കാന്‍സര്‍ ജീവിതശൈലീ രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാന്‍സര്‍ ചികിത്സാ വിദഗ്ധരുടെ മുന്നറിയിപ്പ് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ‘ലാന്‍സറ്റ്’ മാസികയിലെ പഠനം. ഇന്ത്യയില്‍ ആര്ലക്ഷം പേര് കാന്സര്ബാധിതരായി മരിക്കുന്നുവെന്നും മരിച്ചവരില്‍ 70 ശതമാനം പേര് മുപ്പതിനും 60 നും ഇടയില്‍ പ്രായമുള്ള, സമൂഹത്തിന് കാര്യമായ സംഭാവന നല്കാന് കഴിവുള്ള ജനവിഭാഗമാണെന്നും പഠനം പറയുന്നു. ഞെട്ടിപ്പിക്കുന്ന വസ്തുതയാണിത്. 2010 ല്‍ ഉണ്ടായ 2.5 ദശലക്ഷം മരണത്തില്‍ 8 ശതമാനം പുരുഷന്മാരുടെ മരണവും 10 ദശലക്ഷം സ്ത്രീമരണങ്ങളില് 12 ശതമാനവും കാന്സര്മൂലമായിരുന്നു. കാന്‍സര്‍ രോഗം കവര്‍ന്നത് 5,56,400 ജീവനുകളായിരുന്നു. കാന്‍സര്‍ കണ്ടുപിടിക്കുന്നതിനള്ള താമസവും തത്സമയം ചികിത്സ ലഭ്യമാക്കാത്തതും മരണകാരണമാകുന്നു. അതോടൊപ്പം ഇന്ന് മാറിയ ജീവിതശൈലി, ഫാസ്റ്റ് ഫുഡ് ഭക്ഷണം, കീടനാശിനികള്‍ തളിച്ച പച്ചക്കറി-പഴ ഉപയോഗം, തീക്ഷ്ണമായ ജല-വായു മലിനീകരണം മുതലായവയും കാന്‍സര്‍ ബാധക്കും കാന്‍സര്‍ മരണത്തിനും കാരണമാകുന്നുണ്ട്. ലാന്‍സറ്റ് പഠനം അനുസരിച്ച് കാന്‍സര്‍ ബാധക്കും മരണത്തിനും ഒരു സുപ്രധാന കാരണം പുകയില ഉപയോഗമാണ്. പുകവലിയും പുകയില കൂട്ടിയുള്ള മുറുക്കലും കാന്‍സര്‍ പടര്‍ത്തുന്നു. 23 ശതമാനം വായില്‍ ഉണ്ടാകുന്ന കാന്‍സറിനും വയറിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന കാന്‍സറിനും പുകയില കാരണമാണ്. വയറിലെ 12.6 ശതമാനം കാന്‍സറിനും 11.4 ശതമാനം ശ്വാസകോശ കാന്‍സറിനും പുകയില ഉപയോഗം കാരണമാകുന്നു.
പുകയില ഉപയോഗം 42 ശതമാനം പുരുഷമരണത്തിനും അതിലിരട്ടി മരണങ്ങള് പുകയില ചവയ്ക്കുന്നതിനാലും ഉണ്ടാകുമ്പോഴും പുകയില ഉപയോഗ നിയന്ത്രണം ഇതുവരെ ഒരു സര്‍ക്കാരിനും സാധ്യമായിട്ടില്ല. പുകവലി നിരോധനം ഏര്‍പ്പെടുത്തിയിട്ടും പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് ശിക്ഷാവിധേയമാക്കിയിട്ടും ഏറ്റവും ഒടുവില്‍ എറണാകുളം പുകയിലരഹിത പ്രദേശമായി പ്രഖ്യാപിച്ചിട്ടും പുകയില ഉപയോഗം അഭംഗുരം തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പാന്മസാലകളിലും ബീഡി-സിഗരറ്റിലും മാത്രമല്ല ഗുഡ്ക മുതലായ ഉല്‍പ്പന്നങ്ങളിലും പുകയിലതന്നെയാണുള്ളത്. പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാണത്രേ. പുകയില ജന്യമായ കാന്‍സറിന്റെ ഏക പ്രതിരോധം പുകയില നിയന്ത്രണം മാത്രമാണ്. പുകയില വ്യാപാരികള്‍ വന്‍കിടക്കാരായതിനാല്‍ ബജറ്റില്‍ സിഗററ്റ്-പുകയില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന നാമമാത്രമാണ്. പുകയില നിയന്ത്രണം ഒരു പരിധിവരെയെങ്കിലും സാധ്യമാകണമെങ്കില്‍ അവയുടെ മേല്‍ ചുമത്തുന്ന നികുതിഭാരം വര്‍ധിപ്പിക്കണം. മെക്സിക്കോയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനമാണ് ടാക്സ് എങ്കില്‍ ഫിലിപ്പീന്‍സില്‍ അത് 200 ശതമാനമാണത്രെ.
സ്ത്രീകളില്‍ പടരുന്നത് സെര്‍വിക്കല്‍ കാന്‍സറും സ്തനാര്‍ബുദവുമാണ്. സെര്‍വിക്കല്‍ കാന്‍സര്‍ മരണം 17 ശതമാനവും സ്തനാര്‍ബുദം 10.2 ശതമാനവും ആണ്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതര്‍ അധികവും ഗ്രാമങ്ങളിലാണ് എന്നതും അവര്‍ക്ക് കിട്ടുന്ന ആരോഗ്യ പരിരക്ഷയുടെ അഭാവം തന്നെയാണ് കാണിക്കുന്നത്.
കാന്‍സറിനെപ്പറ്റിയുള്ള അവബോധ ശ്രമങ്ങള്‍ ഇന്ന് വ്യാപിക്കുന്നുണ്ട്. ഇന്ത്യയില്‍ പശ്ചിമബംഗാളിലും കേരളത്തിലും കാശ്മീരിലുമാണ് ഏറ്റവുമധികം കാന്‍സര്‍ ബാധയും കാന്‍സര്‍ മരണവും. ഇന്ന് കാന്സര്മരുന്നുകളടക്കം ജീവന്‍രക്ഷാമരുന്നുകള്‍ പോലും മരുന്നുമാഫിയ ചൂഷണവിധേയമാക്കുന്നു. കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില കുറക്കുമെന്നത് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. ഈ ഇരുണ്ട ആകാശത്തില്‍ തെളിയുന്ന ഏക പ്രകാശം പാലിയേറ്റീവ് കീയറിന് സര്‍ക്കാര്‍ ആശുപത്രികളടക്കം പല ആശുപത്രികളും നല്കിതുടങ്ങിയിരിക്കുന്ന പ്രാധാന്യമാണ്. പാലിയേറ്റീവ് കീയര്‍ യൂണിറ്റുകള്‍ ഗൃഹസന്ദര്‍ശനം നടത്തി കാന്‍സര്‍ബാധിതരെ പരിചരിക്കുന്നത് ആശ്വാസകരമാണ്. പക്ഷെ ഇങ്ങനെ ഒരു ചെറിയ വിഭാഗത്തില്‍ ഒതുങ്ങാതെ സര്‍ക്കാര്‍തലത്തില്‍ കാന്‍സര്‍ ബാധാ പ്രതിരോധ നടപടികള്‍ അത്യാവശ്യമായിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: