കൊച്ചി: സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് കൊച്ചി നഗരസഭയുടെത്. 731.93 കോടി രൂപയുടെ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണു ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഇന്നലെ കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ അവതരിപ്പിച്ചത്. 757.73 കോടി രൂപയാണു 2012 – 2013 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം.
ഗതാഗത വികസനത്തിനും അടിസ്ഥാന സൗകര്യ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും പ്രാമുഖ്യം നല്കി നഗരത്തിന്റെ ആസൂത്രിത വികസനം സാധ്യമാക്കുകയെന്നതാണു വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ കാതല്‍. സാമൂഹ്യ സുരക്ഷയ്ക്കു പ്രാധാന്യം നല്കുന്ന ബജറ്റില്‍, വസ്തു നികുതി വര്‍ധനവിലൂടെ അധിക വരുമാനം സമാഹരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമുണ്ട്.
ഗതാഗത മേഖലയില്‍ എടുത്തു പറയത്തക്ക പുത്തന്‍ പദ്ധതികളൊന്നുമില്ല. എങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫണ്ട് ഉപയോഗിച്ചു തുടങ്ങിവച്ച സുപ്രധാന ഗതാഗത പദ്ധതികളെല്ലാം വരുന്ന സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമുണ്ട്. തമ്മനം – പുല്ലേപ്പടി റോഡ് വികസനം, പള്ളിമുക്ക് മുതല്‍ ഫൈന്‍ആര്‍ട്സ് റോഡ് വരെ 22 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും, എംജി റോഡിനെ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും, ഹൈക്കോടതി – ഗോശ്രീ റോഡിന്റെ തുടര്‍ച്ചയായി ചത്യാത്ത് പള്ളി മുതല്‍ കണ്ടെയ്നര്‍ റോഡ് വരെ പുതിയ റോഡ് നിര്‍മിക്കും തുടങ്ങിയവയാണു റോഡ് വികസനം സംബന്ധിച്ച പ്രധാന പദ്ധതികള്‍. ഇതടക്കം, ബജറ്റ് പ്രസംഗത്തില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള എല്ലാ റോഡ് വികസന പദ്ധതികള്‍ക്കുമായി 10 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന ജംക്ഷനുകള്‍ വികസിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പരസ്യാവകാശം നല്‍കിയാകും ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക.
ലണ്ടന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നഗരത്തിലെ കനാലുകള്‍ നവീകരിക്കും. കനാലുകളുടെ സംരക്ഷണത്തിനായി 60 ലക്ഷം രൂപ നീക്കിവച്ചു. ബ്രഹ്മപുരത്തെ നിലവിലുള്ള പ്ലാന്റ് പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ചു കോടി രൂപയുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ പുതിയ ആര്‍ഡിഎഫ് പ്ലാന്റ് സ്ഥാപിക്കും. കക്കൂസ് മാലിന്യങ്ങള്‍ ട്രീറ്റ് ചെയ്യുന്നതിനു സോണല്‍ സെപ്റ്റേജ് ട്രീറ്റിങ് യൂണിറ്റുകള്‍ സ്ഥാപിക്കും.
നഗരത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ഐഎംഎയുടെ സഹകരണത്തോടെ നഗരത്തിലെ മുഴുവന്‍ ചേരികളിലും 100% ഇമ്യുണൈസേഷന്‍ പദ്ധതി നടപ്പാക്കും.
നഗരത്തില്‍ സ്വന്തമായി ഭൂമിയുള്ള എല്ലാവര്ക്കും രണ്ടു വര്‍ഷത്തിനകം വീടുനിര്‍മിച്ചു നല്‍കും. വൈദ്യുതി, വെള്ളം, കക്കൂസ് സൗകര്യം എന്നിവ മുഴുവന്‍ വീടുകളിലും ഉറപ്പാക്കും. മത്സ്യഫെഡുമായി സഹകരിച്ചു മത്സ്യത്തൊഴിലാളികള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ്, തീരപ്രദേശത്തു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍, വായ്പാ സബ്സിഡി എന്നിവ നല്‍കും. കോര്‍പ്പറേഷന്റെ സ്നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
കാലോചിതമായി വസ്തു നികുതി പരിഷ്കരിക്കുമെന്നതാണു നികുതി സംബന്ധിച്ച പ്രധാന പ്രഖ്യാപനം. വ്യവസായ പ്രാധാന്യമുള്ള മേഖലകളില്‍ വസ്തുനികുതി ആനുപാതികമായി വര്‍ധിപ്പിക്കും. വസ്തു നികുതി ഇനത്തില്‍ വന്‍ കുടിശിക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ പിരിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. വസ്തു നികുതി വര്‍ധനവിലൂടെയും കുടിശിക സമാഹരണത്തിലൂടെയും 15 കോടി രൂപയാണ് വരുന്ന സാമ്പത്തിക വര്‍ഷം അധിക വരുമാനം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: