാവ്ദേക്കര്‍ ചോദിച്ചു. കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാത്തത് രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാലാണെന്ന ആന്റണിയുടെ വാദം തള്ളിയ ജാവ്ദേക്കര്‍ എഴുതി നല്കിയ പരാതി നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി.
2009 മുതല്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണം രണ്ട് വര്‍ഷമായിട്ടും അവസാനിക്കാത്തത് കേന്ദ്രവും പ്രതിരോധമന്ത്രിയും അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നതിന് തെളിവാണ്. അഴിമതിക്ക് കൂട്ടുനില്ക്കുയാണെങ്കില് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പ്രതിരോധമന്ത്രി രാജിവെക്കണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രണ്ടുവര്‍ഷം മുമ്പെ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രിക്ക് കത്തയച്ചിരുന്നു. അന്വേഷണം നടന്നിരുന്നോ എന്ന് പോലും പ്രതിരോധ മന്ത്രാലയം ആസാദിനെ അറിയിച്ചില്ല. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരസ്യമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ആരോപണത്തില്‍ എന്ത് നടപടിയെടുത്തെന്നും ആരൊക്കെയാണ് കുറ്റക്കാരായി കണ്ടെത്തിയതെന്നറിയിക്കണമെന്നും ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.
കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിനെ വ്യക്തിപരമായി അധിക്ഷേപിക്കാതെ അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും വിവാദ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം സംശയാസ്പദമാണെന്നും ബിജെപി ഉപാധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കരസേനാ മേധാവിയുടെ കത്ത് ചോര്‍ന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: