പാര്‍ലമെന്റിനകത്തും പുറത്തും തന്റെ നിരപരാധിത്വത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ അവിശ്വസിക്കാതെ വയ്യ. നിലവാരംകുറഞ്ഞ പ്രതിരോധ വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടു എന്ന കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്റെ വെളിപ്പെടുത്തലിനോട് ആന്റണി പ്രതികരിച്ചത് പല നിലയ്ക്കും പദവിയ്ക്ക് ചേരാത്ത രീതിയിലാണ്. എന്നുമാത്രമല്ല, പ്രതിരോധമന്ത്രാലയത്തെയും കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ആന്റണിയുടെ വിശദീകരണം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ആന്റണിക്ക് മാത്രം നല്കാന് കഴിയുന്ന മറുപടിക്കേ ഈ സംശയങ്ങള്‍ ദൂരീകരിക്കാനാവൂ. കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന്റെ ഗൗരവസ്വഭാവം കണക്കിലെടുക്കുമ്പോള്‍ സംശയത്തിന്റെ തരിമ്പുമില്ലാതെ മറുപടി നല്കാന് ആന്റണി ബാധ്യസ്ഥനുമാണ്. ഇതിന് പകരം അഴിമതിരഹിതന്‍, ആദര്ശധീരന് എന്നൊക്കെയുള്ള പ്രതിഛായയുടെ മറവില്‍ ചില തൊടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാമെന്ന് ആന്റണിയിലെ രാഷ്ട്രീയക്കാരന് വിചാരിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി പരിഗണനകള്‍ക്കും രാഷ്ട്രീയ വിധേയത്വത്തിനുമപ്പുറം രാജ്യരക്ഷ പരമപ്രധാനമായി കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട പ്രതിരോധമന്ത്രിയില്‍നിന്ന് യുക്തിസഹവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ വിശദീകരണം ഉണ്ടായേ തീരൂ.
കരസേനാമേധാവിയുടെ വെളിപ്പെടുത്തലിന്റെ രീതിയെക്കുറിച്ചും സമയത്തെക്കുറിച്ചും അഭിപ്രായവ്യത്യാസമുള്ളവര് ഉണ്ടാകാമെങ്കിലും അദ്ദേഹത്തിന്റേത് വെറുമൊരു ആരോപണമായിരുന്നില്ല എന്ന് ഏവരും സമ്മതിക്കും. കോഴ വാഗ്ദാനംചെയ്ത് ആര്, എന്തിനാണ് തന്നെ സമീപിച്ചതെന്നും എന്താണ് പറഞ്ഞതെന്നും ജനറല്‍ വി.കെ.സിംഗ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അപ്പോള്‍ത്തന്നെ പ്രതിരോധമന്ത്രിയെന്ന നിലയ്ക്ക് ആന്റണിയെ അറിയിക്കുകയും ചെയ്തതാണ്. ഈ പശ്ചാത്തലത്തില്‍ ആന്റണി പാര്‍ലമെന്റിനകത്തും പുറത്തും നല്കിയ വിശദീകരണം ജനങ്ങളെ കബളിപ്പിക്കുന്നതും ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാം.
ജനറല്‍ സിംഗിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നടപടി എടുത്തിട്ടുണ്ടെന്നുമാണ് പാര്‍ലമെന്റിന് പുറത്ത് ആന്റണി പ്രഖ്യാപിച്ചത്. കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുള്ള അഭിമുഖം ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെക്കുറിച്ചാണ് ‘താന്‍ ഇതിനകം നടപടി എടുത്തു കഴിഞ്ഞു’ എന്ന് ആന്റണി പറയുന്നത്. ഇവിടെയാണ് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുന്നത്. കോഴവാഗ്ദാനം ചെയ്യപ്പെട്ടതിനെക്കുറിച്ച് പത്രത്തിന് അഭിമുഖം നല്‍കുന്നതിന് വളരെ മുമ്പുതന്നെ അക്കാര്യം ജനറല്‍ സിംഗ് ആന്റണിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ആന്റണി നടപടി എടുത്തില്ല. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാതെ തൊട്ട് മുമ്പ് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തെക്കുറിച്ചാണ് താന്‍ ഉചിത സമയത്ത് നടപടി എടുത്തുവെന്ന് ആന്റണി അവകാശപ്പെടുന്നത്.
കോഴവാഗ്ദാനത്തെക്കുറിച്ച് കരസേനാ മേധാവി നേരത്തെ അറിയിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ‘പാര്‍ലമെന്റ് ചേരുന്നു’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ആന്റണി ചെയ്തത്. രാജ്യസഭയില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാകട്ടെ വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ച് സഹതാപം നേടാനാണ് ആന്റണി ശ്രമിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കാമെന്നുമാണ് ആന്റണി പ്രഖ്യാപിച്ചത്. ഒരാള്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ അയാളുടെ അനുവാദം വേണ്ട. ആന്റണിയും ഇക്കാര്യത്തില്‍ വ്യത്യസ്തനാകുന്നില്ല.
കോഴ വാഗ്ദാനം ചെയ്യപ്പെട്ട കാര്യം കരസേനാമേധാവി അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നുവെന്നും അത് ‘നടുക്കുന്ന’ വിവരമായിരുന്നുവെന്നും ആന്റണി സമ്മതിക്കുന്നുണ്ട്. എന്നാല്‍ വാക്കാലോ രേഖാമൂലമോ പരാതി ലഭിക്കാത്തതിനാല്‍ അന്വേഷിച്ചില്ല എന്നാണ് അദ്ദേഹം തുടര്‍ന്ന് വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ ആരുടേയും പരാതിയില്ലാതെ ഇപ്പോഴെന്തിന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു എന്ന ചോദ്യത്തിന് ആന്റണി മറുപടി പറയണം.
ആന്റണിയോട് നേരിട്ട് പറഞ്ഞ കാര്യം തന്നെയാണ് യാതൊരു നടപടിയും എടുക്കാതിരുന്ന സാഹചര്യത്തില്‍ കരസേനാമേധാവിക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടി വന്നത്. കോഴവാഗ്ദാനം ചെയ്തയാള്‍ അതൊരിക്കലും വെളിപ്പെടുത്താന്‍ പോകുന്നില്ലല്ലോ. അപ്പോള്‍ കരസേനാ മേധാവിക്കും തനിക്കും മാത്രം അറിയാവുന്ന കാര്യം മറ്റാരും ഒരിക്കലും അറിയാന്‍ പോകുന്നില്ലെന്ന് കരുതിയല്ലേ ആന്റണി നടപടിയെടുക്കാതിരുന്നത്? മറിച്ച് വിശ്വസിക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല.
കരസേനാ മേധാവിക്ക് താല്‍പ്പര്യമില്ലാതിരുന്നതിനാലാണ് നടപടി എടുക്കാതിരുന്നതെന്ന ന്യായീകരണം പ്രതിരോധമന്ത്രിയെന്ന നിലയ്ക്ക് ആന്റണിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്. കരസേനാ മേധാവിയുടെ മനോഭാവം എന്തായിരുന്നാലും നടപടിയെടുക്കണമെന്ന് ആന്റണി നിര്‍ദ്ദേശം നല്‍കണമായിരുന്നു. ആന്റണിയിലെ രാഷ്ട്രീയക്കാരന്റെ വിധേയത്വം ആരോടായിരുന്നാലും ഇങ്ങനെ ചെയ്യുമ്പോഴാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധമന്ത്രിയാവുന്നത്. “തനിയ്ക്ക് മുമ്പുള്ളവര്‍ ഇത് ചെയ്തിട്ടുണ്ട്. ഇനി വരുന്നവരും ഇത് തന്നെയാവും ചെയ്യുന്നത്” എന്ന് പറഞ്ഞുകൊണ്ട് കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്തയാള്‍ ആരായിരുന്നുവെന്നും കരസേനാ മേധാവി പറഞ്ഞിരുന്നുവെന്നും ആന്റണി സമ്മതിക്കുന്നുണ്ട്. എന്നിട്ടും നടപടിക്ക് മുതിരാതിരുന്നതിന്റെ കുറ്റം കരസേനാ മേധാവിയില്‍ ചുമത്തുന്ന ആന്റണി ഇക്കാര്യത്തില്‍ ഒട്ടും സത്യസന്ധമായല്ല പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്.
രാജ്യരക്ഷയെ അപകടത്തിലേയ്ക്ക് നയിക്കുന്ന ഒരു കാര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് നടപടിയെടുക്കാന്‍ രേഖാമൂലമായ പരാതി ലഭിക്കണമെന്ന് ആന്റണി എവിടെനിന്നാണ് പഠിച്ചിട്ടുള്ളത്? ആരോട് പറയാന്‍ കൊള്ളാവുന്ന ന്യായമാണിത്?
ഇന്ത്യയില്‍ സൈനിക ഭരണമല്ല. ഇവിടെ ഭരണം നടത്തുന്നത് ജനാധിപത്യ ഭരണകൂടമാണ്. അതുകൊണ്ടുതന്നെ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. യുദ്ധം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും സൈന്യമല്ല, സര്‍ക്കാരാണ്. ആന്റണി പ്രതിരോധമന്ത്രിയും വി.കെ.സിംഗ് കരസേനാമേധാവിയും ആയതോടെ ഈ സ്ഥിതിക്ക് മാറ്റം വരുന്നില്ല. എന്തിനേറെ കരസേനാമേധാവിയുടെ പ്രായപരിധിയുടെ കാര്യത്തില്‍പ്പോലും തീരുമാനമെടുക്കാനുള്ള അവകാശം പ്രതിരോധ മന്ത്രാലയത്തിനാണെന്നല്ലേ മന്ത്രിയായ ആന്റണി വാദിച്ചത്.
ആന്റണി പ്രതിരോധമന്ത്രിയായ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ താനൊഴികെ മറ്റാര്‍ക്കും ഇത് അറിയില്ലെന്ന നാട്യമാണ് ആന്റണിക്കുള്ളത്. ഈ നാട്യത്തിന്റെ പുറത്താണ് അഴിമതി മാനംമുട്ടെ കുന്നുകൂടിയിരിക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്നിട്ടും ആന്റണി ആദര്ശവാന് ചമയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും പ്രമുഖമന്ത്രിമാരും ആരോപണവിധേയരാവുകയോ ജയിലിനകത്താവുകയോ ചെയ്തിട്ടും അഴിമതിക്കെതിരെ നിശബ്ദത പാലിക്കുന്ന ആന്റണിയെയാണ് ജനങ്ങള്‍ കണ്ടത്. പ്രതിരോധ മന്ത്രിസ്ഥാനത്ത് എത്തിച്ചേര്‍ന്നതോടെ ആന്റണിയില്വന്നിരിക്കുന്ന മാനസിക പരിവര്‍ത്തനമാണിത്. എത്തിച്ചേരാനാവുന്ന ഔന്നത്യത്തില്‍ താന്‍ എത്തിയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ഒരു രാഷ്ട്രപതി സ്ഥാനം മാത്രം. തന്നെ പ്രതിരോധ മന്ത്രിസ്ഥാനത്ത് എത്തിച്ചവര്‍തന്നെ ഇതും സാധ്യമാക്കുമെന്ന് ആന്റണി ഉറച്ചുവിശ്വസിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന യുപിഎ സംവിധാനത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനായ എണ്ണപ്പെടുന്നത് പ്രതിരോധമന്ത്രിയായ ആന്റണിയെയാണ്. മന്‍മോഹന്‍സിംഗ് കണ്ണ് ശസ്ത്രക്രിയക്കായി അമേരിക്കയില്‍ പോയപ്പോള്‍ പകരം ചുമതല നല്കിയതും സോണിയ ശസ്ത്രക്രിയയ്ക്ക് പോയപ്പോള്‍ പാര്‍ട്ടിയുടെ ചുമതല നല്കിയതും ആന്റണിക്കായിരുന്നല്ലോ. ഈ സൗഭാഗ്യങ്ങള്‍ ആന്റണിയിലെ സത്യസന്ധന്റെ മനസ്സിളക്കിയിരുന്നു. അദ്ദേഹത്തിലെ ആദര്ശധീരന് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടിരിക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ സഹസ്രകോടികളുടെ അഴിമതികളോട് പൊരുത്തപ്പെട്ട മനോഭാവം തന്നെയാണ് കരസേനാമേധാവിക്ക് കോഴവാഗ്ദാനം ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാതിരിക്കാനും ആന്റണിയെ പ്രേരിപ്പിച്ചത്. ലോകരാജ്യങ്ങളില്‍വെച്ച് ഏറ്റവും വലുതാണ് ഇന്ത്യന്‍ കരസേന. അതിന്റെ മേധാവിയായിരിക്കുന്ന ഒരാള്‍ക്ക് ആരെങ്കിലുമൊരാള്‍ കോഴ വാഗ്ദാനം ചെയ്യണമെങ്കില്‍ അയാള്‍ തനിച്ചായിരിക്കില്ല. അതിനുള്ള ധൈര്യമൊന്നും ആര്‍ക്കുമുണ്ടാവില്ല. അയാള്ക്കുമുന്നിലും പിന്നിലും ചിലരുണ്ടാവാം. അവര്‍ക്ക് രാഷ്ട്രീയത്തിലും ഭരണകൂടത്തിലുമുള്ള സ്ഥാനവും സ്വാധീനവുമായിരിക്കണം ആന്റണിയുടെ നിഷ്ക്രിയതക്ക്കാരണം.
സൈന്യത്തില്‍ ആവശ്യത്തിന് ആയുധങ്ങളില്ലെന്നും ഉള്ളവ കാലഹരണപെട്ടതാണെന്നും ചൂണ്ടിക്കാട്ടി കരസേനാ മേധാവി പ്രധാനമന്ത്രി മന്മോഹന്സിംഗിനെഴുതിയ കത്ത് ഒരര്‍ത്ഥത്തില്‍ ആന്റണിക്കെതിരായ കുറ്റപത്രമാണ്. ഈ കത്തിനെക്കുറിച്ചും തനിക്കറിയാമായിരുന്നുവെന്ന് പറയുന്ന ആന്റണി സ്ഥിതിഗതികളെ ലളിതവല്‍ക്കരിച്ച് കഴിവില്ലായ്മക്ക് മറയിടുകയാണ്. ആറ് വര്‍ഷത്തിലേറെയായി പ്രതിരോധമന്ത്രിസ്ഥാനത്ത് തുടരുന്ന ആന്റണി യഥാസമയം നടപടികളെടുത്തിരുന്നെങ്കില്‍ ജനറല്‍ സിംഗ് ചൂണ്ടിക്കാട്ടുന്ന സേനയിലെ അപര്യാപ്ത ഒഴിവാക്കാമായിരുന്നു. ഒരു രാഷ്ട്രീയക്കാരനാവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ രാഷ്ട്രത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ വെറുമൊരു രാഷ്ട്രീയക്കാരന് കഴിയില്ല. അതിന് നൈസര്‍ഗികമായ നേതൃഗുണം വേണം. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ ആവര്‍ത്തിച്ച് അനുഭവപ്പെടുന്ന കുറവും ഇതാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: