ചേര്‍പ്പ് : പെരുവനം മഹാദേവക്ഷേത്രത്തില്‍ ആദ്യകാലത്തെ ഉത്സവത്തിന്റെ വലിയ വിളക്കായിരുന്നു പൂയത്തിന് നാള് നടക്കുന്ന പെരുവനം പൂരം. നിത്യപൂജകള്‍ക്കുശേഷം നാലുമണിയോടുകൂടി വലിയ പാണികൊട്ടി പാഞ്ചാരിമേളം മൂന്നാം കാലം തുടങ്ങി ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുന്നു. മൂന്നു പ്രാവശ്യം ശംഖുവിളിച്ച് വലംതലയില്‍ കൊട്ടിവെച്ച് പെരുവനത്തേക്കുള്ള യാത്ര ഈ വര്‍ഷം തിരുവമ്പാടി ചന്ദ്രശേഖരനാണ് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റുന്നത്. നാഗസ്വരത്തിന്റെ അകമ്പടിയോടെ പ്രൗഢഗംഭീരമായ യാത്രക്കിടയില്‍ കൈതവളപ്പ് പല്ലിശ്ശേരി സെന്റര്‍, തേവര് റോഡ് ജംഗ്ഷന്, എന്നിവിടങ്ങളില്‍ ശംഖ്വിളിയും പഴയ ഊരകം ഇടവഴിയില്‍ നിന്നും ആര്‍പ്പുവിളിയും ആരംഭിക്കുകയായി. ഊരകം നടയില്‍ ആര്‍പ്പുവിളി അവസാനിച്ചാല്‍ വീണ്ടും നാഗസ്വരം അകമ്പടി സേവിക്കുകയായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശാസ്താവിനെ നിറപറയും നിലവിളക്കും വെച്ച് വരവേല്‍ക്കുക. ആറുമണിയോടുകൂടി പെരുവനം മഹാദേവക്ഷേത്രത്തിന്റെ തെക്കെ നടയില്‍ മതില്‍ക്കെട്ടിനകത്ത് തലയെടുപ്പുള്ള ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരന്ന് പ്രസിദ്ധമായ ഇറക്കപ്പാണ്ടി മേളം ആരംഭിക്കും. പാഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ പെരുവനം നടവഴി പാണ്ടിമേളത്തോടെയാണ് ശാസ്താവിന്റെ എഴുന്നള്ളത്ത്.
മേളവിദഗ്ദ്ധരുടെ കൈവിരലുകളിലൂടെ അണമുറിയാതുയരുന്ന ഇറക്കപ്പാണ്ടി എന്ന മേളവിസ്മയം കാണികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള് മേളപ്രേമികള്‍ക്ക് അവാച്യമായ ഒരു അനുഭൂതിയാണ് അനുഭവപ്പെടുന്നത്. നൂറ്റമ്പതില്‍ പരം കലാകാരന്മാര് ഒറ്റമനസ്സോടെ ഒരുക്കുന്ന ഈ പാണ്ടിമേളം ആസ്വദിക്കുവാന്‍ മേളപ്രേമികള്‍ പെരുവനത്തേക്ക് ഒഴുകുകയായി. പെരുവനം കുട്ടന്മാരാര്, കൊടകര ശിവരാമന്നായര്, രാമന്നായര്, കുമ്മത്ത് രാമന്നായര്, മണിയാംപറമ്പില്‍ മണി എന്നിവര്‍ മേളത്തിന് നേതൃത്വം നല്‍കും. കിഴക്കേ നടയില്‍ കിഴക്കോട്ട് അഭിമുഖമായി ഒമ്പതര വരെ പാണ്ടിമേളം തുടരും. പെരുവനം നടവഴിയില്‍ ആറാട്ടുപുഴ ശാസ്താവിന് മാത്രമാണ് പാണ്ടിമേളം ഉണ്ടാവുക. മേളം കഴിഞ്ഞാല്‍ തൃപുടയോടുകൂടി കിഴക്ക് ആറാട്ട് കുളത്തിന് സമീപത്തെത്തുന്ന ആറാട്ടുപുഴ ശാസ്താവ് ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ കല്ലേലി മേടക്കുളം എന്നീ ശാസ്താക്കന്മാരോടൊപ്പം പെരുവനം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയായി. കിഴക്കേ ഗോപുരം വരെ കൊമ്പുപറ്റ്, കുഴല്‍ പറ്റ്, പാഞ്ചാരിമേളവും ക്ഷേത്രത്തിന് അകത്തുകടന്നാല്‍ മുറിഅടന്ത, എവിടെനിന്നാണോ പൂരം ആരംഭിച്ചത് അവിടെ അവസാനിക്കുന്നു. ആറാട്ടുപുഴ ശാസ്താവ് തന്ത്രി ഇല്ലത്തേക്കും മറ്റുദേവന്മാര്‍ പെരുവനക്ഷേത്രപ്രദക്ഷിണത്തിനും യാത്രയാകുന്നു. പിറ്റേന്ന് പെരുവനത്ത് ചേര്‍പ്പ് ഭഗവതിയോട് ഉപചാരത്തിന് ശേഷം മടങ്ങുമ്പോള്‍ ഊരകം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ് ഉപചാരം. ഏകദേശം പതിനൊന്നരയോടെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ച് എഴുന്നള്ളുന്നു. തുടര്‍ന്ന് താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കുകയായി. ഇതോടെ മേളവിസ്മയം തീര്‍ത്ത പെരുവനം പൂരത്തിന് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: